ന്യൂഡല്‍ഹി: അമേരിക്ക പാസാക്കാനൊരുങ്ങുന്ന റഷ്യന്‍ ഉപരോധ നിയമം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന ഇന്ത്യയുടെ ശക്തമായ മുന്നറിയിപ്പില്‍ പ്രതികരണവുമായി അമേരിക്ക. ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണത്തെ പൂര്‍ണ്ണമായും മനസ്സിലാക്കുന്നുവെന്നും, തങ്ങളുടേതുപോലെ തന്നെ ഇന്ത്യയ്ക്കും ആഭ്യന്തരമായ രാഷ്ട്രീയ സാഹചര്യങ്ങളും ജനങ്ങളോട് വിശദീകരിക്കേണ്ട ഉത്തരവാദിത്തവുമുണ്ടെന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. ഇന്ത്യയുടെ പ്രസ്താവനകളില്‍ അതൃപ്തിയോ അമര്‍ഷമോ ഇല്ലെന്നും മുതിര്‍ന്ന അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
റഷ്യയില്‍ നിന്ന് ഊര്‍ജ്ജവും എണ്ണയും ഏറ്റവും കൂടുതല്‍ വാങ്ങുന്ന ആദ്യ അഞ്ച് രാജ്യങ്ങള്‍ക്ക് മേല്‍ നൂറ് ശതമാനം വരെ താരിഫ് ചുമത്താന്‍ വ്യവസ്ഥ ചെയ്യുന്നതാണ് യുഎസ് ജനപ്രതിനിധി സഭയില്‍ പാസായ പുതിയ ഉപരോധ ബില്‍. ഈ പട്ടികയില്‍ ഇന്ത്യയും ഉള്‍പ്പെടാന്‍ സാധ്യതയുള്ളതിനാലാണ് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം ആശങ്കയറിയിച്ച് പ്രസ്താവന ഇറക്കിയത്. ബില്ലിന്റെ പ്രത്യാഘാതങ്ങള്‍ ഉഭയകക്ഷി ബന്ധത്തില്‍ മാത്രമല്ല, ആഗോള ഊര്‍ജ്ജ വിപണിയിലും പ്രതിഫലിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഈ വിഷയം ഉന്നതതലങ്ങളില്‍ അമേരിക്കന്‍ പ്രതിനിധികളുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും ഇന്ത്യ അറിയിച്ചു.
അതേസമയം യുഎസ് കോണ്‍ഗ്രസ് കര്‍ശന നിലപാട് സ്വീകരിച്ച സാഹചര്യത്തിലാണ് ജനപ്രതിനിധി സഭയില്‍ ഇത്തരമൊരു ബില്‍ വന്നതെന്ന് അമേരിക്ക വിശദീകരിക്കുന്നു. എന്നാല്‍ ഈ നിയമത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് പ്രത്യേക ദേശീയ സുരക്ഷാ ഇളവ് നല്‍കാനുള്ള അധികാരം ലഭിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയ്ക്ക് ഇത്തരത്തില്‍ ഇളവ് നല്‍കുമോ എന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ലെങ്കിലും, രാജ്യ താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി അമേരിക്കന്‍ പ്രസിഡന്റിന് ഈ അധികാരം ഉപയോഗിക്കാന്‍ കഴിയുന്ന സാഹചര്യങ്ങള്‍ നിലവിലുണ്ടെന്നാണ് വാഷിംഗ്ടണിന്റെ നിലപാട്.
ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലും ഉപരോധ നിയമം പ്രധാന ചര്‍ച്ചയായി. ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷയും ആവശ്യങ്ങളും നിറവേറ്റുന്നതില്‍ അമേരിക്കയ്ക്ക് നിര്‍ണ്ണായക പങ്ക് വഹിക്കാന്‍ കഴിയുമെന്ന് കൂടിക്കാഴ്ചയില്‍ യു.എസ് വ്യക്തമാക്കി. റഷ്യയെ മാത്രം ആശ്രയിക്കാതെ ഊര്‍ജ്ജ സ്രോതസ്സുകള്‍ വൈവിധ്യവത്കരിക്കാന്‍ ഇന്ത്യ ദീര്‍ഘകാലമായി ശ്രമിക്കുന്നുണ്ടെങ്കിലും ഇറാന്‍, വെനസ്വേലന്‍ വിപണികളിലെ നിയന്ത്രണങ്ങള്‍ കാരണം ഓപ്ഷനുകള്‍ പരിമിതമായിരുന്നു. എന്നാല്‍ വെനസ്വേലന്‍ വിപണിയില്‍ ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ വന്ന മാറ്റങ്ങള്‍ ഇന്ത്യയ്ക്ക് പുതിയ അവസരങ്ങള്‍ തുറന്നുനല്‍കുമെന്നും ഈ ദിശയില്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി സജീവമായി ഇടപെടുന്നുണ്ടെന്നും യുഎസ് കൂട്ടിച്ചേര്‍ത്തു.
വളരെ ശക്തമായ പങ്കാളിത്തമാണ് ഇന്ത്യയും അമേരിക്കയും തമ്മില്‍ നിലനില്‍ക്കുന്നത്. ഈ വര്‍ഷം ഒക്ടോബറില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇന്ത്യ സന്ദര്‍ശിക്കും. ഇതോടെ ഒരു വര്‍ഷത്തിനിടെ അദ്ദേഹത്തിന്റെ രണ്ടാമത്തെ ഇന്ത്യ സന്ദര്‍ശനമായി ഇത് മാറും. കൂടാതെ ക്വാഡ് കൂട്ടായ്മ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളിലൂടെ ഇന്ത്യയുമായുള്ള നയതന്ത്ര സാമ്പത്തിക ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കാനാണ് അമേരിക്ക താല്‍പര്യപ്പെടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
