കാത്തിരുന്നവരെ നിരാശപ്പെടുത്താതെ അടിസ്ഥാന പലിശനിരക്ക് വെട്ടിക്കുറച്ചിരിക്കുകയാണ് യു.എസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ്. 0.25% ഇളവാണ് വരുത്തിയത്. തീരുമാനം പാസായത് ഒന്നിനെതിരെ 11 വോട്ടുകള്‍ക്കാണ്. ഇതോടെ 4.25-4.50 ശതമാനത്തില്‍ നിന്ന് പലിശ നിരക്ക് 4.00-4.25 ശതമാനമായി. നീണ്ട 9 മാസത്തെ കാത്തിരിപ്പിനൊടുവിലാണ് ഫെഡ് അടിസ്ഥാന പലിശനിരക്ക് വെട്ടിക്കുറച്ചത്.
ഈ വര്‍ഷത്തെ ആദ്യ ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തൊഴില്‍ മേഖല ശക്തിപ്പെടുത്താനാണ് തീരുമാനമെന്നാണ് ഫെഡ് ചെയര്‍മാന്‍ ജെറോം പവല്‍ വ്യക്തമാക്കിയത്. യു.എസില്‍ വാഹന, വ്യക്തിഗത, വിദ്യാഭ്യാസ വായ്പാപ്പലിശയും ക്രെഡിറ്റ് കാര്‍ഡ് പലിശയും കുറയാന്‍ സഹായിക്കുന്നതാണ് തീരുമാനം. വരും ദിവസങ്ങളില്‍ വിലക്കയറ്റം പിടിച്ച് നിര്‍ത്താന്‍ സഹായിക്കുന്ന സമാന നടപടികളുണ്ടായേക്കുമെന്നാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ മാസങ്ങളില്‍ തൊഴിലില്ലായ്മ നിരക്ക് കുത്തനെ കൂടിയതാണ് പലിശനിരക്ക് കുറയ്ക്കാന്‍ മുഖ്യകാരണമെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പലിശനിരക്ക് വെട്ടിക്കുറയ്ക്കണമെന്ന് ട്രംപ് നിരന്തരം സമ്മര്‍ദം ചെലുത്തുകയും ചെയ്തിരുന്നു. അതേസമയം, മിനിമം ഒരു ശതമാനമെങ്കിലും കുറയ്ക്കണമെന്നായിരുന്നു ട്രംപിന്റെ ആവശ്യം. 2025 ല്‍ തന്നെ രണ്ട് തവണ കൂടി പലിശനിരക്ക് കുറയ്ക്കുമെന്ന സൂചനയും ഫെഡ് നല്‍യിട്ടുണ്ട്. കൂടാതെ 2026ല്‍ ഒരു തവണയും കുറയ്ക്കും.
വിപണിയില്‍ സമ്മിശ്ര പ്രതികരണം
ഫെഡറല്‍ റിസര്‍വിന്റെ പലിശനയം പുറത്തുവന്നതിന് തൊട്ടുപിന്നാലെ യുഎസ് ഓഹരികള്‍ വന്‍ നേട്ടത്തിലേക്ക് കുതിച്ചുകയറിയെങ്കിലും പിന്നീട് തകിടംമറിഞ്ഞു. ഡൗ ജോണ്‍സ് 410 പോയിന്റ് (+0.9%) കയറി സര്‍വകാല ഉയരത്തിലെത്തിയിരുന്നെങ്കിലും പിന്നെ ഇടിഞ്ഞു. എസ് ആന്‍ഡ് പി500 സൂചിക 0.1 ശതമാനവും ഉയര്‍ന്നശേഷം 0.5% നഷ്ടത്തിലായി. നാസ്ഡാക് 0.3 ശതമാനത്തില്‍ നിന്ന് നഷ്ടം 0.9 ശതമാനത്തിലേക്ക് ഉയര്‍ത്തി.
അതേസമയം പലിശ നിരക്ക് വെട്ടിക്കുറച്ചത് താല്‍ക്കാലിക നടപടി മാത്രമാണെന്ന് ജെറോം പവല്‍ പറഞ്ഞതാണ് വിപണിയില്‍ തിരിച്ചടി സൃഷ്ടിച്ചതെന്നാണ് വിലയിരുത്തല്‍. നിലവില്‍ തൊഴില്‍ മേഖലയിലെ പ്രതിസന്ധി ഉള്‍പ്പെടെ അമേരിക്ക നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള റിസ്‌ക് മാനേജ്‌മെന്റ് മാത്രമാണ് നിലവിലെ പലിശയിളവെന്നാണ് പവല്‍ പറഞ്ഞത്. അതായത്, തുടര്‍ച്ചയായി പലിശനിരക്ക് കുറയ്ക്കുന്ന ട്രെന്‍ഡിലേക്ക് കടക്കാന്‍ കേന്ദ്രബാങ്ക് ഉദ്ദേശിക്കുന്നില്ലെന്ന് അര്‍ത്ഥം.
എന്‍വിഡിയയുടെ ചിപ് വേണ്ടെന്ന ചൈനയുടെ തീരുമാനം സൃഷ്ടിച്ച ആഘാതമാണ് ടെക് കമ്പനികള്‍ക്ക് പ്രാമുഖ്യമുള്ള നാസ്ഡാക്കിനെ നഷ്ടത്തില്‍ കൊണ്ടെത്തിച്ചത്. എന്‍വിഡിയ രണ്ട് ശതമാനമാണ് ഇടിഞ്ഞത്. അടിസ്ഥാന പലിശനിരക്ക് കുറഞ്ഞതോടെ അമേരിക്കയില് വായ്പാ പലിശ, ഇഎംഐ ഭാരങ്ങള്‍ കുറയും. നിലവില്‍ താരിഫ് യുദ്ധം മൂലം ജനങ്ങള്‍ നേരിടുന്ന വിലക്കയറ്റ ആഘാതത്തിന് പലിശയിളവുകൊണ്ട് തടയിടാനാകുമെന്നാണ് പ്രസിഡന്റ് കരുതുന്നത്. മാത്രമല്ല പലിശനിരക്ക് കുറച്ചാല്‍ ഭവന വില്‍പന കുതിച്ചുകയറുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.
അതേസമയം പലിശനിരക്ക് കുറച്ചത് സേവിങ്‌സ് ഡെപ്പോസിറ്റ്, എഫ്ഡി പലിശനിരക്കും താഴും. ഇത് ബാങ്ക് നിക്ഷേപങ്ങളെ ആശ്രയിക്കുന്നവര്‍ക്ക് തിരിച്ചടിയാണ്. 2020 ഫെബ്രുവരി മുതല്‍ 2022 ഫെബ്രുവരി വരെ അമേരിക്കയിലെ അടിസ്ഥാന പലിശനിരക്ക് 0-0.25 ശതമാനമായിരുന്നു. പണപ്പെരുപ്പം കുത്തനെ കൂടിയതിന് തടയിടാനായി 2023 ഓഗസ്റ്റ് വരെ ഘട്ടംഘട്ടമായി പലിശകൂട്ടി 5.25-5.50% വരെ ആക്കിയിരുന്നു. ഇതാണ് 2024 ല്‍ പടിപടിയായി കുറച്ചത്. എന്നാല്‍ ട്രംപ് വീണ്ടും അധികാരത്തിലേറിയ ശേഷം പലിശ നിരക്ക് കുറയ്ക്കാന്‍ ഫെഡറല്‍ റിസര്‍വ് തയാറായിരുന്നില്ല.
ചാഞ്ചാടി ഡോളറും ബോണ്ടും
പലിശ നിരക്ക് കാല്‍ ശതമാനം കുറയ്ക്കുകയും ഇനി ഈ വര്‍ഷം രണ്ട് തവണ കൂടി കുറയ്ക്കുമെന്ന് സൂചിപ്പിക്കുകയും ചെയ്തതിന് പിന്നാലെ തകര്‍ന്ന യുഎസ് ഡോളര്‍. യൂറോ, യന്‍, പൗണ്ട് തുടങ്ങി ലോകത്തെ 6 പ്രധാന കറന്‍സികള്‍ക്കെതിരായ യുഎസ് ഡോളര്‍ ഇന്‍ഡക്‌സ് 43 മാസത്തെ താഴ്ചയായ 96.30ലേക്ക് കൂപ്പുകുത്തി. ഇനി രണ്ടുതവണ കൂടി പലിശനിരക്ക് കുറച്ചാല്‍, അടിസ്ഥാന പലിശനിരക്ക് മൂന്നര ശതമാനത്തിലേക്കെങ്കിലും താഴും.
