ബീജിംഗ്: രണ്ട് പതിറ്റാണ്ട് മുമ്പ് സെന്‍സര്‍ഷിപ്പിലും സൈബര്‍ ആക്രമണങ്ങളിലും പ്രതിഷേധിച്ച് ഗൂഗിള്‍ ചൈനീസ് വിപണി വിട്ടുപോയപ്പോള്‍ അതിനെ വിമര്‍ശിച്ച മൈക്രോസോഫ്റ്റ് ഇന്ന് അതേ ചൈനീസ് മണ്ണില്‍ നിന്ന് നിശബ്ദമായി പിന്‍വാങ്ങേണ്ട അവസ്ഥയിലെത്തി. ശക്തമായ ഭൗമരാഷ്ട്രീയ സമ്മര്‍ദ്ദങ്ങളും തദ്ദേശീയ സോഫ്റ്റ്വെയറുകളുടെ കടന്നുവരവും കാരണം കമ്പനിയുടെ പ്രവര്‍ത്തനം രാജ്യത്ത് കനത്ത പ്രതിസന്ധിയിലാണ്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കുറഞ്ഞത് 15 ബ്രാഞ്ച് ഓഫീസുകളും സംയുക്ത സംരംഭങ്ങളുമാണ് മൈക്രോസോഫ്റ്റിന് ചൈനയില്‍ പൂട്ടേണ്ടി വന്നതെന്ന് അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ചൈനീസ് വിപണി പൂര്‍ണ്ണമായും ഉപേക്ഷിക്കുന്നതിനെക്കുറിച്ച് 2023 ല്‍ തന്നെ കമ്പനി ഗൗരവമായി ആലോചിച്ചിരുന്നു. ആഗോളതലത്തിലെ വരുമാനത്തിന്റെ വെറും 1.5 ശതമാനം മാത്രമാണ് മൈക്രോസോഫ്റ്റിന് ചൈനയില്‍ നിന്ന് ലഭിക്കുന്നത് എന്നതിനാല്‍, വലിയ സുരക്ഷാ ഭീഷണികളും നിയന്ത്രണങ്ങളും നേരിട്ട് അവിടെ തുടരുന്നതില്‍ സാമ്പത്തികമായി വലിയ നേട്ടമില്ലെന്ന നിഗമനത്തിലാണ് മാനേജ്മെന്റ്.
യുഎസും ചൈനയും തമ്മില്‍ വഷളായ ബന്ധമാണ് മൈക്രോസോഫ്റ്റിന് ഏറ്റവും വലിയ പ്രഹരമായി മാറിയത്. വിന്‍ഡോസിനും മൈക്രോസോഫ്റ്റ് ഓഫീസിനും പകരം കൂടുതല്‍ സുരക്ഷിതമെന്ന് കരുതുന്ന തദ്ദേശീയ സോഫ്റ്റ്വെയറുകള്‍ ഉപയോഗിക്കാന്‍ 2017 മുതല്‍ ചൈനീസ് ഭരണകൂടം കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പുതിയ നിയമങ്ങള്‍ അനുസരിച്ച് വിദേശ സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദഗ്ദ്ധര്‍ കടുത്ത സുരക്ഷാ പരിശോധനകള്‍ക്ക് വിധേയരാകണം. ഇതുകൂടാതെ, എഐ, ക്ലൗഡ് ബിസിനസുകള്‍ വ്യാപിപ്പിക്കുന്നതിന് യുഎസ് ഏര്‍പ്പെടുത്തിയ ശക്തമായ സാങ്കേതികവിദ്യാ കയറ്റുമതി നിയന്ത്രണങ്ങളും മൈക്രോസോഫ്റ്റിന്റെ മുന്നോട്ടുള്ള പോക്കിന് തടസ്സമാകുന്നു.
യുഎസിന്റെ വിലക്കുകള്‍ കാരണം തങ്ങള്‍ വളര്‍ത്തിയെടുത്ത മികച്ച ചൈനീസ് സാങ്കേതിക വിദഗ്ദ്ധരെ പോലും അത്യാധുനിക ഗവേഷണങ്ങള്‍ക്കായി ഉപയോഗിക്കാന്‍ കമ്പനിക്ക് സാധിക്കുന്നില്ല. ഇതിനെത്തുടര്‍ന്ന് വിഖ്യാതമായ മൈക്രോസോഫ്റ്റ് റിസര്‍ച്ചിലെ പ്രമുഖ ഗവേഷകരെ വാങ്കൂവര്‍, സിംഗപ്പൂര്‍, ടോക്യോ തുടങ്ങിയ വിദേശ കേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ കമ്പനി തീരുമാനിച്ചു. 2024-ല്‍ ആയിരക്കണക്കിന് മുന്‍നിര ചൈനീസ് എഞ്ചിനീയര്‍മാര്‍ക്ക് വിദേശത്തേക്ക് സ്ഥലംമാറ്റം വാഗ്ദാനം ചെയ്‌തെങ്കിലും മൂന്നിലൊന്ന് പേര്‍ മാത്രമാണ് ഇതിന് തയ്യാറായത്.
ഇത്രയധികം തിരിച്ചടികള്‍ നേരിട്ടിട്ടും കമ്പനി പൂര്‍ണ്ണമായും ചൈന വിടാത്തതിന് കാരണം അവിടെയുള്ള ചില വന്‍കിട അന്താരാഷ്ട്ര ബിസിനസ് ബന്ധങ്ങളാണ്. ടിക് ടോക്കിന്റെ മാതൃകമ്പനിയായ ബൈറ്റ്ഡാന്‍സ്, പ്രശസ്ത ഫാഷന്‍ ബ്രാന്‍ഡായ ഷീന്‍ തുടങ്ങിയ കമ്പനികള്‍ തങ്ങളുടെ വിദേശ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്കായി മൈക്രോസോഫ്റ്റിന്റെ അഷൂര്‍ ക്ലൗഡ് സേവനങ്ങളെയാണ് ആശ്രയിക്കുന്നത്. കൂടാതെ, ചൈനയില്‍ നേരിട്ട് സേവനം നല്‍കാത്ത ഓപ്പണ്‍ എഐ പോലെയുള്ള സ്ഥാപനങ്ങളുടെ എഐ മോഡലുകളിലേക്ക് ചൈനീസ് കമ്പനികള്‍ക്ക് പ്രവേശനം നല്‍കുന്നതും അഷൂര്‍ ക്ലൗഡ് വഴിയാണ്.
എങ്കിലും, കിമി പോലുള്ള കരുത്തുറ്റ ചൈനീസ് തദ്ദേശീയ എഐ മോഡലുകള്‍ വിപണിയിലെത്തുന്നതോടെ ഈ വരുമാനമാര്‍ഗ്ഗവും ഭീഷണിയിലാകാന്‍ സാധ്യതയുണ്ട്. നിലവിലെ കര്‍ശനമായ നിയമസംവിധാനങ്ങള്‍ക്കും ഭൗമരാഷ്ട്രീയ നിയന്ത്രണങ്ങള്‍ക്കും വിധേയമായിക്കൊണ്ട് തന്നെ ചൈനീസ് വിപണിയോടുള്ള പ്രതിബദ്ധത തുടരുമെന്നാണ് വിഷയത്തില്‍ മൈക്രോസോഫ്റ്റ് വക്താവ് നല്‍കുന്ന ഔദ്യോഗിക വിശദീകരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
