ഒന്റാറിയോയില്‍ കൂടുതല്‍ ഹൈവേകളില്‍ വേഗത പരിധി 110 കിലോമീറ്ററാക്കി ഉയര്‍ത്തുന്നു; യാത്രാ സമയം ഗണ്യമായി കുറയും

JUNE 25, 2026, 8:51 PM

ടൊറന്റോ: കാനഡയിലെ ഒന്റാറിയോ പ്രവിശ്യയിലെ പ്രമുഖ ഹൈവേകളില്‍ അനുവദനീയമായ പരമാവധി വേഗത വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. നിലവിലുള്ള 100 കിലോമീറ്റര്‍ വേഗത പരിധി 110 കിലോമീറ്ററായാണ് ഉയര്‍ത്തുന്നത്. പ്രവിശ്യയിലെ 938 കിലോമീറ്റര്‍ ഹൈവേ പാതകളിലാണ് പുതിയ മാറ്റം പ്രാബല്യത്തില്‍ വരികയെന്ന് ഗതാഗത മന്ത്രി പ്രഭ്മീത് സര്‍ക്കാരിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ജൂണ്‍ 26 വെള്ളിയാഴ്ച മുതല്‍ കിഴക്കന്‍ ഒന്റാറിയോയിലെ ഹൈവേ 401, ഹൈവേ 416 എന്നിവയുടെ ചില ഭാഗങ്ങളില്‍ പുതിയ വേഗത പരിധി നിലവില്‍ വരും. തുടര്‍ന്ന് സെപ്റ്റംബര്‍ അവസാനത്തോടെ ഹൈവേ 401 ന്റെ മറ്റ് ഭാഗങ്ങള്‍, ക്വീന്‍ എലിസബത്ത് വേ, ഹൈവേ 402, 403, 416, 417 എന്നിവയിലേക്കും ഈ മാറ്റം വ്യാപിപ്പിക്കും. യാത്രാ സമയം ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കുന്ന ഈ നടപടി ലക്ഷക്കണക്കിന് യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും വലിയ തോതില്‍ പ്രയോജനം ചെയ്യുമെന്ന് കിംഗ് സിറ്റിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഗതാഗത മന്ത്രി വ്യക്തമാക്കി.

നിലവില്‍ പ്രവിശ്യയിലെ ഹൈവേ ശൃംഖലയുടെ 43 ശതമാനം ഭാഗത്ത് മാത്രമാണ് 110 കി.മീ വേഗത അനുവദിച്ചിട്ടുള്ളത്. പുതിയ പരിഷ്‌കാരം പൂര്‍ത്തിയാകുന്നതോടെ ഇത് 89 ശതമാനമായി ഉയരും. സുരക്ഷ മുന്‍നിര്‍ത്തിയും മുന്‍പ് നടത്തിയ പരീക്ഷണങ്ങളുടെ വിജയകരമായ ഫലങ്ങള്‍ വിലയിരുത്തിയുമാണ് ഈ തീരുമാനം. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 800 കിലോമീറ്ററിലധികം പാതകളില്‍ വേഗത പരിധി 110 കിലോമീറ്ററായി ഉയര്‍ത്തിയിരുന്നെങ്കിലും അവിടെയൊന്നും അപകട മരണങ്ങളില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടില്ലെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

പുതിയ വേഗത പരിധി നടപ്പിലാകുന്നതോടെ സാര്‍നിയയില്‍ നിന്ന് ടൊറന്റോയിലേക്കുള്ള യാത്രയില്‍ 20 മിനിറ്റോളം ലാഭിക്കാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. അതുപോലെ ടൊറന്റോയില്‍ നിന്ന് ഓട്ടവയിലേക്കുള്ള യാത്രാ സമയത്തില്‍ അരമണിക്കൂറോളം കുറവുണ്ടാകും. നിലവില്‍ നിര്‍മാണത്തിലിരിക്കുന്ന ബ്രാഡ്ഫോര്‍ഡ് ബൈപാസ്, ഹൈവേ 413 എന്നിവയും 110 കിലോമീറ്റര്‍ വേഗതയ്ക്ക് അനുയോജ്യമായ രീതിയിലാണ് രൂപകല്‍പ്പന ചെയ്യുന്നത്.

ഹൈവേകളില്‍ സുരക്ഷിതമായി വേഗത വര്‍ധിപ്പിക്കാന്‍ സാധിക്കുന്ന ഭാഗങ്ങളെക്കുറിച്ച് പഠിക്കാന്‍ 2024 ല്‍ പ്രീമിയര്‍ ഡഗ് ഫോര്‍ഡ് ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ കര്‍ശനമായ സാങ്കേതിക പരിശോധനകള്‍ക്കും അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്കും ശേഷമാണ് പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam