ടെഹ്‌റാന്‍: തെക്കന്‍ ഇറാനിലെ തന്ത്രപ്രധാനമായ ഖെഷ്ം ദ്വീപിന് മുകളില്‍ സൈനിക വിമാനത്തിന്റെ ശബ്ദം കേട്ടതിന് തൊട്ടുപിന്നാലെ മേഖലയില്‍ ഇരട്ട മിസൈല്‍ ആക്രമണം നടന്നതായി ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ദ്വീപിലെ സുസ മേഖലയിലാണ് പ്രൊജക്ടൈലുകള്‍ പതിച്ചത്. ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനം ലക്ഷ്യമിട്ട് അമേരിക്കയാണ് ആക്രമണം നടത്തിയതെന്ന റിപ്പോര്‍ട്ടുകള്‍ ശരിവെക്കുന്ന പ്രസ്താവനയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും രംഗത്തെത്തി.
ഇറാന്‍ പുതുതായി സ്ഥാപിച്ച വിരുദ്ധ-വിമാന ഉപകരണം 15 മിനിറ്റിനുള്ളില്‍ അമേരിക്കന്‍ സേന തകര്‍ത്തതായി ട്രംപ് മാധ്യമപ്രവര്‍ത്തകരോട് സ്ഥിരീകരിച്ചു. ആക്രമണത്തിന് പിന്നാലെ മേഖലയില്‍ യുദ്ധ സാഹചര്യം ശക്തമായെങ്കിലും, ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടെന്ന വാര്‍ത്തകള്‍ ഖത്തര്‍ അന്താരാഷ്ട്ര മാധ്യമ ഓഫീസ് തള്ളി. അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള മധ്യസ്ഥ ചര്‍ച്ചകള്‍ വിജയകരമായി മുന്നോട്ടുപോകുകയാണെന്നും മേഖലയിലെ അന്തരീക്ഷം കൂടുതല്‍ സങ്കീര്‍ണ്ണമാകാതിരിക്കാന്‍ വാഷിംഗ്ടണുമായും ടെഹ്റാനുമായും ചേര്‍ന്ന് ഖത്തര്‍ സജീവമായി ഇടപെടുന്നുണ്ടെന്നും ഖത്തര്‍ പ്രധാനമന്ത്രി അറിയിച്ചു.
അതിനിടെ, ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കകം ഖെഷ്ം ദ്വീപിന് മുകളിലൂടെ പറന്ന അമേരിക്കയുടെ എംക്യു-9 ഡ്രോണ്‍ വെടിവെച്ചിട്ടതായി ഇറാന്‍ അവകാശപ്പെട്ടു. തലേദിവസം ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് മറ്റൊരു അമേരിക്കന്‍ എംക്യു-1 ഡ്രോണും തകര്‍ത്തതായി ഇറാന്‍ വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗിക അന്വേഷണത്തിന് ശേഷം പുറത്തുവിടുമെന്ന് ഇറാന്‍ വാര്‍ത്താ ഏജന്‍സി അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
