കാസര്‍കോട്: കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കുമായി സര്‍ക്കാര്‍ നടപ്പിലാക്കിയ പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. വരുമാനത്തില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് കാസര്‍കോട് ജില്ലയിലെ പത്തോളം സ്വകാര്യ ബസുകള്‍ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ അനുമതി തേടി ആര്‍.ടി.ഒ.യ്ക്ക് ജി-ഫോം സമര്‍പ്പിച്ചു കഴിഞ്ഞു.
വരും ദിവസങ്ങളില്‍ ജില്ലയിലെ 70 ശതമാനത്തോളം സ്വകാര്യ ബസുകളും സര്‍വീസ് നിര്‍ത്തിവെക്കാന്‍ ജി-ഫോം നല്‍കിയേക്കുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി. ജില്ലയില്‍ ആകെ 450 സ്വകാര്യ ബസുകളാണ് സര്‍വീസ് നടത്തുന്നത്. കെ.എസ്.ആര്‍.ടി.സി സാധാരണ സര്‍വീസുകളില്‍ സൗജന്യ യാത്ര ആരംഭിച്ചതോടെ, സ്വകാര്യ ബസുകളെ ആശ്രയിച്ചിരുന്ന ഭൂരിഭാഗം സ്ത്രീ യാത്രക്കാരും കെ.എസ്.ആര്‍.ടി.സിയിലേക്ക് മാറി. ഇത് സ്വകാര്യ ബസുകളുടെ നിത്യേനയുള്ള കളക്ഷനെ കാര്യമായി ബാധിച്ചു.
സര്‍ക്കാര്‍ റോഡ് ടാക്‌സില്‍ 50 ശതമാനം കുറവ് വരുത്തിയെങ്കിലും, ഇത് പ്രതിദിനം 150 രൂപയുടെ മാത്രം ആശ്വാസമേ നല്‍കുന്നുള്ളൂ എന്നാണ് ഉടമകളുടെ വാദം. നിലവിലെ കനത്ത പ്രവര്‍ത്തനച്ചെലവും ഡീസല്‍ വിലയും വെച്ചുനോക്കുമ്പോള്‍ ഈ ഇളവ് തുച്ഛമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. നിലവിലെ ത്രൈമാസ നികുതി കാലാവധി ജൂണ്‍ 30 ഓടെ അവസാനിക്കുകയാണ്. പുതിയ നികുതി അടച്ച് സര്‍വീസ് മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാത്ത സാഹചര്യത്തില്‍, ഭൂരിഭാഗം ബസുടമകളും മൂന്ന് മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള കാലയളവിലേക്ക് സര്‍വീസ് നിര്‍ത്തിവെക്കാന്‍ ജി ഫോം നല്‍കാന്‍ ഒരുങ്ങുകയാണ്.
റോഡ് നികുതി ബാധ്യതയുള്ള ഒരു വാഹനം മെക്കാനിക്കല്‍ തകരാര്‍ മൂലമോ കനത്ത നഷ്ടം മൂലമോ നിശ്ചിത കാലയളവിലേക്ക് റോഡിലിറക്കാതെ നിര്‍ത്തിയിടുകയാണെങ്കില്‍, ആ കാലയളവിലെ നികുതി ഒഴിവാക്കി കിട്ടുന്നതിനായി മോട്ടോര്‍ വാഹന വകുപ്പിന് സമര്‍പ്പിക്കുന്ന അപേക്ഷയാണ് ജി ഫോം.
അടുത്ത മാസം ആദ്യത്തോടെ കൂടുതല്‍ ബസുകള്‍ സര്‍വീസ് നിര്‍ത്തുന്നതോടെ മലയോര മേഖലകളിലടക്കം ഉള്‍ഗ്രാമങ്ങളിലെ യാത്രാക്ലേശം രൂക്ഷമാകുമെന്ന ആശങ്കയിലാണ് പൊതുജനങ്ങള്‍. പ്രശ്‌നത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാണ് ബസുടമകളുടെയും യാത്രക്കാരുടെയും ആവശ്യം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
