വടകര എംഡിഎംഎ കേസ്: പയ്യോളി മയക്കുമരുന്ന് ശൃംഖലയിലും ജിജില്‍ പ്രതി; അക്കൗണ്ടിലൂടെ ഒഴുകിയത് ഒരു കോടിയിലേറെ രൂപ

AUGUST 6, 2026, 9:45 PM

വടകര: വടകര എംഡിഎംഎ കേസില്‍ പോലീസിന്റെ പിടിയിലായ ഇരിട്ടി കൂട്ടുപുഴ സ്വദേശി ജിജില്‍ കുര്യാക്കോസിന് കൂടുതല്‍ ലഹരിവ്യാപാര സംഘങ്ങളുമായി ബന്ധമുണ്ടെന്ന് അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തല്‍. പയ്യോളി പോലീസ് സ്റ്റേഷനില്‍ മേയ് 20 ന് രജിസ്റ്റര്‍ ചെയ്ത എംഡിഎംഎ കേസില്‍ ജിജിലിന് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാളെ ഈ കേസിലും പ്രതിചേര്‍ത്ത് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

കോടതിയുടെ മുന്‍കൂര്‍ അനുമതിയോടെ വൈകാതെ തന്നെ ജിജിലിന്റെ അറസ്റ്റ് പയ്യോളി പോലീസ് ഔദ്യോഗികമായി രേഖപ്പെടുത്തി കസ്റ്റഡിയില്‍ വാങ്ങും. പയ്യോളി തുറശ്ശേരിക്കടവിലെ തെക്കെ നെല്ലിക്കുന്നുമ്മല്‍ മുഹമ്മദ് ഇര്‍ഫാനെ (26) 13.56 ഗ്രാം എംഡിഎംഎയുമായാണ് മേയ് 20 ന് പുലര്‍ച്ചെ പോലീസ് അറസ്റ്റ് ചെയ്തത്. ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലില്‍ ഇര്‍ഫാന്റെ വീടിനുള്ളിലെ കട്ടിലിനടിയില്‍ സൂക്ഷിച്ച പഴ്‌സില്‍ നിന്നാണ് ലഹരിമരുന്ന് കണ്ടെടുത്തത്. ഈ കേസിന്റെ തുടരന്വേഷണത്തിലാണ് ജിജിലിന് ഇര്‍ഫാന്‍ പണം അയച്ചു നല്‍കിയതിന്റെ ബാങ്ക് രേഖകള്‍ പോലീസിന് ലഭിച്ചത്.

ജിജിലിന് ബാങ്ക് വഴി തുക കൈമാറിയ ശേഷമാണ് ഇര്‍ഫാന് ലഹരിമരുന്ന് ലഭിച്ചതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ജിജിലിന്റെ സാമ്പത്തിക ഇടപാടുകള്‍ പോലീസ് വിശദമായി പരിശോധിച്ചപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഒരു കോടി രൂപയിലധികം തുകയുടെ ഇടപാടുകള്‍ ഇയാളുടെ ബാങ്ക് അക്കൗണ്ട് വഴി നടന്നിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും ലഹരിമരുന്ന് കച്ചവടവുമായി ബന്ധപ്പെട്ടതാണെന്നാണ് നിഗമനം. വടകര ലഹരിക്കേസില്‍ പിടിയിലായ കീര്‍ത്തന, കാവ്യ, നീഷ്മ എന്നിവരുമായും ജിജില്‍ വന്‍തുകയുടെ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നതായി പോലീസ് വ്യക്തമാക്കി.

പയ്യോളിയിലേത് കൂടാതെ നിരവധി സംഘങ്ങളുമായി ഇയാള്‍ സമാന രീതിയില്‍ ഇടപാടുകള്‍ നടത്തിയിട്ടുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. മംഗളൂരുവില്‍ പഠിക്കുന്ന കാലത്താണ് ജിജിലും വയനാട് സ്വദേശിയായ ഷിന്റോയും പരിചയപ്പെടുന്നത്. വ്യത്യസ്ത കോഴ്‌സുകളിലായിരുന്നു പഠനമെങ്കിലും ഇരുവരും തമ്മില്‍ അടുത്ത സൗഹൃദമുണ്ടായിരുന്നു. പഠനകാലത്താണ് ഇരുവരും ലഹരിമരുന്ന് ശൃംഖലയിലേക്ക് കടക്കുന്നതും അത് തുടര്‍ന്നു പോന്നതും. എംഡിഎംഎ കേസുകളില്‍ പെട്ടതിനെ തുടര്‍ന്ന് ഷിന്റോയ്ക്ക് പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

സമീപകാലത്ത് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ ലഹരി കേസുകളിലും സമഗ്രമായ തുടരന്വേഷണമാണ് പോലീസ് നടത്തുന്നത്. ലഹരിമരുന്നിന്റെ ഉറവിടം, പണം കൈമാറിയ അക്കൗണ്ടുകള്‍, ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഖ്യ കണ്ണികള്‍ എന്നിവ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. അടുത്തിടെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ക്ക് വടകര കേസിലെ പ്രതികളുമായി നേരിട്ട് ബന്ധമുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിച്ചു വരികയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam