യുഎസ്എംസിഎ പ്രതിസന്ധിയില്‍: വടക്കേ അമേരിക്കന്‍ വ്യാപാര യുദ്ധത്തിന്റെ ഭാവി എന്ത്?

JULY 1, 2026, 7:36 PM

വടക്കേ അമേരിക്കന്‍ വ്യാപാര മേഖലയില്‍ വലിയൊരു അനിശ്ചിതത്വത്തിന് തുടക്കം കുറിച്ചുകൊണ്ട് യുണൈറ്റഡ് സ്റ്റേറ്റ്‌സ്-മെക്‌സിക്കോ-കാനഡ കരാര്‍ (യുഎസ്എംസിഎ ) അടുത്ത 16 വര്‍ഷത്തേക്ക് കൂടി നീട്ടണമെന്ന ആവശ്യം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിരസിച്ചു. ജൂലൈ ഒന്നിന് നടന്ന നിര്‍ണ്ണായകമായ ആറാം വര്‍ഷ പുനപരിശോധനയിലാണ് കാനഡയുടെയും മെക്‌സിക്കോയുടെയും ആവശ്യം തള്ളിക്കൊണ്ട് വാഷിംഗ്ടണ്‍ ഈ നിലപാട് സ്വീകരിച്ചത്.

ഇതോടെ 2042 വരെ നീളേണ്ടിയിരുന്ന വ്യാപാര സുരക്ഷിതത്വത്തിന് പകരം, 2036 വരെ നീളുന്ന വാര്‍ഷിക പുനപരിശോധനകളുടെ ഒരു ഘട്ടത്തിലേക്കാണ് ഈ മൂന്ന് രാജ്യങ്ങളും കടക്കുന്നത്. ഈ കാലയളവിനുള്ളില്‍ പുതിയൊരു ധാരണയിലെത്തിയില്ലെങ്കില്‍ ഈ വ്യാപാര കരാര്‍ പൂര്‍ണ്ണമായും ഇല്ലാതാകും. വരും ദിവസങ്ങളില്‍ വടക്കേ അമേരിക്കന്‍ വിപണിയില്‍ എന്തൊക്കെ മാറ്റങ്ങളാണ് പ്രതീക്ഷിക്കേണ്ടതെന്ന് വിശദമായി പരിശോധിക്കാം.

ഉടനടി മാറ്റങ്ങളുണ്ടാകുമോ?

കരാര്‍ നീട്ടിയില്ലെങ്കിലും നിലവിലുള്ള വ്യാപാര നിയമങ്ങളില്‍ ഉടനടി മാറ്റങ്ങളൊന്നും ഉണ്ടാകില്ല എന്നത് താല്കാലികമായി ആശ്വാസം നല്‍കുന്ന കാര്യമാണ്. 2020 ല്‍ നിലവില്‍ വന്ന യുഎസ്എംസിഎ നിയമങ്ങള്‍ അതുപോലെ തന്നെ തുടരുന്നതിനാല്‍ കാനഡയില്‍ നിന്നും മെക്‌സിക്കോയില്‍ നിന്നുമുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക നല്‍കിയിട്ടുള്ള നികുതി ഇളവുകള്‍ക്ക് പെട്ടെന്ന് കോട്ടം തട്ടിട്ടില്ല. ജൂണ്‍ 30 ന് നികുതിയില്ലാതെ വിപണിയിലെത്തിയ ഉല്‍പ്പന്നങ്ങള്‍ ഇപ്പോഴും അതേപടി തുടരുന്നുണ്ട്. എന്നാല്‍ സ്റ്റീല്‍, അലുമിനിയം, ഓട്ടോമൊബൈല്‍, തടി ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്ക് അമേരിക്ക ഏര്‍പ്പെടുത്തിയിട്ടുള്ള കടുത്ത നികുതികള്‍ ഇപ്പോഴും നിലനില്‍ക്കുന്നു എന്നതും ശ്രദ്ധേയമാണ്.

