അനന്തപുര്‍: തെളിവുകളൊന്നുമില്ലാതെ കരിഞ്ഞുണങ്ങിയ മൃതദേഹം മാത്രം ശേഷിച്ച ദുരൂഹ കൊലപാതക കേസില്‍ നിര്‍ണായകമായത് സംഭവസ്ഥലത്ത് നിന്ന് ലഭിച്ച ഒരു ചെറിയ പപ്പട പായ്ക്കറ്റ്. ബധിരനും മൂകനുമായ പപ്പട വ്യാപാരി ഗുരുരാജു റാവു കൊല്ലപ്പെട്ട സംഭവത്തില്‍ കര്‍ണാടകയിലെ ബല്ലാരി സ്വദേശികളായ ബസവരാജു (31), കൊത്രേഷ് (36) എന്നിവരെ ആന്ധ്രാപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു.
കൊല്ലപ്പെട്ട ഗുരുരാജുവിന്റെ സമ്പാദ്യം തട്ടിയെടുക്കാന്‍ ലക്ഷ്യമിട്ടാണ് പ്രതികള്‍ ഈ ക്രൂരകൃത്യം നടത്തിയത്. ജൂണ്‍ 23 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അനന്തപുര്‍ ജില്ലയിലെ ഡി. ഹിരേഹാല്‍ മണ്ഡലത്തിലെ പുലകുര്‍ത്തി ഗ്രാമത്തിലുള്ള കൃഷി സ്ഥലത്ത് കത്തിക്കരിഞ്ഞ നിലയില്‍ ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സാക്ഷികളോ മറ്റ് തെളിവുകളോ ലഭിക്കാതിരുന്നതിനാല്‍ പൊലീസിന് തുടക്കത്തില്‍ ആളെ തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ കുറ്റകൃത്യം നടന്ന സ്ഥലത്ത് നടത്തിയ സൂക്ഷ്മ പരിശോധനയില്‍ പകുതി കത്തിയ കന്നഡ പത്രം, വസ്ത്ര ഭാഗങ്ങള്‍, പൂണൂല്‍ എന്നിവയ്‌ക്കൊപ്പം ഒരു പപ്പട പായ്ക്കറ്റ് കൂടി പൊലീസ് കണ്ടെടുക്കുകയായിരുന്നു.
പപ്പട പായ്ക്കറ്റിലെ വിലാസം പിന്തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് കേസിലെ വമ്പന്‍ വഴിത്തിരിവായത്. ചെന്നൈയില്‍ നിര്‍മ്മിക്കുന്ന ഈ പപ്പടത്തിന്റെ പ്രധാന വിതരണ ശൃംഖല കര്‍ണാടകയിലെ ബല്ലാരിയിലാണെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് ബല്ലാരി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പപ്പട വിതരണക്കാരനായ ഗുരുരാജു റാവുവിനെ ദിവസങ്ങളായി കാണാനില്ലെന്ന വിവരം ലഭിക്കുന്നത്. ഇതോടെ കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം ഗുരുരാജുവിന്റേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
കൊലപാതകത്തിന് ശേഷവും ഗുരുരാജുവിന്റെ എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. എടിഎം കൗണ്ടറുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ നീക്കത്തിലാണ് പ്രതികളിലേക്ക് പൊലീസ് എത്തിയത്. പ്രതികളായ ബസവ രാജുവും കൊത്രേഷും സംസാര ശേഷിയും കേള്‍വി ശക്തിയുമില്ലാത്തവരായിരുന്നു. ഇവരുടെ സംശയകരമായ ആംഗ്യഭാഷയും ചലനങ്ങളുമാണ് പ്രതികളെ തിരിച്ചറിയാന്‍ പൊലീസിനെ സഹായിച്ചത്. പപ്പടക്കച്ചവടത്തിലൂടെയും ക്ഷേത്രങ്ങളിലെ സേവനത്തിലൂടെയും ഗുരുരാജു വന്‍തുക സമ്പാദിച്ചിട്ടുണ്ടെന്ന തെറ്റിദ്ധാരണയിലാണ് പ്രതികള്‍ കൊലപാതകം ആസൂത്രണം ചെയ്തത്.
ജൂലൈ 8 ന് പ്രതികളെ അറസ്റ്റ് ചെയ്ത പൊലീസ് ഇവരില്‍ നിന്ന് കൊല്ലപ്പെട്ട ഗുരുരാജുവിന്റെ ടിവിഎസ് എക്‌സ്എല്‍ വാഹനം, എടിഎം കാര്‍ഡ്, മൊബൈല്‍ ഫോണ്‍ എന്നിവ കണ്ടെടുത്തു. സംസാരശേഷിയില്ലാത്ത പ്രതികളെ ആംഗ്യഭാഷാ വിദഗ്ധരുടെ സഹായത്തോടെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ മുഴുവന്‍ വിവരങ്ങളും പുറത്തുവന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
