കല്ലമ്പലം: പെട്രോള്‍ പമ്പില്‍ നിന്നും ചോര്‍ന്നെത്തിയ ഇന്ധനം മൂലം വീട്ടിലെ കിണറ്റില്‍ തീപിടിത്തം. കിണറ് വൃത്തിയാക്കാനിറങ്ങിയ മൂന്ന് തൊഴിലാളികള്‍ക്ക് പൊള്ളലേറ്റു. കല്ലമ്പലം സ്വദേശികളായ വിനീത്, രാകേഷ്, സുനു എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. കല്ലമ്പലം ജംഗ്ഷനിലെ ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പില്‍ നിന്നും സെപ്റ്റംബര്‍ രണ്ടിന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് ദുരന്തത്തിന് വഴിവെച്ച സംഭവങ്ങളുടെ തുടക്കം.
ഓണത്തിന് മുന്നോടിയായി പമ്പില്‍ ഇന്ധനം നിറച്ചപ്പോള്‍ സംഭവിച്ച ഗുരുതരമായ പിശകാണ് വന്‍ ദുരന്തത്തിലേക്ക് നയിച്ചത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ടാങ്കറിന്റെ ഡ്രൈവര്‍ ഡീസല്‍ ടാങ്കിലേക്ക് പെട്രോള്‍ അടിച്ചതിനെ തുടര്‍ന്ന് ഭൂഗര്‍ഭ അറ കവിഞ്ഞൊഴുകി തൊട്ടടുത്ത വീട്ടിലെ കിണറ്റിലേക്ക് എത്തുകയായിരുന്നു. പരാതിയെ തുടര്‍ന്ന് പമ്പ് ഉടമ തന്നെയാണ് കിണറ് വൃത്തിയാക്കാനായി തൊഴിലാളികളെ ചുമതലപ്പെടുത്തിയത്.
കിണറ്റിലെ വെള്ളം പമ്പ് ചെയ്തു കളഞ്ഞ ശേഷം ഓക്‌സിജന്റെ അളവ് പരിശോധിക്കുന്നതിനായി മെഴുകുതിരി കത്തിച്ച് താഴേക്ക് ഇറക്കിയ നിമിഷം ഉള്ളില്‍ വാതക രൂപത്തില്‍ തങ്ങിനിന്നിരുന്ന പെട്രോള്‍ ആളിക്കത്തുകയായിരുന്നു. അപകട സമയത്ത് മൂവരും കിണറ്റിന് പുറത്തായിരുന്നെങ്കിലും തീപ്പൊരി ആളിപ്പടര്‍ന്ന് വയറിലും മുഖത്തും കൈകളിലും ഗുരുതരമായി പൊള്ളലേറ്റു. പരിക്കേറ്റ വിനീതിനെയും രാകേഷിനെയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും സുനുവിനെ ആറ്റിങ്ങല്‍ വലിയകുന്ന് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇതില്‍ രണ്ടുപേരുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. ടാങ്കര്‍ ഡ്രൈവറുടെ അശ്രദ്ധ മൂലം 12 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി പമ്പ് ഉടമ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
