തിരുവനന്തപുരം: അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ കേരളത്തിലെത്തിക്കാനുള്ള നീക്കങ്ങളില്‍ മുന്‍ കായികമന്ത്രി വി. അബ്ദുറഹിമാനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്ന നിര്‍ണായക രേഖകള്‍ പുറത്തുവന്നു. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനില്‍ നിന്ന് യാതൊരുവിധ ഔദ്യോഗിക സ്ഥിരീകരണവും ലഭിക്കുന്നതിന് മുന്‍പാണ് ടീമിന്റെ കേരള സന്ദര്‍ശനം മന്ത്രി പ്രഖ്യാപിച്ചതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.
2024 ഫെബ്രുവരി രണ്ടിന് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കായിക വകുപ്പ് സെക്രട്ടറിക്ക് നല്‍കിയ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് സ്‌പെയിന്‍ സന്ദര്‍ശനവും സ്‌പോണ്‍സര്‍മാരെ കണ്ടെത്താനുള്ള നീക്കങ്ങളും നടന്നത്. എന്നാല്‍ അന്ന് സമര്‍പ്പിച്ച ഇ-മെയില്‍ സന്ദേശങ്ങളിലൊന്നിലും അര്‍ജന്റീന ടീം കേരളത്തില്‍ കളിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നില്ല. രണ്ട് വര്‍ഷത്തോളം വ്യക്തിഗത ഇ-മെയില്‍ വഴിയാണ് മന്ത്രി എഎഫ്എ പ്രതിനിധികളുമായി ആശയ വിനിമയം നടത്തിയത്. ഇതില്‍ ഭൂരിഭാഗം കത്തുകളും നിലവില്‍ ഫയലുകളില്‍ ലഭ്യമല്ല.
അര്‍ജന്റീന ടീമിന്റെ വരവുമായി ബന്ധപ്പെട്ട് കായിക വകുപ്പിന്റെ പക്കല്‍ കരാറോ ധാരണാപത്രമോ ഇല്ലെന്ന് സ്‌പെഷല്‍ സെക്രട്ടറി എന്‍. പ്രശാന്ത് സര്‍ക്കാരിന് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. അതിനിടെ പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളില്‍ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി നികുതിവെട്ടിപ്പ് നടത്തിയതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. സ്‌പോണ്‍സര്‍ വിദേശത്തേക്ക് അയച്ച 126 കോടി രൂപയില്‍ അടയ്‌ക്കേണ്ടിയിരുന്ന 22.6 കോടി രൂപയുടെ നികുതി സമാഹരിക്കുന്നതില്‍ ജിഎസ്ടി വകുപ്പിലെ നാല് ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്.
ടീം എത്താതിരുന്നതിനാല്‍ നികുതിത്തുകയില്‍ കിഴിവ് ലഭിക്കുമെങ്കിലും വൈകിയതിനായുള്ള പലിശയും പിഴയും സ്‌പോണ്‍സറില്‍ നിന്ന് ഈടാക്കും. വിഷയത്തില്‍ രാഷ്ട്രീയക്കാര്‍ക്കും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടോ എന്ന് അന്വേഷിക്കാന്‍ ശുപാര്‍ശ ചെയ്ത എസ്‌ഐടി, ജിഎസ്ടി പരിധിക്ക് പുറത്തുള്ള വിവരങ്ങള്‍ ആദായനികുതി വകുപ്പിനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും കൈമാറാന്‍ തീരുമാനിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
