ലണ്ടന്‍: പീഡന ആരോപണങ്ങളെത്തുടര്‍ന്ന് പിതാവ് തോമസ് മാര്‍ക്കലുമായുള്ള എല്ലാ ബന്ധങ്ങളും ഡച്ചസ് ഓഫ് സസെക്‌സ് മേഘന്‍ മാര്‍ക്കില്‍ പൂര്‍ണ്ണമായി വിച്ഛേദിച്ചു. തന്റെ മക്കളെ തോമസ് മാര്‍ക്കല്‍ ഒരിക്കലും കാണില്ലെന്നും താന്‍ മേലില്‍ അദ്ദേഹവുമായി ബന്ധപ്പെടില്ലെന്നും കഴിഞ്ഞ വര്‍ഷം അയച്ച കത്തിലൂടെ മേഘന്‍ വ്യക്തമാക്കിയതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ഫിലിപ്പീന്‍സിലെ അദ്ദേഹത്തിന്റെ മുന്‍ വസതിയില്‍ നിന്ന് കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ചിത്രങ്ങള്‍ കണ്ടെത്തിയെന്ന വിവരത്തെ തുടര്‍ന്നാണ് മേഘന്‍ ഈ കടുത്ത തീരുമാനത്തിലേക്ക് എത്തിയത്.
മേഘന്റെ അര്‍ദ്ധ സഹോദരന്‍ തോമസ് മാര്‍ക്കല്‍ ജൂനിയറാണ് ഫിലിപ്പീന്‍സിലെ വസതിയില്‍ നിന്ന് ഈ ദൃശ്യങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് അദ്ദേഹം യു.എസ് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനെ (എഫ്.ബി.ഐ) വിവരം അറിയിക്കുകയും, എഫ്.ബി.ഐ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. വിഷയത്തില്‍ ഫിലിപ്പീന്‍സ് മനുഷ്യക്കടത്ത് വിരുദ്ധ, ശിശു ലൈംഗിക ചൂഷണ വിരുദ്ധ ടാസ്‌ക് ഫോഴ്‌സും ദേശീയ പൊലീസും ശക്തമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തോമസ് മാര്‍ക്കലിന്റെ കമ്പ്യൂട്ടര്‍ പിടിച്ചെടുത്ത് ഡിജിറ്റല്‍ ഫോറന്‍സിക് പരിശോധന നടത്തിവരികയാണെന്ന് ഫിലിപ്പീന്‍സ് ആഭ്യന്തര മന്ത്രി ജോണ്‍വിക് റെമുല്ല അറിയിച്ചു.
അതേസമയം, ആരോപണങ്ങള്‍ തോമസ് മാര്‍ക്കല്‍ ശക്തമായി നിഷേധിച്ചിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുമായി ബന്ധപ്പെട്ടിട്ടില്ലെന്നും ചിത്രങ്ങള്‍ കൈവശം വച്ചിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെടുന്നുണ്ടെങ്കിലും, ഫിലിപ്പീന്‍സ് സന്ദര്‍ശന വേളകളില്‍ പണം നല്‍കി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. 2019-ല്‍ തന്നെ ഇതേക്കുറിച്ച് ബ്രിട്ടീഷ് മെട്രോപൊറ്റന്‍ പൊലീസിന് വിവരം ലഭിച്ചിരുന്നതായും എന്നാല്‍ ആ സമയത്ത് ആ വിവരങ്ങള്‍ മറ്റ് അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറിയിരുന്നില്ലെന്നുമുള്ള കണ്ടെത്തലിനെ തുടര്‍ന്ന്, പൊലീസ് തങ്ങളുടെ മുന്‍കാല നടപടികള്‍ പുനപരിശോധിച്ചു വരികയാണ്.
ഈ സംഭവവികാസങ്ങളില്‍ താന്‍ അതീവ ദുഖിതയാണെന്നും, ദോഷം അനുഭവിച്ചിരിക്കാനിടയുള്ള എല്ലാ കുട്ടികള്‍ക്കുമൊപ്പമാണ് തന്റെ ചിന്തകളെന്നും മേഘന്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി. കാല്‍ മുറിച്ചുമാറ്റിയതിനെ തുടര്‍ന്ന് ഫ്‌ളോറിഡയിലെ ഒരു പുനരധിവാസ കേന്ദ്രത്തില്‍ ചികിത്സയില്‍ കഴിയുന്ന 82 കാരനായ തോമസ് മാര്‍ക്കലുമായി 2018-ലെ വിവാഹ സമയം മുതല്‍ മേഘന്‍ അകന്നാണ് കഴിയുന്നത്. ഈ പുതിയ വെളിപ്പെടുത്തലുകള്‍ അച്ഛനും മകളും തമ്മിലുള്ള ദീര്‍ഘകാലത്തെ പ്രശ്‌നഭരിതമായ ബന്ധത്തിന് എന്നന്നേക്കുമായി വിരാമം കുറിച്ചിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
