കുട്ടികളുടെ സുരക്ഷയ്ക്ക് പുതിയ നിയമം; 16 വയസില്‍ താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിക്കാന്‍ കാനഡ

JUNE 10, 2026, 10:24 PM


ഒട്ടാവ: കൗമാരക്കാരുടെ മാനസികാരോഗ്യവും ഡിജിറ്റല്‍ സുരക്ഷയും മുന്‍നിര്‍ത്തി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് കടുത്ത നിയന്ത്രണമേര്‍പ്പെടുത്താന്‍ ഒരുങ്ങി കനേഡിയന്‍ സര്‍ക്കാര്‍. 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിര്‍മ്മിക്കുന്നത് തടയാന്‍ കമ്പനികള്‍ക്ക് നിയമപരമായ ബാധ്യത നല്‍കുന്ന പുതിയ ബില്‍ ഫെഡറല്‍ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. 'സേഫ് സോഷ്യല്‍ മീഡിയ ആക്ട്' എന്ന് പേരിട്ടിരിക്കുന്ന ഈ ബില്ലില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ്ബോട്ടുകള്‍ക്കും കര്‍ശന നിയന്ത്രണങ്ങള്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.

മാതാപിതാക്കളും കുട്ടികളുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന സംഘടനകളും ദീര്‍ഘകാലമായി ഉന്നയിക്കുന്ന ആവശ്യ പരിഗണിച്ചാണ് സര്‍ക്കാര്‍ ഈ നിര്‍ണായക നീക്കം നടത്തിയത്. ഫേസ്ബുക്ക്, എക്‌സ്, ലൈവ് സ്ട്രീമിങ് സൈറ്റുകള്‍, അശ്ലീല ഉള്ളടക്കങ്ങള്‍ പങ്കുവെക്കുന്ന അഡല്‍റ്റ് വെബ്സൈറ്റുകള്‍ എന്നിവയ്ക്കാണ് ഈ നിയന്ത്രണം ബാധകം. എന്നാല്‍ ഗൂഗിള്‍ പോലുള്ള സെര്‍ച്ച് എഞ്ചിനുകളെ ഇതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ ശക്തമായ മുന്‍കരുതലുകള്‍ എടുത്തിട്ടുള്ള കമ്പനികള്‍ക്ക് ഭാവിയില്‍ ഈ നിരോധനത്തില്‍ നിന്ന് ഇളവ് തേടാം. എന്നാല്‍ അശ്ലീല ഉള്ളടക്കങ്ങള്‍ നല്‍കുന്ന സൈറ്റുകള്‍ക്ക് ഇത്തരം യാതൊരു ഇളവുകളും ലഭിക്കില്ല.

ഉപയോക്താക്കള്‍ക്ക് 16 വയസ്സില്‍ താഴെയല്ല എന്ന് ഉറപ്പുവരുത്താന്‍ കമ്പനികള്‍ ഫലപ്രദമായ പ്രായപരിശോധനാ രീതികള്‍ ഉപയോഗിക്കണം. എന്നാല്‍ ഇതിനായി ഏത് സാങ്കേതികവിദ്യ ഉപയോഗിക്കണമെന്ന് ബില്ലില്‍ കൃത്യമായി പറയുന്നില്ല. പുതിയ ബില്ലില്‍ ചാറ്റ്ബോട്ടുകള്‍ക്ക് പ്രായപരിധി നിശ്ചയിച്ചിട്ടില്ലെങ്കിലും, അവ ഉത്തരവാദിത്തത്തോടെ പെരുമാറണം എന്ന നിബന്ധന മുന്നോട്ട് വെക്കുന്നുണ്ട്. കുട്ടികളെ ദോഷകരമായി ബാധിക്കുന്ന ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കാന്‍ ചാറ്റ്ബോട്ട് നിര്‍മ്മാതാക്കള്‍ ബാധ്യസ്ഥരാണ്.

ഏതെങ്കിലും ഉപയോക്താവ് സ്വയം ഉപദ്രവിക്കാനോ മറ്റുള്ളവരെ അക്രമിക്കാനോ ഉള്ള താല്പര്യം ചാറ്റ്ബോട്ടുമായി പങ്കുവെച്ചാല്‍ ഉടന്‍ തന്നെ കമ്പനികള്‍ അടിയന്തര ഇടപെടല്‍ നടത്തണം. കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ ഉപയോക്താക്കളെ പ്രേരിപ്പിക്കുന്നതില്‍ നിന്നും എഐ ചാറ്റ്ബോട്ടുകളെ നിയമപരമായി വിലക്കിയിട്ടുണ്ട്. ഈ നിയമം കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഒരു സ്വതന്ത്ര ഡിജിറ്റല്‍ സേഫ്റ്റി കമ്മീഷന്‍ രൂപീകരിക്കും. കമ്മീഷന്‍ നിലവില്‍ വരുന്നതിന് മുന്‍പ് തന്നെ വലിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ (ഉദാഹരണത്തിന് എക്‌സ്) ഈ നിരോധനം പ്രാബല്യത്തില്‍ വരുത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

എല്ലാ സോഷ്യല്‍ മീഡിയ കമ്പനികളും തങ്ങളുടെ ഡിജിറ്റല്‍ സുരക്ഷാ പ്ലാന്‍ ഈ കമ്മീഷന് മുന്‍പാകെ സമര്‍പ്പിക്കേണ്ടതുണ്ട്. ഉപയോക്താക്കളുടെ പരാതികള്‍ പരിഹരിക്കാനും നിയമം ലംഘിക്കുന്ന കമ്പനികള്‍ക്കെതിരെ നടപടിയെടുക്കാനും ഈ കമ്മീഷന് പൂര്‍ണ്ണ അധികാരമുണ്ടായിരിക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam