റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ വന്‍ മാറ്റം: ടൊറന്റോയില്‍ ലക്ഷ്വറി വീടുകളുടെ വില്പന ഇടിഞ്ഞു; ആല്‍ബര്‍ട്ടയിലേക്ക് ആളൊഴുക്ക്

JUNE 17, 2026, 7:40 PM

ടൊറന്റോ: കാനഡയിലെ റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ പ്രവാസികളെയും നിക്ഷേപകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന തരത്തില്‍ വലിയ പ്രാദേശിക മാറ്റങ്ങള്‍ പ്രകടമാകുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തെ ഏറ്റവും വലിയ നഗരങ്ങളായ ടൊറന്റോ, വാന്‍കൂവര്‍ എന്നിവിടങ്ങളില്‍ ലക്ഷ്വറി ഭവനങ്ങളുടെ വില്പനയില്‍ വലിയ ഇടിവ് രേഖപ്പെടുത്തിയപ്പോള്‍, ആല്‍ബര്‍ട്ട പ്രവിശ്യയിലെ നഗരങ്ങളിലേക്ക് വന്‍കിട നിക്ഷേപകരും വീട് വാങ്ങുന്നവരും കൂട്ടമായി ചേക്കേറുന്നതായാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.

പ്രമുഖ ആഗോള റിയല്‍ എസ്റ്റേറ്റ് ശൃംഖലയായ റെമാക്‌സ് കാനഡ പുറത്തുവിട്ട ഏറ്റവും പുതിയ '2026 സ്പ്രിങ്/സമ്മര്‍ സ്‌പോട്ട്ലൈറ്റ് ഓണ്‍ ലക്ഷ്വറി റിപ്പോര്‍ട്ടിലാണ്' കാനഡയിലെ സമ്പന്നരായ ഉപഭോക്താക്കളുടെ ഈ പുതിയ നീക്കത്തെക്കുറിച്ചുള്ള വിവരങ്ങളുള്ളത്. കാനഡയിലെ പ്രധാന സാമ്പത്തിക ഹബ്ബായ ഗ്രേറ്റര്‍ ടൊറന്റോ ഏരിയയില്‍ ഉയര്‍ന്ന വിലയുള്ള ആഡംബര വീടുകളുടെ (3 മില്യണ്‍ ഡോളറിന് മുകളിലുള്ളവ) വില്പനയില്‍ 16.9 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 361 ലക്ഷ്വറി വീടുകള്‍ വിറ്റുപോയ സ്ഥാനത്ത് ഈ വര്‍ഷം ആദ്യ നാല് മാസങ്ങളില്‍ അത് 300 ആയി കുറഞ്ഞു. കനത്ത നികുതികളും ഉയര്‍ന്ന ജീവിതച്ചെലവുമാണ് ടൊറന്റോയില്‍ നിന്നും വാന്‍കൂവറില്‍ നിന്നും വന്‍കിട ബയര്‍മാരെ പിന്നോട്ട് വലിക്കുന്നത്.

ആല്‍ബര്‍ട്ടയിലെ നഗരങ്ങള്‍ക്ക് വന്‍ കുതിപ്പ് (എഡ്മണ്ടനില്‍ 47.7 ശതമാനം വളര്‍ച്ച)

ടൊറന്റോയും വാന്‍കൂവറും തണുത്തുറയുമ്പോള്‍ ആല്‍ബര്‍ട്ടയിലെ നഗരങ്ങള്‍ റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ വന്‍ കുതിപ്പാണ് നടത്തുന്നത്. പ്രത്യേകിച്ച് എഡ്മണ്ടന്‍ നഗരം രാജ്യത്ത് തന്നെ ഒന്നാം സ്ഥാനത്താണ്. എഡ്മണ്ടനില്‍ ലക്ഷ്വറി വീടുകളുടെ വില്പനയില്‍ 47.7 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 1.5 മില്യണ്‍ ഡോളറിന് മുകളിലുള്ള 65 പ്രോപ്പര്‍ട്ടികളാണ് ഈ വര്‍ഷം ആദ്യ നാല് മാസങ്ങളില്‍ ഇവിടെ വിറ്റുപോയത്.

