എഫ്.സി.ആര്‍.എ ഭേദഗതി ബില്‍: ആശങ്ക അറിയിച്ച് ക്രൈസ്തവ സഭാ നേതൃത്വവും മിസോറം മുഖ്യമന്ത്രിയും; വഴങ്ങാതെ കേന്ദ്രം

AUGUST 6, 2026, 10:08 PM

ന്യൂഡല്‍ഹി: വിദേശസംഭാവനാ നിയന്ത്രണ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ പാസാക്കാനുള്ള നീക്കങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ശക്തമാക്കിയതോടെ, ആശങ്കയറിയിച്ച് ക്രൈസ്തവ സഭാ നേതൃത്വങ്ങളും മിസോറം മുഖ്യമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടു. കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യാ പ്രതിനിധികളും മിസോറം മുഖ്യമന്ത്രി ലാല്‍ ദുഹോമയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘവുമാണ് ആഭ്യന്തരമന്ത്രിയെ സന്ദര്‍ശിച്ച് നിവേദനം നല്‍കിയത്. എന്നാല്‍ ബില്‍ പിന്‍വലിക്കാനോ നടപടികളില്‍ നിന്ന് പിന്നോട്ട് പോകാനോ കേന്ദ്രം തയ്യാറല്ലെന്ന സൂചനയാണ് കൂടിക്കാഴ്ചകളില്‍ നിന്ന് വ്യക്തമാകുന്നത്.

വര്‍ഷകാല സമ്മേളനം ഈ മാസം 13 ന് അവസാനിക്കാനിരിക്കെ, ഓഗസ്റ്റ് 12 ന് ലോക്സഭയിലും രാജ്യസഭയിലും ഒരുമിച്ച് ബില്‍ അവതരിപ്പിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. ലൈസന്‍സ് പുതുക്കാത്ത സ്ഥാപനങ്ങളുടെ ആസ്തികള്‍ കണ്ടുകെട്ടുന്നതില്‍ മുന്‍കാല പ്രാബല്യം ഒഴിവാക്കാമെന്ന് ആഭ്യന്തരമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെങ്കിലും അത് നിലവിലെ ആശങ്കകള്‍ക്ക് പൂര്‍ണ പരിഹാരമല്ലെന്ന് സഭാ പ്രതിനിധികള്‍ വ്യക്തമാക്കി.

ബില്‍ പൂര്‍ണമായി പിന്‍വലിക്കുകയോ അല്ലെങ്കില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ പരിശോധനയ്ക്ക് വിടുകയോ ചെയ്യണമെന്നാണ് സിബിസിഐ സെക്രട്ടറി ജനറല്‍ അനില്‍ കൂട്ടോ ഉള്‍പ്പെടെയുള്ളവരുടെ ആവശ്യം. വിദേശ പണമിടപാടുകളില്‍ കര്‍ശന നിരീക്ഷണവും ക്രമീകരണവും ആവശ്യമാണെന്ന നിലപാടില്‍ അമിത് ഷാ ഉറച്ച് നില്‍ക്കുകയാണ്.

ബില്ലിലെ 14 ബി, 16 എ, 16 ബി എന്നീ വകുപ്പുകളാണ് പ്രധാനമായും എതിര്‍പ്പുകള്‍ക്ക് കാരണമാകുന്നത്. ലൈസന്‍സ് പുതുക്കാതിരിക്കുകയോ അപേക്ഷ നിരസിക്കപ്പെടുകയോ ചെയ്താല്‍, വിദേശ സംഭാവന ഉപയോഗിച്ച് നിര്‍മിച്ച സ്‌കൂളുകള്‍, ആശുപത്രികള്‍, സാമൂഹികസേവന കേന്ദ്രങ്ങള്‍ തുടങ്ങിയ ആസ്തികള്‍ അതോറിറ്റിയിലേക്ക് കണ്ടുകെട്ടാന്‍ ഈ വ്യവസ്ഥകള്‍ അധികാരം നല്‍കുന്നു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ അവസാനിപ്പിച്ച് നിലവില്‍ ആഭ്യന്തര ഫണ്ടുകള്‍ മാത്രം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെയും ഇത് ബാധിക്കുമെന്ന ഭീതി ശക്തമാണ്. അതേസമയം പാര്‍ലമെന്റ് സമ്മേളനം നീട്ടി വെച്ച് മണ്ഡല പുനര്‍വിഭജന ബില്ലിനായി പ്രത്യേക സമ്മേളനം ചേരുമെന്ന വാര്‍ത്തകള്‍ കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചു. ഇതിനൊപ്പം വിദേശ സഹായങ്ങള്‍ ഇനി മുതല്‍ സര്‍ക്കാരിതര സംഘടനകള്‍ (എന്‍.ജി.ഒ) വഴി വിതരണം ചെയ്യുന്നതിന് പകരം രാജ്യങ്ങള്‍ക്ക് നേരിട്ട് നല്‍കുമെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ വ്യക്തമാക്കിയതും രാജ്യാന്തര തലത്തില്‍ നിര്‍ണായക മാറ്റങ്ങള്‍ക്ക് വഴിതുറക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam