അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനം: സര്‍ക്കാരില്ലാത്ത കരാറില്‍ ഔദ്യോഗിക വിവരങ്ങള്‍; കൂടുതല്‍ ചട്ടലംഘനങ്ങള്‍ പുറത്ത്

AUGUST 13, 2026, 7:57 PM

തിരുവനന്തപുരം: അര്‍ജന്റീന ഫുട്ബോള്‍ ടീമിനെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട കരാറുകളില്‍ വന്‍ ചട്ടലംഘനങ്ങളും നിഗൂഢതകളും പുറത്തുവരുന്നു. സര്‍ക്കാരിന്റെ ഔദ്യോഗിക ഉത്തരവോ അനുമതിയോ ഇല്ലാതെ സ്വകാര്യ സ്പോണ്‍സര്‍ സര്‍ക്കാരിന്റെ പേരില്‍ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനുമായി (എഎഫ്എ) കരാര്‍ ഒപ്പിട്ടതാണ് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്.

റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിയാണ് ഈ കരാറില്‍ ഏര്‍പ്പെട്ടത്. കായിക വകുപ്പിന്റെ ഔദ്യോഗിക അനുമതി ലഭിക്കുന്നതിന് 18 ദിവസം മുന്‍പാണ് സ്‌പോണ്‍സര്‍ എഎഫ്എയുമായി കരാറിലെത്തിയത്. ഈ വിവരം സംസ്ഥാന സര്‍ക്കാരില്‍ നിന്ന് മറച്ചുവെക്കുകയും ചെയ്തു. നിലവില്‍ സ്‌പോണ്‍സറും സംസ്ഥാന സര്‍ക്കാരും തമ്മില്‍ യാതൊരുവിധ കരാറോ ധാരണാപത്രമോ നിലവിലില്ലെന്ന് കായിക വകുപ്പ് തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ്ണ സഹകരണത്തോടെയുള്ള പദ്ധതിയാണെന്ന പേരിലാണ് സ്വകാര്യ സ്ഥാപനം എഎഫ്എയുമായി കരാറുണ്ടാക്കിയത്. തുടര്‍ന്ന് രണ്ട് തവണ കരാര്‍ പുതുക്കിയപ്പോഴും വിവരങ്ങള്‍ സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചില്ല.

ഒരു സ്വകാര്യ സ്ഥാപനം സര്‍ക്കാരിന്റെ ഔദ്യോഗിക അനുമതിയില്ലാതെ പ്രതിനിധീകരിച്ച് ഒപ്പിട്ടത് ഗുരുതര ചട്ടലംഘനമാണ്. ആശയ വിനിമയത്തിനായി സ്‌പോണ്‍സര്‍ നല്‍കിയ ഇമെയില്‍ വിലാസങ്ങളില്‍ മുന്‍ കായികമന്ത്രി വി. അബ്ദുറഹിമാന്റെ ഔദ്യോഗിക ഇമെയില്‍ വിലാസം ഉള്‍പ്പെട്ടതും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ അര്‍ജന്റീന ടീമിന് കായിക വകുപ്പ് പൂര്‍ണ്ണ സുരക്ഷ ഏര്‍പ്പെടുത്തുമെന്ന് കരാറില്‍ അവകാശപ്പെടുന്നുണ്ട്. ഇതിന് ആര് അനുമതി നല്‍കിയെന്ന കാര്യത്തിലും വ്യക്തതയില്ല.

റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിനൊപ്പം അന്നത്തെ കേരള സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലിയാണ് കരാറില്‍ സാക്ഷിയായി ഒപ്പുവെച്ചിരിക്കുന്നത്. ഷറഫലിയെ ഇതിനായി ആര് ചുമതലപ്പെടുത്തി എന്ന ചോദ്യവും കായികമേഖലയില്‍ ഉയരുന്നുണ്ട്. കൃത്യസമയത്ത് പണം അയയ്ക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് എഎഫ്എ രണ്ട് തവണ കരാര്‍ റദ്ദാക്കുകയും സ്‌പോണ്‍സര്‍ക്ക് 40 ലക്ഷം യുഎസ് ഡോളര്‍ പിഴ ചുമത്തുകയും ചെയ്തിരുന്നു. എന്നാല്‍, സ്‌പോണ്‍സറെ ഈ വന്‍ തുകയുടെ പിഴയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ കായിക വകുപ്പ് നയതന്ത്ര തലത്തില്‍ ഇടപെട്ടതിന്റെ തെളിവുകളും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.

മുന്‍ കായികമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം അന്നത്തെ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് അര്‍ജന്റീനയിലെ ഇന്ത്യന്‍ അംബാസഡര്‍ക്ക് എഴുതിയ കത്താണ് പുറത്തായത്. സംസ്ഥാനത്തിന്റെ സാമ്പത്തിക താല്‍പര്യങ്ങള്‍ സംരക്ഷിക്കണമെന്നും ഇത് സര്‍ക്കാര്‍ ഉള്‍പ്പെട്ട കരാറാണെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്. സര്‍ക്കാര്‍ ആരുമായും കരാറില്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന മുന്‍ കായിക മന്ത്രിയുടെ മുന്‍ നിലപാടുകളെ പൂര്‍ണ്ണമായും തള്ളിക്കളയുന്നതാണ് പുറത്തുവന്ന ഈ കത്തുകള്‍.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam