'ചേട്ടാ... ഞാന്‍ നിങ്ങളുടെ മകനാണെന്ന് കരുതി ഇറങ്ങി വാ...'! മരണത്തിനും ജീവിതത്തിനുമിടയിലെ 40 മിനിറ്റുകള്‍; സ്‌നേഹം കൊണ്ട് ഒരു ജീവന്‍ തിരികെപ്പിടിച്ച് എസ്.ഐ

AUGUST 27, 2026, 10:01 PM

ഇടുക്കി: 'ചേട്ടാ... ഞാന്‍ നിങ്ങളുടെ മകനാണെന്ന് കരുതി ഇറങ്ങി വാ...' മരണത്തിനും ജീവിതത്തിനുമിടയിലെ നിര്‍ണായക നിമിഷങ്ങളില്‍ ഇടുക്കി തടിയമ്പാട് സ്റ്റേഷനിലെ പുതിയ എസ്.ഐ ബിബിന്‍ ടി.ബി പങ്കുവെച്ച ആ വാക്കുകള്‍ ഒരു മനുഷ്യജീവന്‍ തിരികെപ്പിടിച്ചു. നിയമത്തിന്റെ കാര്‍ക്കശ്യത്തേക്കാള്‍ സ്‌നേഹത്തിന്റെയും സഹാനുഭൂതിയുടെയും ഭാഷ കൊണ്ട് ആത്മഹത്യാ ഭീഷണി മുഴക്കിയ പ്രദേശവാസിയെ പോലീസുദ്യോഗസ്ഥന്‍ ജീവിതത്തിലേക്ക് തിരികെ നയിച്ചു.

തടിയമ്പാട് കാര്‍ത്യായനി കവലയിലായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മദ്യപിച്ചെത്തിയയാള്‍ ഭാര്യയെയും മകളെയും വാക്കത്തി കാട്ടി ആക്രമിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പരിഭ്രാന്തരായ വീട്ടുകാര്‍ പോലീസിന്റെ സഹായം തേടുകയായിരുന്നു. സംഭവസ്ഥലത്തേക്ക് എസ്.ഐ ബിബിന്റെ നേതൃത്വത്തിലുള്ള സംഘം എത്തിയതോടെ ഇയാള്‍ കൂടുതല്‍ പ്രകോപിതനായി. തുടര്‍ന്ന് വീട്ടിനുള്ളില്‍ കയറി വാതിലടച്ച്, കട്ടിലില്‍ കയറി നിന്ന് കഴുത്തില്‍ വയര്‍ കുരുക്കി ആത്മഹത്യയ്ക്ക് മുതിരുകയായിരുന്നു.

വാതില്‍ തകര്‍ത്ത് അകത്തുകയറാന്‍ ശ്രമിച്ചാല്‍ ഇയാള്‍ പെട്ടെന്ന് ചാടിയേക്കാമെന്നും ജീവന്‍ അപകടത്തിലാകുമെന്നും മനസ്സിലാക്കിയ എസ്.ഐ ബിബിന്‍ ബലപ്രയോഗം ഉപേക്ഷിച്ചു. തുടര്‍ന്ന് അനുനയത്തിന്റെ വഴി സ്വീകരിച്ച പോലീസ്, വാതിലിനു പുറത്തുനിന്ന് ഇയാളോട് സംസാരിക്കാന്‍ തുടങ്ങി. മദ്യലഹരിയിലായിരുന്ന അയാള്‍ കരയുന്നുണ്ടായിരുന്നു.

തുടര്‍ച്ചയായി 40 മിനിറ്റോളം സംസാരിച്ചിട്ടും നിലപാടില്‍ മാറ്റമില്ലാതിരുന്ന ഇയാളെ, 'നിങ്ങളുടെ മകനാണ് ഞാന്‍ എന്ന് കരുതണം...' എന്ന എസ്.ഐയുടെ സ്‌നേഹത്തോടെയുള്ള വാക്ക് മാനസികമായി സ്വാധീനിച്ചു. ഇതോടെ ആത്മഹത്യാശ്രമത്തില്‍ നിന്നും പിന്തിരിഞ്ഞ അയാള്‍ കഴുത്തിലെ കുരുക്കഴിച്ച് സ്വയം വാതില്‍ തുറന്ന് പുറത്തുവന്നു.

തടിയമ്പാട് സ്റ്റേഷനില്‍ ചാര്‍ജ് എടുത്ത് വെറും രണ്ടുദിവസത്തിനകമാണ് ബിബിന്‍ എന്ന യുവ ഉദ്യോഗസ്ഥന്‍ ഈ മാതൃകാപരമായ ഇടപെടല്‍ നടത്തിയത്. പിന്നീട് ഇയാളെ ആശ്വസിപ്പിച്ച പോലീസ്, കുടുംബപ്രശ്‌നങ്ങളും മദ്യപാനവുമാണ് സംഭവത്തിന് പിന്നിലെന്ന് മനസ്സിലാക്കുകയും വീട്ടുകാരുമായും അയല്‍വാസികളുമായും സംസാരിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam