വഖഫ് ബോർഡ് പുനഃസംഘടനയിൽ അസ്വാഭാവികതയില്ലെന്ന് സമസ്ത സെക്രട്ടറിയും മുൻ വഖഫ് ബോർഡ് അംഗവുമായ ഉമർ ഫൈസി മുക്കം അഭിപ്രായപ്പെട്ടു. ലീഗ് ഭരിക്കുമ്പോൾ അവരുടെ ആളെ നിയമിക്കും. അണികളെ പിടിച്ചുനിർത്താൻ അത് ആവശ്യമാണ്. എം.സി മായിൻ ഹാജി നല്ല ലീഗുകാരനും നല്ല സമസ്തക്കാരനുമാണ്. അദ്ദേഹത്തെ വഖഫ് ബോർഡ് ചെയർമാൻ ആക്കിയതിലൂടെ സമസ്തക്ക് പരിഗണന ലഭിച്ചെന്നും ഉമർ ഫൈസി മീഡിയവണിനോട് പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും സമസ്ത കേരള ഇസ് ലാംമത വിദ്യാഭ്യാസ ബോർഡ് അംഗവുമാണ് മായിൻ ഹാജി.
തുടർച്ചയായി 18 വർഷം സംസ്ഥാന വഖഫ് ബോർഡിൽ മുതവല്ലി വിഭാഗത്തിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട അംഗമായി പ്രവർത്തിച്ചിട്ടുണ്ട് അദ്ദേഹം. കുറുക്കോളി മൊയ്തീൻ എംഎൽഎ, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, എം.പി. മുസ്തഫൽ ഫൈസി, ഡോ. അബ്ദുൽ മജീദ് സ്വലാഹി, സിറാസ് ഡി കപാസി, ജസീം സബാഹ്, സജിന ഫിറോസ്, മദീന ബിഗം എന്നിവരാണ് വഖഫ് ബോർഡിലെ മറ്റ് അംഗങ്ങൾ.
അതേസമയം, വഖഫ് ബോർഡിൽ സമസ്തയിലെ കാന്തപുരം വിഭാഗത്തിന് പ്രാതിനിധ്യം ലഭിക്കാത്തതിൽ എസ്വൈഎസ് സംസ്ഥാന ജനറൽ സെക്രട്ടറി റഹ്മത്തുല്ല സഖാഫി എളമരം പ്രതിഷേധിച്ചു. 20,000-ൽ അധികം മദ്രസകളും ആയിരത്തോളം മത വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുന്ന എ.പി. വിഭാഗത്തിന് ബോർഡിൽ പ്രതിനിധി ഇല്ലാത്തത് അനീതിയാണെന്ന് റഹ്മത്തുല്ല സഖാഫി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
വഖഫ് അംഗത്വം സംഘടനക്കുള്ള അംഗീകാരമെന്ന് നിയുക്ത വഖഫ് ബോർഡ് അംഗവും ദക്ഷിണ കേരള ജംഇയത്തുൽ ഉലമ സംസ്ഥാന സെക്രട്ടറിയുമായ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി പറഞ്ഞു. മുനമ്പം വഖഫ് വിഷയത്തിൽ നേരത്തെ നിലപാട് വ്യക്തമാക്കിയതാണ്. ഇപ്പോൾ ആവർത്തിക്കാനില്ലെന്നും മൗലവി കൂട്ടിച്ചേര്ത്തു. കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചതെന്ന് വഖഫ് മന്ത്രി എൻ.ഷംസുദ്ദീൻ പറഞ്ഞു. മുൻ സർക്കാരിന്റെ നിയമനങ്ങളിൽ പ്രശ്നങ്ങളുണ്ടായിരുന്നു. കോടതിയിൽ മൂന്ന് കേസുകളുമുണ്ടായി. അതിലാണ് സർക്കാർ പുനസംഘടന നടത്തണമെന്ന നിർദേശം വന്നത്. ഇരു സമസ്തകൾക്കും പങ്കാളിത്തമില്ലല്ലോ എന്ന ചോദ്യത്തിന്, എല്ലാ വിഭാഗങ്ങളുമായും ചർച്ച ചെയ്ത ശേഷമാണ് തീരുമാനമെടുത്തതെന്നും വ്യത്യസ്ത ക്വാട്ടകളിലാണ് നിയമനമെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.
English Summary: Samasta secretary Umar Faizi Mukkam stated that the reorganization of the Waqf Board is natural and appointing MC Main Haji as chairman is a consideration for Samasta. He highlighted that MC Main Haji is a good League member and a good Samasta member. Meanwhile, SYS State General Secretary Rahmathulla Saqafi Elamaram criticized the exclusion of the Kanthapuram faction of Samasta from the Waqf Board, calling it an injustice. Waqf Minister N Shamsudheen clarified that the board was reorganized based on court directives due to issues with previous government appointments.
Tags: Malayalam News, News Malayalam, Latest Malayalam News, Vachakam News, Waqf Board, Samasta, Muslim League, Kerala Politics, MC Main Haji
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
