തൃശൂര്‍: കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള തീയതി നിശ്ചയിച്ചു. കേസില്‍ പോസ്റ്റ്മോര്‍ട്ടം, എംബാം ഉള്‍പ്പെടെയുള്ള ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹങ്ങള്‍ 21 ന് തിങ്കളാഴ്ച രാവിലെ എട്ടിന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിക്കും. തൃശൂര്‍ മുടിക്കോട് സ്വദേശിനി അഞ്ജന ഹരി (35), തിരുവനന്തപുരം കേശവദാസപുരം സ്വദേശിനി ആന്‍മേരി മാത്യു (40) എന്നിവരാണ് കഴിഞ്ഞ മാസം 28-ന് കലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ടത്.
മൃതദേഹങ്ങള്‍ നോര്‍ക്കയുടെ മേല്‍നോട്ടത്തില്‍ അതത് വീടുകളിലേക്ക് മാറ്റും. അഞ്ജനയുടെ സംസ്‌കാരം അന്ന് വൈകിട്ട് വീട്ടുവളപ്പിലും ആനിന്റെ സംസ്‌കാരം ചൊവ്വാഴ്ച ചിങ്ങവനം സെന്റ് ഇഗ്‌നേഷ്യസ് ദേവാലയത്തിലും നടക്കും.
സ്വന്തം സുഹൃത്തുക്കളുടെ ജീവനെടുത്ത ഈ കൊടുംക്രൂരതയ്ക്ക് പിന്നില്‍ ഉറ്റസുഹൃത്ത് അനില ബേബി എന്ന കോട്ടയം ഈരാറ്റുപേട്ട സ്വദേശിനിയാണ്. വെറും ഒരു നിമിഷത്തെ വിദ്വേഷവും അവിവേകവും സ്വന്തം ജീവിതത്തെയും ഭാവിയെയും എങ്ങനെ എന്നെന്നേക്കുമായി ചുട്ടെരിക്കുമെന്നതിന്റെ തികച്ചും ഞെട്ടിപ്പിക്കുന്ന തെളിവായി അനിലയുടെ ജീവിതം മാറിയിരിക്കുന്നു. സാന്റാക്ലാര കൗണ്ടി മെയിന്‍ ജയിലിലെ അതീവ സുരക്ഷാ വിഭാഗമായ അഡ്മിനിസ്‌ട്രേറ്റീവ് സെഗ്രിഗേഷന്‍ വിങ്ങില്‍ അടയ്ക്കപ്പെട്ടിരിക്കുന്ന അനിലയുടെ ഇപ്പോഴത്തെ ലോകം വെറും 48 ചതുരശ്ര അടി മാത്രം വലിപ്പമുള്ള ഒരു ഒറ്റമുറിയാണ്. ദിവസത്തില്‍ 23 മണിക്കൂറും സ്വന്തം ശ്വാസ ശബ്ദം മാത്രം കേട്ട് കഠിനമായ ഏകാന്തതയില്‍ കഴിയേണ്ടിവരുന്ന ഇവര്‍ക്ക് കനത്ത സുരക്ഷയും കര്‍ശനമായ പരിശോധനകളുമാണ് നേരിടേണ്ടി വരുന്നത്.
അമേരിക്കന്‍ നീതിന്യായ വ്യവസ്ഥയുടെ കഠിനമായ ശിക്ഷാനടപടികളിലേക്കാണ് പ്രതി ഇനി നടന്നുനീങ്ങുന്നത്. രണ്ട് ഫസ്റ്റ് ഡിഗ്രി കൊലപാതകക്കുറ്റങ്ങളും മാരകായുധം ഉപയോഗിച്ചതിനുള്ള ഗുരുതരമായ വകുപ്പുകളുമാണ് അനിലയ്‌ക്കെതിരെ ചുമത്തിയിട്ടുള്ളത്. അങ്ങേയറ്റം സുരക്ഷയുള്ള ഭൂഗര്‍ഭ തുരങ്കങ്ങളിലൂടെയും മൊബൈല്‍ സിഗ്‌നലുകള്‍ പോലുമില്ലാത്ത ഭൂഗര്‍ഭ കോടതി മുറികളിലൂടെയുമാണ് ഇവരുടെ വിചാരണ നടപടികള്‍ പുരോഗമിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാല്‍ കുറഞ്ഞത് 51 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവുശിക്ഷ അനുഭവിക്കേണ്ടി വരുമെന്നതിനാല്‍, ജീവിതത്തിന്റെ വസന്തകാലം മുഴുവന്‍ കരിങ്കല്‍ മതിലുകള്‍ക്കുള്ളില്‍ എരിഞ്ഞുതീരുമെന്ന് ഉറപ്പാണ്.
ഒരു നിമിഷത്തെ കോപവും ആവേശവും ഉണ്ടാക്കുന്ന അനന്തരഫലം എത്രത്തോളം ഭയാനകമാണെന്ന് ഈ സംഭവം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. മെച്ചപ്പെട്ട തൊഴിലും ഉയര്‍ന്ന വരുമാനവും നേടി തങ്ങളുടെ കുടുംബത്തിന് താങ്ങാവാനും അന്തസ്സുള്ള ജീവിതം നയിക്കാനുമാണ് ഓരോ പ്രവാസിയും പ്രിയപ്പെട്ടവരെ പിരിഞ്ഞ് കടല്‍ കടക്കുന്നത്. എന്നാല്‍, യാഥാര്‍ത്ഥ്യങ്ങളെ മറന്ന് തെറ്റായ ചിന്തകള്‍ക്കും വിദ്വേഷങ്ങള്‍ക്കും വഴങ്ങുമ്പോള്‍ അത് ചെന്നെത്തുന്നത് തിരുത്താനാവാത്ത നിയമക്കുരുക്കുകളിലും ജീവിതം തന്നെ ഇല്ലാതാക്കുന്ന ഇരുണ്ട തടവറകളിലുമാണ്.
നാമെന്തിനാണ് പ്രവാസികളായി വിദേശ മണ്ണിലെത്തിയതെന്നും നമ്മുടെ കുടുംബത്തോടും സമൂഹത്തോടുമുള്ള ഉത്തരവാദിത്തങ്ങള്‍ എന്തൊക്കെയാണെന്നും ഓരോ പ്രവാസിയും ആഴത്തില്‍ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആ തിരിച്ചറിവിലും സ്വയം തിരുത്തലുകളിലുമാണ് പ്രവാസ ജീവിതത്തിന്റെ യഥാര്‍ത്ഥ വിജയവും അര്‍ഥവും കുടികൊള്ളുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
