നിറം എന്ന മലയാള ചിത്രത്തിലെ എബിയും സോനയും പ്രേക്ഷകരുടെ ഫേവറിറ്റ് ലിസ്റ്റിൽ ഇടം പിടിച്ചവരാണ്. സോന നോ പറഞ്ഞ് എബിയോടൊപ്പം പോകുമ്പോൾ പ്രകാശിന് ഉണ്ടായത് എന്താണെന്ന് അന്ന് ആരും ചിന്തിച്ചിരുന്നില്ല. സോനയോട് തന്റെ പ്രണയം തുറന്നുപറഞ്ഞ് വിവാഹത്തിൻറെ വക്ക് വരെയെത്തിയിട്ടും ഒടുവിൽ അതു നടക്കാതെ നിരാശപ്പെടേണ്ടി വന്നു ക്യാമ്പസ്സുകളുടെ ഹരമായ ആ ഗായകന്. എന്തായാലും പുള്ളി ഡെസ്പ് ആയി ഇരുന്നില്ല. ചിത്രത്തിന് ശേഷമുള്ള പ്രകാശ് മാത്യുവിന്റെ ജീവിതം റീക്രിയേറ്റ് ചെയ്തിരിക്കുകയാണ് ഒരു യൂട്യൂബ് ചാനൽ.
കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായ മ്യൂസിക് വീഡിയോയായിരുന്നു സിക്‌സ് എയ്റ്റ് എന്ന യുട്യൂബ് ചാനൽ പുറത്തിറക്കിയ 'നിറം' സിനിമയിലെ 'പ്രായം നമ്മിൽ മോഹം നൽകി' എന്ന പാട്ടിന്റെ മിക്സ്. ദി വീക്കെൻഡിന്റെ സ്റ്റാർ ബോയ് പാട്ടുമായി മിക്സ് ചെയ്തിറക്കിയ വീഡിയോയ്ക്ക് രണ്ടര മില്യൺ കാഴ്ചക്കാരാണ് ഉണ്ടായത്. ഹൃദയം തകർന്നയിടത്തുനിന്നും ലോകവേദികളിലേക്കുള്ള പ്രകാശ് മാത്യുവിന്റെ കുതിപ്പാണ് വിഡിയോയിൽ ചിത്രീകരിച്ചിരിക്കുന്നത്. ശക്തമായ തിരിച്ചുവരവ് നടത്തിയ പ്രകാശ് മാത്യുവിന് വൻവരവേൽപ്പാണ് സമൂഹമാധ്യമങ്ങൾ നൽകുന്നത്.
ലക്ഷക്കണക്കിന് ആളുകൾ തടിച്ചു കൂടിയ വേദികളെ ആവേശം കൊള്ളിക്കുന്ന , സെലിബ്രിറ്റികളുടെ കൂടെ കറങ്ങി നടക്കുന്ന ലോകോത്തര ബ്രാന്റുകളുടെ അംബാസിഡറും അതിസമ്പന്നനുമൊക്കെയായ പ്രകാശ് മാത്യുവിനെ സിനിമയെ വെല്ലുന്ന രീതിയിലാണ് മിനുറ്റുകളിൽ അവതരിപ്പിച്ചിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ സോന ഇതൊക്കെ അറിയുന്നുണ്ടാകുമോ എന്ന പോലെയുള്ള കമന്റുകളുമുണ്ടായിരുന്നു. ഇത് പ്രകാശ് മാത്യുവിന്റെ രണ്ടാം വരവെന്ന് അഭിപ്രായപ്പെട്ടവരും ഏറെയാണ്.
വീഡിയോ പുറത്തിറങ്ങിയതിന് പിന്നാലെ ഇതിന്റെ മേക്കിങ്ങിനെ കുറിച്ച് വ്യാപക ചർച്ചകൾ ഉയർന്നിരുന്നു. എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിർമിച്ചതെന്നായിരുന്നു പ്രധാന വാദം. എന്നാൽ ഈ വാദത്തെ തള്ളുകയാണ് ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ഡിജെ സിക്സ്എയ്റ്റ് എന്നറിയപ്പെടുന്ന റൊമിനിക് സ്റ്റീഫൻ. പ്രകാശിന്റെ മുഖം സൃഷ്ടിച്ച് പല ആങ്കിളുകളിൽ ബ്ലെൻഡ് ചെയ്താണ് ഇവ നിർമിച്ചതെന്നും ഇതിന് വേണ്ടി 6500 ഫ്രെയിമുകൾ വരെ ട്രാക്ക് ചെയ്യേണ്ടി വന്നെന്നും ഡിജെ സിക്സ്എയ്റ്റ് ദി ഹിന്ദുവിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.
എഐ ആണ് ഇതെന്ന് പറയുന്നവരുണ്ട്. ഞങ്ങൾ കഷ്ടപെട്ടെടുത്ത വർക്കിന് എ ഐയ്ക്ക് ക്രെഡിറ്റ് കൊടുക്കുന്നത് കാണുമ്പോൾ വിഷമമുണ്ട്, ഒന്നര വർഷം പഠനത്തിനായും മൂന്ന് മാസം ഇതിന്റെ എഡിറ്റിങ്ങിനായും ഞങ്ങൾ എടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്