ആല്‍ബര്‍ട്ടയിലെ മറ്റൊരു പ്രമുഖ നഗരമായ കാല്‍ഗറിയിലും ആഡംബര വീടുകളുടെ വില്പനയില്‍ 13.5 ശതമാനം വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.

എന്തുകൊണ്ട് ആളുകള്‍ ആല്‍ബര്‍ട്ടയിലേക്ക് മാറുന്നു?

കാനഡയിലെ മറ്റ് പ്രവിശ്യകളില്‍ നിന്നുള്ള ആഭ്യന്തര കുടിയേറ്റമാണ് ആല്‍ബര്‍ട്ടയിലെ വിപണിയെ സജീവമാക്കുന്നത്. ഇതിന് പിന്നില്‍ പ്രധാനമായും മൂന്ന് കാരണങ്ങളാണുള്ളത്.

1. കുറഞ്ഞ വിലയ്ക്ക് വലിയ സൗകര്യങ്ങള്‍: ടൊറന്റോയില്‍ ഒരു സാധാരണ വീട് വില്‍ക്കുന്ന പണം ഉണ്ടെങ്കില്‍ ആല്‍ബര്‍ട്ടയില്‍ എല്ലാ ആധുനിക സൗകര്യങ്ങളുമുള്ള വലിയ ബംഗ്ലാവുകളോ ഏക്കര്‍ കണക്കിന് സ്ഥലമോ വാങ്ങാന്‍ സാധിക്കും. ബാക്കി തുക ബാങ്ക് അക്കൗണ്ടില്‍ സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്യാം.

2. സാമ്പത്തിക വൈവിധ്യവല്‍ക്കരണം: ആല്‍ബര്‍ട്ട മുന്‍പ് എണ്ണ-വാതക മേഖലയെ മാത്രം ആശ്രയിച്ചിരുന്ന പ്രവിശ്യയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഐടി, അത്യാധുനിക നിര്‍മാണ മേഖലകള്‍, ലോജിസ്റ്റിക്‌സ് എന്നിവയുടെ വളര്‍ച്ചയോടെ ഉയര്‍ന്ന ശമ്പളം വാങ്ങുന്ന പ്രൊഫഷണലുകളുടെ പ്രധാന കേന്ദ്രമായി ആല്‍ബര്‍ട്ട മാറി.

3. ജീവിതശൈലിയിലെ മാറ്റം: ജനസാന്ദ്രതയേറിയ ടൊറന്റോ നഗരങ്ങളിലെ തിരക്കുകളില്‍ നിന്ന് മാറി പ്രകൃതിരമണീയമായ സ്ഥലങ്ങള്‍, വാട്ടര്‍ഫ്രണ്ട് പ്രോപ്പര്‍ട്ടികള്‍, വലിയ വ്യക്തിഗത സൗകര്യങ്ങളുള്ള ടേണ്‍കീ(Turnkey- താമസം തുടങ്ങാന്‍ പാകത്തിലുള്ള) വീടുകള്‍ എന്നിവയ്ക്കാണ് സമ്പന്നര്‍ ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്.

കാനഡയിലെ റിയല്‍ എസ്റ്റേറ്റ് വിപണി ചുരുങ്ങുകയല്ല, മറിച്ച് ടൊറന്റോ പോലുള്ള മെട്രോ നഗരങ്ങളില്‍ നിന്ന് മിഡ്-സൈസ് നഗരങ്ങളിലേക്ക് സമ്പത്ത് വികേന്ദ്രീകരിക്കപ്പെടുകയാണെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. കാനഡയിലെ മലയാളി കുടിയേറ്റക്കാര്‍ക്കും നിക്ഷേപകര്‍ക്കും വരും ദിവസങ്ങളില്‍ വലിയ അവസരങ്ങള്‍ തുറന്ന് നല്‍കുന്നതാണ് ആല്‍ബര്‍ട്ടയിലെ ഈ പുതിയ വിപണി മാറ്റങ്ങള്‍.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam