ന്യൂഡല്‍ഹി: കുറ്റകൃത്യം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് 21 വര്‍ഷം പഴക്കമുള്ള കേസില്‍ ശിക്ഷിക്കപ്പെട്ട വ്യക്തിയെ സുപ്രീം കോടതി പൂര്‍ണ്ണമായി കുറ്റവിമുക്തനാക്കി. സാങ്കേതികത്വങ്ങളുടെ പേരില്‍ ആര്‍ക്കും നീതി നിഷേധിക്കപ്പെടരുതെന്നും കേസ് നടപടികള്‍ പൂര്‍ത്തിയായ ശേഷവും ഒരാള്‍ക്ക് ജുവനൈല്‍ ആനുകൂല്യം അവകാശപ്പെടാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. മധ്യപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവ് തള്ളിക്കൊണ്ട് ജസ്റ്റിസ് പ്രശാന്ത് കുമാര്‍ മിശ്ര, ജസ്റ്റിസ് ശ്രീ ചന്ദ്രശേഖര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് മഹാവീര്‍ എന്നയാള്‍ക്ക് അനുകൂലമായി നിര്‍ണായക വിധി പ്രസ്താവിച്ചത്.
2004 സെപ്റ്റംബറില്‍ മധ്യപ്രദേശിലെ മൊറേനയില്‍ റെയില്‍വേ പാളത്തില്‍ ഭൂരിയെന്ന സ്ത്രീയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയതോടെയാണ് കേസിന്റെ തുടക്കം. കൊല്ലപ്പെട്ട സ്ത്രീയുടെ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കൊലപാതകം, സ്ത്രീധനപീഡനം, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ വിചാരണവേളയില്‍ പ്രധാന സാക്ഷികള്‍ മൊഴി മാറ്റിയതോടെ വിചാരണക്കോടതി കൊലപാതകം, സ്ത്രീധനമരണം എന്നീ ഗുരുതര കുറ്റങ്ങളില്‍ നിന്ന് പ്രതികളെ വിട്ടയച്ചു. അതേസമയം തെളിവ് നശിപ്പിച്ചെന്ന കുറ്റത്തിന് മഹാവീര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മൂന്ന് വര്‍ഷത്തെ കഠിനതടവ് വിധിക്കുകയും 2017 ല്‍ മധ്യപ്രദേശ് ഹൈക്കോടതി ഈ ശിക്ഷ ശരിവെക്കുകയും ചെയ്തു.
തുടര്‍ന്ന് സംഭവം നടക്കുമ്പോള്‍ തനിക്ക് 17 വയസ്സും രണ്ട് മാസവും മാത്രമായിരുന്നു പ്രായമെന്നും അതിനാല്‍ താന്‍ ജുവനൈല്‍ ആണെന്നും ചൂണ്ടിക്കാട്ടി മഹാവീര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി നിര്‍ദേശപ്രകാരം അന്വേഷണം നടത്തിയ മൊറേന ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മഹാവീര്‍ സംഭവസമയത്ത് പ്രായപൂര്‍ത്തിയായിരുന്നില്ല എന്ന് സ്ഥിരീകരിച്ചു. എന്നാല്‍ കേസില്‍ മുന്‍പ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചതിനാല്‍ വിധി അന്തിമമായെന്നും ഇനി പുനപരിശോധിക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കി ഹൈക്കോടതി ഈ ഹര്‍ജി തള്ളി.
ഹൈക്കോടതിയുടെ നിലപാടിനെ ശക്തമായി വിമര്‍ശിച്ച സുപ്രീം കോടതി, കുറ്റകൃത്യം നടക്കുമ്പോഴുള്ള പ്രായമാണ് പരിഗണിക്കേണ്ടതെന്നും കേസ് അവസാനിച്ച ശേഷവും പ്രതിക്ക് ജുവനൈല്‍ വാദം ഉന്നയിക്കാമെന്നും വ്യക്തമാക്കി. സാങ്കേതികത്വത്തിന്റെ പേരില്‍ നീതി നിഷേധിക്കരുതെന്നും ഗുരുതരമായ പിഴവുകള്‍ തിരുത്താന്‍ ഹൈക്കോടതികള്‍ക്ക് അധികാരമുണ്ടെന്നും കോടതി നിരീക്ഷിച്ചു. കൂടാതെ കൊലപാതകവും സ്ത്രീധന പീഡനവും തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിയാത്ത സാഹചര്യത്തില്‍ തെളിവ് നശിപ്പിച്ചു എന്ന കുറ്റം മാത്രം ചുമത്തി ശിക്ഷിക്കുന്നത് നിയമപരമായി നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി മഹാവീറിനെ പൂര്‍ണമായി കേസില്‍ നിന്ന് ഒഴിവാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