അമേരിക്ക ഈ കരാറില്‍ നിന്ന് പൂര്‍ണ്ണമായി പിന്മാറിയിട്ടില്ല എന്നതും ഇതിനോട് ചേര്‍ത്തു വായിക്കണം. ആറ് മാസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കി ഏത് രാജ്യത്തിനും കരാറില്‍ നിന്ന് പിന്മാറാമെന്ന വ്യവസ്ഥ നിലവിലുണ്ടെങ്കിലും ട്രംപ് ഭരണകൂടം ഇപ്പോള്‍ അങ്ങനെയൊരു നീക്കത്തിന് മുതിര്‍ന്നിട്ടില്ല. ഭാവി ചര്‍ച്ചകളില്‍ കാനഡയ്ക്കും മെക്‌സിക്കോയ്ക്കും മേല്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള ഒരു തന്ത്രമായിട്ടാണ് അമേരിക്ക ഈ താല്കാലിക തടസത്തെ ഉപയോഗിക്കുന്നത്.

വരാനിരിക്കുന്ന ഉഭയകക്ഷി ചര്‍ച്ചകള്‍

മറ്റ് രാജ്യങ്ങളുമായി കൂട്ടമായി ചര്‍ച്ച നടത്തുന്നതിനേക്കാള്‍ വ്യക്തിഗതമായി ചര്‍ച്ച ചെയ്ത് നേട്ടങ്ങള്‍ കൊയ്യാനാണ് അമേരിക്കന്‍ പ്രസിഡന്റിന് താല്പര്യം. ഇതിന്റെ ഭാഗമായി വാഷിംഗ്ടണ്‍ ഇതിനകം തന്നെ മെക്‌സിക്കോയുമായി രണ്ട് റൗണ്ട് ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. വാഹന നിര്‍മ്മാണം, സ്റ്റീല്‍, അലുമിനിയം മേഖലകളിലെ പ്രാദേശിക ഉല്‍പ്പന്നങ്ങളുടെ പങ്ക് വര്‍ദ്ധിപ്പിക്കുക, കൃഷി, പരിസ്ഥിതി പ്രശ്‌നങ്ങള്‍ എന്നിവയായിരുന്നു ഈ ചര്‍ച്ചകളിലെ പ്രധാന വിഷയങ്ങള്‍. വരും ദിവസങ്ങളില്‍ കാനഡയുമായും അമേരിക്ക സമാനമായ ചര്‍ച്ചകള്‍ ആരംഭിക്കുമെന്നാണ് കരുതപ്പെടുന്നത്.

നിലവിലുള്ള മൂന്ന് രാജ്യങ്ങളുടെയും പൊതുവായ കരാറിന് മുകളില്‍ ഓരോ രാജ്യങ്ങളുമായും പ്രത്യേകമായി ഉണ്ടാക്കുന്ന ഉഭയകക്ഷി പ്രോട്ടോക്കോളുകള്‍ കൂട്ടിച്ചേര്‍ക്കാനാണ് അമേരിക്കന്‍ ട്രേഡ് റപ്രസെന്റേറ്റീവ് ജാമിസണ്‍ ഗ്രീര്‍ ലക്ഷ്യമിടുന്നത്. കാനഡയും ഇതിനെ ഒരു പ്രധാന സാധ്യതയായിട്ടാണ് ഇപ്പോള്‍ കാണുന്നത്.

അമേരിക്കയുടെ യഥാര്‍ത്ഥ ലക്ഷ്യങ്ങള്‍

ഈ പുനപരിശോധനാ കാലയളവ് തങ്ങള്‍ക്ക് അനുകൂലമായ പല നിബന്ധനകളും അടിച്ചേല്‍പ്പിക്കാനുള്ള അവസരമായാണ് അമേരിക്ക കാണുന്നത്. കാനഡയിലെ ഓണ്‍ലൈന്‍ സ്ട്രീമിംഗ് നിയന്ത്രണങ്ങള്‍, ഡയറി ഉല്‍പ്പന്നങ്ങളുടെ വിപണി വിഹിതം, മെക്‌സിക്കോയിലെ ഊര്‍ജ്ജ നിക്ഷേപ നിയന്ത്രണങ്ങള്‍ എന്നിവയില്‍ മാറ്റം വരുത്താന്‍ അമേരിക്ക സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.

ഇതിനെല്ലാം പുറമെ, വടക്കേ അമേരിക്കന്‍ വിപണിയിലേക്ക് ചൈനീസ് ഉല്‍പ്പന്നങ്ങളും നിക്ഷേപങ്ങളും കടന്നുവരുന്നത് തടയുക എന്ന വലിയൊരു ലക്ഷ്യവും അമേരിക്കയ്ക്കുണ്ട്. ഉദാഹരണത്തിന്, വാഹന നിര്‍മ്മാണത്തില്‍ വടക്കേ അമേരിക്കന്‍ ഉല്‍പ്പന്നങ്ങളുടെ പങ്ക് 75 ശതമാനത്തില്‍ നിന്നും 82 ശതമാനമായി ഉയര്‍ത്തണമെന്നും അതില്‍ പകുതിയും അമേരിക്കന്‍ നിര്‍മ്മിത ഭാഗങ്ങളായിരിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. ചൈനയില്‍ നിന്നുള്ള ഭീഷണിയെ ചെറുക്കാന്‍ ഒരു വടക്കേ അമേരിക്കന്‍ വ്യാപാര പ്രതിരോധ കോട്ട തീര്‍ക്കുകയാണ് അമേരിക്കയുടെ പ്രധാന അജണ്ട.

സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്ന അനിശ്ചിതത്വം

കരാര്‍ നീട്ടിവെക്കാത്തത് കാനഡ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ ബിസിനസ്സ് നിക്ഷേപങ്ങളെ ബാധിക്കാന്‍ സാധ്യതയുണ്ട്. വരും വര്‍ഷങ്ങളില്‍ എന്താണ് സംഭവിക്കുക എന്ന കാര്യത്തില്‍ വ്യക്തതയില്ലാത്തത് നിക്ഷേപകരില്‍ ആശങ്ക ഉണ്ടാക്കുന്നുണ്ടെന്ന് ബാങ്ക് ഓഫ് കാനഡ വ്യക്തമാക്കുന്നു. കഴിഞ്ഞ കുറച്ചു പാദങ്ങളായി കാനഡയിലെ ബിസിനസ്സ് നിക്ഷേപങ്ങളില്‍ ഇടിവ് രേഖപ്പെടുത്തുന്നത് ഇതിന്റെ സൂചനയാണ്.

വ്യാപാര മേഖല ഉറ്റുനോക്കുന്ന രണ്ട് പ്രധാന തീയതികളാണ് ഇനി മുന്നിലുള്ളത്. ജൂലൈ 20 ന് അമേരിക്കയും മെക്‌സിക്കോയും തമ്മിലുള്ള മൂന്നാം റൗണ്ട് ചര്‍ച്ചകള്‍ ആരംഭിക്കും. അതിലും പ്രധാനമായി, ജൂലൈ 24 ന് അമേരിക്ക തങ്ങളുടെ പുതിയ ആഗോള നികുതി നയം പ്രഖ്യാപിക്കാന്‍ പോവുകയാണ്. ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി നിയന്ത്രിക്കാന്‍ കൊണ്ടുവരുന്ന ഈ പുതിയ നികുതി വ്യവസ്ഥയില്‍ കാനഡയ്ക്കും മെക്‌സിക്കോയ്ക്കും ഇളവുകള്‍ ലഭിക്കുമോ ഇല്ലയോ എന്നത് വടക്കേ അമേരിക്കന്‍ വ്യാപാരത്തിന്റെ ഭാവി നിര്‍ണ്ണയിക്കുന്നതില്‍ അതിപ്രധാനമാകും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam