യുഎസ്-ഇസ്രായേല്‍ ആക്രമണത്തിലും കുലുങ്ങാതെ ഇറാന്‍; ആണവ പദ്ധതിയില്‍ മാറ്റമില്ലെന്ന് ഐഎഇഎ

JUNE 4, 2026, 11:18 AM

വിയന്ന: യുഎസും ഇസ്രായേലും നടത്തുന്ന വ്യോമാക്രമണങ്ങള്‍ മൂന്ന് മാസം പിന്നിടുമ്പോഴും ഇറാന്റെ ആണവ പദ്ധതിയുടെ വ്യാപ്തിയില്‍ കാര്യമായ മാറ്റമില്ലെന്ന് അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി (ഐഎഇഎ). ആണവായുധ നിര്‍മ്മാണം തടയുകയെന്ന പ്രഖ്യാപിത ലക്ഷ്യത്തോടെയാണ് സഖ്യസേന ആക്രമണം നടത്തുന്നതെങ്കിലും ഇറാന്റെ ആണവ നിലപാടുകളില്‍ മാറ്റമൊന്നുമില്ലെന്നാണ് യുഎന്‍ ആണവ കാവല്‍ക്കാരുടെ പുതിയ രഹസ്യ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

വ്യാഴാഴ്ച അംഗ രാജ്യങ്ങള്‍ക്ക് കൈമാറിയ റിപ്പോര്‍ട്ടിന്റെ വിവരങ്ങള്‍ രാജ്യാന്തര മാധ്യമങ്ങള്‍ പുറത്തുവിട്ടു. ഫെബ്രുവരി അവസാനം യുഎസും ഇസ്രായേലും രണ്ടാം ഘട്ട ആക്രമണം ആരംഭിച്ചതിന് ശേഷം ആണവ പദ്ധതിയെക്കുറിച്ച് ഐഎഇഎ പുറത്തുവിടുന്ന ആദ്യ റിപ്പോര്‍ട്ടാണിത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ യുഎസ്-ഇസ്രായേല്‍ ബോംബാക്രമണത്തിന് ഇരയായ പ്രധാന ആണവ നിലയങ്ങളിലേക്ക് മടങ്ങാന്‍ ഐഎഇഎ നിരീക്ഷകര്‍ക്ക് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. ഈ കേന്ദ്രങ്ങളിലുണ്ടായിരുന്ന സമ്പുഷ്ടീകരിച്ച യൂറേനിയം ശേഖരം ഇപ്പോള്‍ എവിടെയാണെന്ന് വ്യക്തമാക്കാന്‍ ഇറാന്‍ തയ്യാറായിട്ടുമില്ല.

നിലവില്‍ ഇറാന്റെ കൈവശം 60 ശതമാനം വരെ ശുദ്ധീകരിച്ച 440.9 കിലോഗ്രാം യൂറേനിയം ശേഖരമുണ്ടെന്നാണ് കണക്കാക്കുന്നത്. ഇത് ആണവായുധ നിര്‍മാണത്തിന് ആവശ്യമായ 90 ശതമാനം ശുദ്ധീകരണത്തിലേക്ക് എത്തിക്കാന്‍ വളരെ ചുരുങ്ങിയ സമയം മാത്രം മതി. ഫെബ്രുവരിക്ക് ശേഷം ഏജന്‍സിക്ക് പരിശോധന നടത്താന്‍ സാധിച്ചത് ബുഷെഹറിലെ സിവിലിയന്‍ ആണവോര്‍ജ്ജ നിലയത്തില്‍ മാത്രമാണ് (ജൂണ്‍ 1-3 തീയതികളില്‍).

റഷ്യയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഇവിടെ വൈദ്യുതി ഉത്പാദനത്തിന് ആവശ്യമായ 4.5% മാത്രമാണ് സമ്പുഷ്ടീകരണ തോത്. ഒരു വര്‍ഷത്തോളമായി പ്രധാന നിലയങ്ങളില്‍ പരിശോധന നടത്താന്‍ കഴിയാത്തതിനാല്‍ ആണവ സാമഗ്രികളുടെ കൃത്യമായ അളവോ സ്വഭാവമോ കണ്ടെത്താനാകാത്ത അവസ്ഥയിലാണ് ഏജന്‍സി. ഇതിനെ അതീവ ഗുരുതരമായ ആണവ വ്യാപന ഭീഷണി ആയാണ് ഏജന്‍സി കണക്കാക്കുന്നത്.

ഇറാന്റെ യൂറേനിയം ശേഖരം പൂര്‍ണമായി വിട്ടൊഴിയണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെടുമ്പോള്‍, ആണവ നിയന്ത്രണങ്ങള്‍ തങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നാണ് ഇറാന്റെ നിലപാട്. നിലവില്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രാഥമിക ചര്‍ച്ചകളില്‍ ആണവ വിഷയം തല്‍ക്കാലം മാറ്റിവെച്ചുകൊണ്ടുള്ള നീക്കങ്ങളാണ് നടക്കുന്നത്. എന്നാല്‍ ആണവ നിര്‍വ്യാപന കരാര്‍ പ്രകാരമുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ നടപ്പിലാക്കുന്നത് ഇറാന്‍ ഒരു സാഹചര്യത്തിലും നിര്‍ത്തിവെക്കരുതെന്നും അടിയന്തരമായി ഏജന്‍സിയുമായി സഹകരിക്കണമെന്നും ഐഎഇഎ ഡയറക്ടര്‍ ജനറല്‍ റാഫേല്‍ ഗ്രോസി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അടുത്ത ആഴ്ച ചേരുന്ന 35 രാഷ്ട്രങ്ങളുടെ ഐഎഇഎ ഗവേണിങ് ബോര്‍ഡ് യോഗത്തില്‍ ഈ റിപ്പോര്‍ട്ട് പ്രധാന ചര്‍ച്ചാവിഷയമാകും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam