ടൊറന്റോ: കഴിഞ്ഞ വാരം കാനഡ സാങ്കേതികമായി സാമ്പത്തിക മാന്ദ്യത്തിലേക്ക് വീണെങ്കിലും, രാജ്യം അതിവേഗം ഇതില്‍ നിന്നും മുക്തമാകുമെന്ന് സാമ്പത്തിക സഹകരണത്തിനും വികസനത്തിനുമുള്ള അന്താരാഷ്ട്ര സംഘടനയായ ഒ.ഇ.സി.ഡി വ്യക്തമാക്കുന്നു. ബുധനാഴ്ച പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് കാനഡയുടെ ജി.ഡി.പി വളര്‍ച്ച ഈ വര്‍ഷം അവസാനത്തോടെ വീണ്ടെടുക്കുമെന്നും 2027 ഓടെ രാജ്യം ശക്തമായ സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്നും പ്രവചിക്കുന്നത്.
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ താരിഫ് നയങ്ങള്‍ കനേഡിയന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ പ്രഹരമേല്‍പ്പിച്ചിരുന്നു. എന്നാല്‍ ഈ പ്രതിസന്ധികളെ മറികടന്ന് 2026 അവസാനത്തോടെ കാനഡയുടെ ജി.ഡി.പി വളര്‍ച്ച 1.2 ശതമാനത്തിലും, 2027 ഓടെ 1.7 ശതമാനത്തിലും എത്തുമെന്നാണ് ഒ.ഇ.സി.ഡി വിലയിരുത്തുന്നത്.
കാനഡയിലെ ജനങ്ങളുടെ ദൈനംദിന ചെലവിടലുകള്‍ വര്‍ദ്ധിക്കുന്നത് വിപണിക്ക് ഉണര്‍വേകും. അതേപോലെ പ്രതിരോധ മേഖലയിലും അടിസ്ഥാന സൗകര്യ വികസനത്തിനുമായി സര്‍ക്കാര്‍ നടത്തുന്ന വലിയ നിക്ഷേപങ്ങള്‍ സമ്പദ്‌വ്യവസ്ഥയെ താങ്ങിനിര്‍ത്തും. കാനഡ ഒരു പ്രധാന ഊര്‍ജ്ജ കയറ്റുമതി രാജ്യമാണ്. മിഡില്‍ ഈസ്റ്റിലെ നിലവിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കാരണം ആഗോള വിപണിയില്‍ ഇന്ധന വില ഉയരുന്നത് കാനഡയുടെ കയറ്റുമതി വരുമാനം വര്‍ധിപ്പിക്കാന്‍ സഹായിക്കും.
ഇന്ധനവില വര്‍ധനവ് കാരണം വരും മാസങ്ങളില്‍ രാജ്യത്ത് പണപ്പെരുപ്പം നേരിയ തോതില്‍ ഉയര്‍ന്നേക്കാമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത് ബാങ്ക് ഓഫ് കാനഡയുടെ ലക്ഷ്യമായ 2 ശതമാനത്തിലേക്ക് തന്നെ തിരിച്ചെത്തും. അതുകൊണ്ടുതന്നെ പലിശ നിരക്കുകളില്‍ പെട്ടെന്നൊരു മാറ്റം വരുത്താതെ ബാങ്ക് ഓഫ് കാനഡ നിലവില്‍ വളരെ ജാഗ്രതയോടെയുള്ള കാത്തിരുന്ന് കാണുക എന്ന നയമായിരിക്കും സ്വീകരിക്കുകയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
തുടര്‍ച്ചയായി രണ്ട് പാദങ്ങളില്‍ സാമ്പത്തിക വളര്‍ച്ചാ നിരക്ക് നെഗറ്റീവ് രേഖപ്പെടുത്തുമ്പോഴാണ് അതിനെ സാങ്കേതികമായി സാമ്പത്തിക മാന്ദ്യം എന്ന് വിളിക്കുന്നത്. സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ കണക്കുകള്‍ പ്രകാരം 2025 ന്റെ അവസാന പാദത്തില്‍ ജി.ഡി.പി നിരക്ക് ഒരു ശതമാനം ഇടിഞ്ഞിരുന്നു. തൊട്ടുപിന്നാലെ 2026 ന്റെ ആദ്യ പാദത്തില്‍ 0.1 ശതമാനം ഇടിവ് കൂടി രേഖപ്പെടുത്തിയതോടെയാണ് രാജ്യം സാങ്കേതിക മാന്ദ്യത്തിലായത്.
എന്നിരുന്നാലും ഒക്ടോബര്‍, മാര്‍ച്ച് മാസങ്ങളിലെ ചെറിയ ഇടിവുകളാണ് വാര്‍ഷിക നിരക്കിലേക്ക് കണക്കാക്കുമ്പോള്‍ വലിയ ഇടിവായി തോന്നുന്നതെന്നും, അതിനിടയിലുള്ള നാല് മാസങ്ങളിലും രാജ്യത്തെ സാമ്പത്തിക രംഗം സ്ഥിരത പുലര്‍ത്തിയിരുന്നുവെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഒ.ഇ.സി.ഡിയുടെ പുതിയ റിപ്പോര്‍ട്ട് കനേഡിയന്‍ ബിസിനസ് മേഖലയ്ക്കും നിക്ഷേപകര്‍ക്കും വലിയ ആശ്വാസമാണ് നല്‍കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
