കാശ്മീർ : ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്ഥാനെതിരെ കടുത്ത നടപടിക്ക് ഇന്ത്യ തയ്യാറെടുക്കുകയാണ്. നയതന്ത്രബന്ധങ്ങൾ വിച്ഛേദിക്കാൻ പദ്ധതിയിടുന്നു. സൈനിക നടപടിയും ഇന്ത്യ പരിഗണിക്കുന്നുണ്ട്.
ആക്രമണത്തിന് പിന്നിലെ മുഖ്യസൂത്രധാരനായ ലഷ്കർ ഭീകരൻ സൈഫുള്ള കസൂരിയെ വിട്ടുനൽകാനും ഇന്ത്യ ആവശ്യപ്പെടും. പാകിസ്ഥാൻ സൈനിക മേധാവിയുടെ പ്രസ്താവനയ്‌ക്കെതിരെയും ഇന്ത്യ പ്രതിഷേധിക്കും. ആ പ്രസ്താവന ഗൂഢാലോചനയ്ക്ക് സഹായിച്ചുവെന്നാണ് ഇന്ത്യയുടെ നിലപാട്.
ഇന്ത്യയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരെ പുറത്താക്കുക, പാകിസ്ഥാനിലെ നയതന്ത്ര ദൗത്യത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കുക തുടങ്ങിയ നടപടികൾ ഇന്ത്യ സ്വീകരിക്കുമെന്ന് സൂചനയുണ്ട്. പാകിസ്ഥാൻ പൗരന്മാർക്ക് ഇന്ത്യയിലേക്ക് വരാൻ അനുവദിക്കുന്ന വിസകളും റദ്ദാക്കും.
പാകിസ്ഥാനിലേക്കുള്ള ഇന്ത്യക്കാരുടെ യാത്രയും നിരോധിക്കാം. പാകിസ്ഥാനുമായുള്ള എല്ലാ നേരിട്ടുള്ളതും പരോക്ഷവുമായ വ്യാപാരവും അനിശ്ചിതകാലത്തേക്ക് നിർത്തിവയ്ക്കും. പാകിസ്ഥാനിൽ നിന്ന് മറ്റൊരു രാജ്യം വഴി ഇന്ത്യയിലേക്കുള്ള ഇറക്കുമതിയും നിരോധിച്ചേക്കും.
കര, വ്യോമ, നാവിക സേനകൾ എന്തിനും സജ്ജമായിരിക്കണം. രാജ്യത്തെമ്പാടും ജാഗ്രത പാലിക്കാനും അതിർത്തിയിൽ സുരക്ഷ ശക്തമാക്കാനും നിർദേശമുണ്ട്. ഭീകരവാദികളുടെ നുഴഞ്ഞുകയറ്റം തടയാൻ കഴിയാതിരുന്നത് സംബന്ധിച്ചും സൈന്യത്തോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ഏത് അടിയന്തര സാഹചര്യത്തേയും നേരിടാൻ സജ്ജമായിരിക്കണമെന്ന് സൈന്യത്തിന് നിർദേശം. പ്രതിരോധമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിന് ശേഷമാണ് നിർദേശം നൽകിയത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, സായുധ സേനാ തലവന്മാർ എന്നിവരാണ് യോഗം ചേർന്നത്. ജമ്മുകശ്മീരിലെ സുരക്ഷാ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് രണ്ടര മണിക്കൂറാണ് ചർച്ച നടത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്