മാത്രമല്ല പലിശ കുറയുന്നതിന് ആനുപാതികമായി യുഎസ് ഗവണ്‍മെന്റിന്റെ കടപ്പത്ര ആദായ നിരക്കും ഇടിയും. അതോടെ, അവയിലേക്കുള്ള നിക്ഷേപവും കുറയും. ഈ ഭീതിയാണ് ഡോളറിനെ തളര്‍ത്തുന്നത്. 10-വര്‍ഷ ട്രഷറി യീല്‍ഡ് 4.05ല്‍ നിന്ന് 4.03 ശതമാനത്തിലേക്ക് ഇടിഞ്ഞു. ട്രംപ് ജനുവരിയില്‍ അധികാരത്തിലേറുമ്പോള്‍ ഇത് 4.8 ശതമാനമായിരുന്നു. യുഎസ് ഡോളര്‍ ഇന്‍ഡക്‌സ് 110 ശതമാനത്തിനടത്തും.
ഇന്ത്യന്‍ റുപ്പിക്ക് നേട്ടം
യുഎസ് കടപ്പത്രങ്ങളുടെ ഇടിവ് ഇന്ത്യയുള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങളിലേക്ക് വിദേശ നിക്ഷേപമൊഴുകാന്‍ സഹായിക്കും. എന്നാല്‍ പവലിന്റെ റിസ്‌ക് മാനേജ്‌മെന്റ് കട്ട് പരാമര്‍ശത്തിന് പിന്നാലെ ഡോളറും ബോണ്ടും തിരിച്ചുകയറ്റം തുടങ്ങി.
കുതിച്ചുയര്‍ന്ന് സ്വര്‍ണം
ഫെഡിന്റെ പ്രഖ്യാപനത്തിന് പിന്നാലെ രാജ്യാന്തര സ്വര്‍ണ വില ഔണ്‍സിന് ചരിത്രത്തിലാദ്യമായി 3,700 ഡോളര്‍ ഭേദിച്ച് കുതിച്ചുയര്‍ന്നു. ഒരു ഘട്ടത്തില്‍ 3,704.53 ഡോളര്‍ വരെ വിലയെത്തിയെങ്കിലും തൊട്ടുപിന്നാലെ ലാഭമെടുപ്പ് ആഞ്ഞടിച്ചു. ഒരു ഘട്ടത്തില്‍ 40 ഡോളര്‍ ഇടിഞ്ഞ് 3,648 ഡോളറിലായിരുന്നു. ലാഭമെടുപ്പ് തുടരുകയാണെങ്കില്‍ സ്വര്‍ണവില നഷ്ടത്തില്‍തന്നെ നില്‍ക്കും.
പണനയത്തെ എതിര്‍ത്ത ആ ഒരാള്‍ ആരാണ് ?
അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കാന്‍ യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പണനയ നിര്‍ണയ സമിതി തീരുമാനിച്ചത് ഒന്നിനെതിരെ 11 വോട്ടുകള്‍ക്കാണ്. ഈ തീരുമാനത്തെ എതിര്‍ക്കുകയായിരുന്നു ഒരാള്‍. പ്രസിഡന്റ് ട്രംപ് ഫെഡറല്‍ റിസര്‍വ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിലേക്കും ഫെഡറല്‍ റിസര്‍വിന്റെ ഗവര്‍ണറായും അടുത്തിടെ നിയമിച്ച സ്റ്റീഫന്‍ മിറാന്‍ ആണ് ആ ഒരാള്‍. ട്രംപിന്റെ വിശ്വസ്തന്‍ എന്നതിന് പുറമേ, ട്രംപ് ഭരണകൂടത്തിന്റെ സാമ്പത്തിക ഉപദേശക സമിതി ചെയര്‍മാനാണ് അദ്ദേഹം. പലിശനിരക്ക് അര ശതമാനം കുറയ്ക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്