കാഠ്മണ്ഡു: നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിയിലെ ലാങ്ടാങ് ദേശീയോദ്യാനത്തില്‍ പതിച്ച കൂറ്റന്‍ ഹിമാനി സൃഷ്ടിച്ച മിന്നല്‍പ്രളയത്തില്‍ 392 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. ഇരുരാജ്യങ്ങളിലുമായി 1,400-ഓളം പേരെ കാണാതായിട്ടുണ്ട്. കൈലാസ മാനസസരോവര്‍ തീര്‍ഥാടനത്തിന് പോയ 33 മലയാളികളടക്കം 290 ഇന്ത്യക്കാരെ കാണാതായതായി ന്യൂഡല്‍ഹിയില്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
സെക്കന്‍ഡില്‍ 50 മീറ്റര്‍ വേഗതയില്‍ ഇരച്ചെത്തിയ പ്രളയജലം അതിര്‍ത്തിയിലെ ഗ്രാമങ്ങളെയും റോഡുകളെയും നിമിഷങ്ങള്‍ക്കുള്ളില്‍ ചെളിക്കടിയിലാക്കി. ലാങ്ടാങ് പര്‍വതനിരകളില്‍ നിന്ന് ഇടിഞ്ഞുവീണ മഞ്ഞുകട്ടകളും പാറകളും ലാന്‍ഡെ ഖോല നദിയിലെ ഒഴുക്ക് തടസ്സപ്പെടുത്തിയതാണ് ദുരന്തത്തിന് വഴിവെച്ചത്. ഇതിന്റെ ആഘാതത്തില്‍ ഭൂചലനത്തിന് സമാനമായ അതിശക്തമായ സിസ്മിക് തരംഗങ്ങളും മേഖലയില്‍ രേഖപ്പെടുത്തി. ഭോട്ടേ കോശി, ത്രിശൂലി നദികള്‍ കരകവിഞ്ഞൊഴുകിയതോടെ നേപ്പാളില്‍ തെക്കോട്ട് 170 കിലോമീറ്റര്‍ ദൂരത്തോളം പ്രളയജലം നാശം വിതച്ചു.
കാണാതായവരില്‍ വലിയൊരു പങ്കും വിവിധ രാജ്യങ്ങളില്‍നിന്നെത്തിയ വിനോദസഞ്ചാരികളും തീര്‍ഥാടകരുമാണ്. ത്രിശൂലി വണ്‍ ജലവൈദ്യുത പദ്ധതിയില്‍ ജോലി ചെയ്തിരുന്ന 73 ഇന്ത്യന്‍ തൊഴിലാളികളെക്കുറിച്ചും വിവരമില്ല. ചൈനയുടെ നിയന്ത്രണത്തിലുള്ള ടിബറ്റന്‍ അതിര്‍ത്തിയില്‍ നൂറുകണക്കിന് ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. അവിടെ സ്പീഡ് ബോട്ടുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് ചൈനീസ് സേന തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. അപകടത്തില്‍പ്പെട്ട 84 ഇന്ത്യക്കാരെ ഇതിനകം സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റി.
അതേസമയം പ്രളയജലം ഒഴുകിയെത്തുന്ന സാഹചര്യത്തില്‍ ഉത്തര്‍പ്രദേശിലെ മഹാരാജാഗഞ്ച്, കുഷിനഗര്‍ ജില്ലകളില്‍ അതിജാഗ്രതാ നിര്‍ദേശം നല്‍കി. അതിര്‍ത്തിയിലൂടെ ഒഴുകുന്ന ഗന്ദക്ക് നദിയില്‍നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ മേഖലയില്‍ വീണ്ടും പ്രളയസാധ്യതയുണ്ടെന്ന ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് നേപ്പാള്‍ അതിജാഗ്രതയിലാണ്. ദുരന്തം രാജ്യത്തെ ജലവൈദ്യുത ഉല്‍പ്പാദനത്തിന്റെ 12 ശതമാനത്തോളം തകരാറിലാക്കിയതായും അധികൃതര്‍ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
