3000 കോടിയുടെ ലഹരിവേട്ട: പിന്നില്‍ പാക് കേന്ദ്രീകൃത ഹാജി സലിം സിന്‍ഡിക്കറ്റ്; 5 പെഷാവര്‍ സ്വദേശികള്‍ പിടിയില്‍

OCTOBER 2, 2026, 9:28 PM

കൊച്ചി: ലക്ഷദ്വീപിന് വടക്കുപടിഞ്ഞാറന്‍ ഉള്‍ക്കടലില്‍ വന്‍ ലഹരിമരുന്ന് വേട്ട. ഇറാനിയന്‍ ഉരുവില്‍ കടത്താന്‍ ശ്രമിച്ച 3000 കോടി രൂപ വിലമതിക്കുന്ന 400 കിലോഗ്രാം മെത്താംഫെറ്റാമൈനും 126 കിലോഗ്രാം ഹെറോയിനും ഗുജറാത്ത് ലഹരിവിരുദ്ധ സേനയും (എടിഎസ്) കോസ്റ്റ് ഗാര്‍ഡും ചേര്‍ന്ന് പിടികൂടി. പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രമുഖ ആഗോള ലഹരിശൃംഖലയായ ഹാജി സലിം സിന്‍ഡിക്കറ്റിന്റേതാണ് പിടിച്ചെടുത്ത ലഹരിമരുന്നുകളെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് പെഷാവര്‍ സ്വദേശികളായ മുഹമ്മദ് യാക്കൂബ് ബലൂചി, ഷാക്കിറുള്ള, ഫരീദുള്ള, അഹമ്മദ് ഖാന്‍, വാഹിദുള്ള ഖാന്‍ എന്നിവരെ കസ്റ്റഡിയിലെടുത്തു.

പാക്കിസ്ഥാനിലെ ഗ്വാദര്‍ തുറമുഖത്തുനിന്ന് പുറപ്പെട്ട് ഇറാനിലെ കോനാറാക്ക് തുറമുഖത്തിന് സമീപമെത്തിയ ബോട്ടില്‍ നിന്നാണ് ലഹരിമരുന്നുകള്‍ ആസാദ് എന്ന ഉരുവിലേക്ക് മാറ്റിയത്. ഇവ തമിഴ്‌നാട് തീരത്ത് എത്തിച്ച ശേഷം കരമാര്‍ഗം പഞ്ചാബിലെത്തിച്ച് നൈജീരിയന്‍ സ്വദേശിക്ക് കൈമാറാനായിരുന്നു പ്രതികള്‍ ലക്ഷ്യമിട്ടിരുന്നത്. ഉള്‍ക്കടലില്‍ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് ആശയവിനിമയത്തിനായി പ്രതികള്‍ സ്റ്റാര്‍ലിങ്ക് ഉപകരണം ഉപയോഗിച്ചിരുന്നതായും ഇതിനുള്ള തുക ഹവാല വഴിയാണ് മുന്‍കൂറായി നല്‍കിയതെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി.

കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ മേല്‍നോട്ടത്തില്‍ നടന്നുപോന്ന 16 ദിവസത്തെ തീവ്ര നിരീക്ഷണത്തിനൊടുവിലാണ് വലിയ ലഹരിശൃംഖലയെ പിടികൂടാനായത്. കോസ്റ്റ്ഗാര്‍ഡിന്റെ ഡോണിയര്‍ വിമാനങ്ങള്‍ നടത്തിയ വ്യോമനിരീക്ഷണത്തിലൂടെ ഉരുവിന്റെ സാന്നിധ്യം തിരിച്ചറിയുകയും, തുടര്‍ന്ന് ഐസിജിഎസ് സക്ഷം എന്ന പട്രോള്‍ യാനം ഉപയോഗിച്ച് പ്രതികളെ വലയിലാക്കുകയുമായിരുന്നു.

നൈജീരിയന്‍ സ്വദേശിയും ഗുജറാത്ത് സ്വദേശിയായ ലഹരികടത്തുകാരനും തമ്മില്‍ അടുത്തിടെ നടന്ന കൂടിക്കാഴ്ചയെക്കുറിച്ചുള്ള വിവരമാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. കസ്റ്റഡിയിലുള്ള പ്രതികളെ മുംബൈയില്‍ ചോദ്യം ചെയ്തുവരികയാണെന്നും, സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തി കൂട്ടുനിന്ന ഗുജറാത്ത് സ്വദേശിയെ ഉടന്‍ പിടികൂടുമെന്നും എടിഎസ് ഡിഐജി സുനില്‍ ജോഷി വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam