ഉത്തരാഖണ്ഡ് ഹെലികോപ്റ്റര്‍ ദുരന്തം: മൃതദേഹങ്ങള്‍ കണ്ടെടുത്തു; അപകട കാരണം കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതം

OCTOBER 31, 2026, 2:44 AM

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ജോഷിമഠിന് സമീപം ഹെലികോപ്റ്റര്‍ തകര്‍ന്നുവീണുണ്ടായ ദാരുണമായ അപകടത്തില്‍ പൈലറ്റടക്കം ആറുപേരും കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം. ബദരീനാഥില്‍ നിന്ന് ഡെറാഡൂണിനടുത്തുള്ള സഹസ്രധാരയിലേക്ക് പറന്ന ട്രാന്‍സ് ഭാരത് ഏവിയേഷന്റെ സ്വകാര്യ ഹെലികോപ്റ്ററാണ് യാത്രാമധ്യേ തകര്‍ന്നത്. കര്‍ണാടക ബെംഗളൂരു സ്വദേശികളായ പ്രതാപ് ബച്ചഹള്ളി ലിംഗരാജു, സുധീര്‍ കെ, എച്ച്.എസ്. നടരാജ്, ശങ്കരഗൗഡ വി.ബി, സി.സി.ബി ഇന്‍സ്‌പെക്ടര്‍ അരുണ്‍ സലുങ്കെ എന്നിവരും ഡല്‍ഹി സ്വദേശിയായ പൈലറ്റ് ക്യാപ്റ്റന്‍ ഹിമാന്‍ഷു സബര്‍വാളുമാണ് ദുരന്തത്തില്‍ മരിച്ചത്. 

യാത്ര പുറപ്പെടുന്നതിന് തൊട്ടുമുമ്പ് പ്രതാപ് കുടുംബത്തിന് അയച്ച അവസാന വീഡിയോകളും പുഞ്ചിരിക്കുന്ന മുഖവും ബന്ധുക്കള്‍ക്കും നാടിനും ഒരുപോലെ നൊമ്പരമായി മാറുകയാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.14-ഓടെ ബദരീനാഥില്‍ നിന്നും പറന്നുയര്‍ന്ന ഹെലികോപ്റ്ററുമായി രണ്ട് മിനിറ്റിനുള്ളില്‍ത്തന്നെ ബന്ധം നഷ്ടപ്പെടുകയായിരുന്നു. ജോഷിമഠ് താഴ്‌വരയ്ക്കും ഹാഥി പര്‍വ്വത് മേഖലയിലെ ചായ് ഗ്രാമത്തിനും മുകളിലൂടെ പറക്കുമ്പോഴാണ് സിഗ്‌നലുകള്‍ നിലച്ചത്. തുടര്‍ന്ന് പോലീസ്, ദുരന്ത നിവാരണ സേന, കരസേന എന്നിവര്‍ നടത്തിയ ശക്തമായ തെരച്ചിലിനൊടുവില്‍ ഹാഥി പര്‍വ്വത് മേഖലയില്‍ ഹെലികോപ്റ്ററിന്റെ തകര്‍ന്ന അവശിഷ്ടങ്ങളും മൃതദേഹങ്ങളും കണ്ടെത്തുകയായിരുന്നു. കനത്ത മൂടല്‍മഞ്ഞും ഇരുട്ടും ദുഷ്‌കരമായ ഭൂപ്രകൃതിയും കാരണം ആദ്യഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനവും മൃതദേഹങ്ങള്‍ പുറത്തെടുക്കലും ഏറെ ശ്രമകരമായി. തുടര്‍ന്ന് ശനിയാഴ്ചയോടെ മൃതദേഹങ്ങള്‍ ജോഷിമഠിലേക്ക് മാറ്റി പോസ്റ്റ്മോര്‍ട്ട നടപടികള്‍ പുരോഗമിക്കുകയാണ്.   

അപകടത്തെത്തുടര്‍ന്ന് ട്രാന്‍സ് ഭാരത് ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ മുഴുവന്‍ ഹെലികോപ്റ്ററുകളുടെയും സര്‍വീസുകള്‍ മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ താല്‍കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. സംഭവത്തില്‍ കേന്ദ്ര എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയും ഉത്തരാഖണ്ഡ് സര്‍ക്കാരും ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ചാര്‍ ധാം യാത്രയിലെ ഹെലികോപ്റ്റര്‍ സര്‍വീസുകളുടെ സുരക്ഷ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ നേതൃത്വത്തിലുള്ള പ്രത്യേക സുരക്ഷാ പരിശോധനകളും നിരീക്ഷണങ്ങളും ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam