പറമ്പിക്കുളം-ആളിയാര്‍ കരാര്‍ ലംഘിച്ച് തമിഴ്നാട്; കേരളത്തിന് ജലസേചനത്തിനുള്ള വെള്ളം നല്‍കില്ലെന്ന് കടുംപിടിത്തം

NOVEMBER 13, 2026, 9:15 PM

കൊച്ചി: പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പ്രകാരം കേരളത്തിന് അര്‍ഹതപ്പെട്ട ജലം വിട്ടുനല്‍കാനാവില്ലെന്ന നിലപാടുമായി തമിഴ്നാട് രംഗത്ത്. വെള്ളിയാഴ്ച കോതമംഗലം ഭൂതത്താന്‍കെട്ടിന് സമീപമുള്ള സ്വകാര്യ റിസോര്‍ട്ടില്‍ നടന്ന ഇരുസംസ്ഥാനങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തമിഴ്നാട് കരാര്‍ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചത്. ഇതോടെ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു.

കരാര്‍ പ്രകാരം സെപ്റ്റംബര്‍ ഒന്ന് മുതല്‍ കേരളത്തിന് ലഭിക്കേണ്ട വിഹിതത്തിന്റെ 65 ശതമാനം വെള്ളം മാത്രമാണ് ഇതുവരെ തമിഴ്നാട് നല്‍കിയിട്ടുള്ളത്. നവംബര്‍ ആദ്യം മുതല്‍ മാര്‍ച്ച് അവസാനം വരെ ബാക്കി ലഭിക്കേണ്ട 4.3 ടി.എം.സി. വെള്ളം വിട്ടുനല്‍കണമെന്നാണ് ചര്‍ച്ചയില്‍ കേരളം ആവശ്യപ്പെട്ടത്. എന്നാല്‍, കുടിവെള്ള ആവശ്യങ്ങള്‍ക്കായി 1.5 ടി.എം.സി. വെള്ളം മാത്രമേ നല്‍കാനാകൂ എന്നും ജലസേചനത്തിനുള്ള വെള്ളം തരാനാവില്ലെന്നുമാണ് തമിഴ്നാട് ഉദ്യോഗസ്ഥരുടെ വാദം. പറമ്പിക്കുളം അണക്കെട്ടില്‍ നിലവില്‍ ഒന്‍പത് ടി.എം.സി വെള്ളം സംഭരണത്തിലുണ്ട്. ഇതില്‍ ഏഴ് ടി.എം.സി വെള്ളവും കുടിവെള്ളത്തിന്റെ പേരില്‍ തമിഴ്നാട് കൊണ്ടുപോവുകയും ജലസേചനത്തിനടക്കം ഉപയോഗിക്കുകയും ചെയ്യുന്ന സാഹചര്യമാണ് ഉള്ളത്.

പറമ്പിക്കുളം-ആളിയാര്‍ ചര്‍ച്ചകളുടെ ചരിത്രത്തില്‍ ആദ്യമായാണ് തമിഴ്നാട് ഇത്തരമൊരു ഏകപക്ഷീയമായ നിലപാട് സ്വീകരിക്കുന്നത്. തമിഴ്നാടിന്റെ ഈ പിടിവാശി പാലക്കാട് ചിറ്റൂര്‍പുഴ, ചാലക്കുടിപ്പുഴ എന്നിവയുമായി ബന്ധപ്പെട്ട ജലസേചന പദ്ധതികളെയും ഷോളയാര്‍, ഇടമലയാര്‍ ഡാമുകളിലെ ജലസംഭരണത്തെയും കടുത്ത പ്രതിസന്ധിയിലാക്കും.

ഉദ്യോഗസ്ഥതലത്തില്‍ സമവായമാകാത്ത സാഹചര്യത്തില്‍ വിഷയം സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ച ചെയ്യാമെന്ന നിര്‍ദ്ദേശമാണ് തമിഴ്നാട് മുന്നോട്ടുവെച്ചത്. എന്നാല്‍, വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് സെക്രട്ടറിതലത്തില്‍ തന്നെ അടിയന്തര ചര്‍ച്ച വേണമെന്ന് കേരളം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ തലത്തിലുള്ള ചര്‍ച്ചകള്‍ക്ക് സംസ്ഥാനതല തീരുമാനങ്ങളും ആസൂത്രണവും പൂര്‍ത്തിയാകാന്‍ ഒരു മാസമെങ്കിലും സമയമെടുക്കും. അപ്പോഴേക്കും പറമ്പിക്കുളത്തെ ജലശേഖരത്തില്‍ വലിയൊരു പങ്കും തമിഴ്നാട് കൊണ്ടുപോയിട്ടുണ്ടാകുമെന്നും, പിന്നീട് കേരളത്തിന് അര്‍ഹമായ വിഹിതം ലഭിക്കാന്‍ യാതൊരു വഴിയുമില്ലാതാകുമെന്നും കേരളത്തിന്റെ പ്രതിനിധികള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി.

തമിഴ്നാട് കരാറിന് വിരുദ്ധമായി സ്വീകരിക്കുന്ന ഈ നിലപാട് കേരളത്തിലെ ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച രാത്രിയോടെ തന്നെ ബന്ധപ്പെട്ട മന്ത്രിമാരെ അറിയിച്ചിട്ടുണ്ട്. കേരളത്തെ പ്രതിനിധീകരിച്ച് ഇറിഗേഷന്‍ ചീഫ് എന്‍ജിനീയര്‍ ആര്‍. പ്രിയേഷ്, കെ.എസ്.ഇ.ബി. ചീഫ് എന്‍ജിനീയര്‍ കെ. ബിജു എന്നിവരും, തമിഴ്നാടിനെ പ്രതിനിധീകരിച്ച് ചീഫ് എന്‍ജിനീയര്‍ മുരുകേശന്‍, തമിഴ്നാട് ഇലക്ട്രിസിറ്റി ബോര്‍ഡ് സൂപ്രണ്ടിങ് എന്‍ജിനീയര്‍ ഗാനമൂര്‍ത്തി എന്നിവരുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam