370 രൂപയുടെ ബിരിയാണിക്ക് പകരം 'ലൈംഗികത'; കോമഡി ഷോയിലെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ടെക്കിയുടെ ജോലി തെറിച്ചു!

JUNE 11, 2026, 8:30 AM

ഗുഡ്ഗാവ്: സ്റ്റാന്‍ഡ് അപ്പ് കോമഡി ഷോയ്ക്കിടെ സ്ത്രീവിരുദ്ധവും അങ്ങേയറ്റം അപകീര്‍ത്തികരവുമായ രീതിയില്‍ ലൈംഗികാതിക്രമത്തെ കുറിച്ച് സംസാരിച്ച വെബ് ഡെവലപ്പറെ കമ്പനി ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ഗുഡ്ഗാവ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'സ്റ്റാര്‍വിക് ഡിസൈന്‍'എന്ന ഐടി കമ്പനിയാണ് 23 കാരനായ ഹിമാന്‍ഷു ജാംഗ്ര എന്ന ജീവനക്കാരനെ പുറത്താക്കിയത്.

ഡേറ്റിങ്ങിനിടെ താന്‍ പണം ചിലവാക്കിയതിനെ ലൈംഗികാതിക്രമത്തിനുള്ള ലൈസന്‍സായി ചിത്രീകരിച്ച ഹിമാന്‍ഷുവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്‍ ജനരോഷത്തിന് കാരണമായിരുന്നു. സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ പ്രണിത് മോറിന്റെ പരിപാടിക്കിടെ കാണികളുടെ കൂട്ടത്തില്‍ നിന്നാണ് ഹിമാന്‍ഷു ജാംഗ്ര ഈ വിവാദ പ്രസ്താവന നടത്തിയത്.

ഒരു യുവതിയുമായി ഡേറ്റിങ്ങിന് പോയപ്പോള്‍ താന്‍ 370 രൂപയ്ക്ക് ബിരിയാണി വാങ്ങി നല്‍കിയതായി ഹിമാന്‍ഷു പറയുന്നു. താന്‍ പണം ചിലവാക്കിയതുകൊണ്ട് അതിന് പകരമായി 'ചിലത്' പ്രതീക്ഷിച്ചിരുന്നുവെന്നും, തുക മുതലാക്കാന്‍ വേണ്ടി ആ യുവതിക്ക് ഒട്ടും താല്പര്യമില്ലാതിരുന്നിട്ടും അവരെ ലൈംഗികമായി സമീപിച്ചുവെന്നും ഇയാള്‍ വെളിപ്പെടുത്തി. അതിക്രമത്തെ കുറിച്ച് ഹിമാന്‍ഷു വിവരിക്കുമ്പോള്‍ കൊമേഡിയന്‍ ഉള്‍പ്പെടെ ഷോയിലുണ്ടായിരുന്നവര്‍ ഇതിനെ ഒരു തമാശയായി കണ്ട് ചിരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഈ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് രാജ്യാപകമായി പ്രതിഷേധം ഉയര്‍ന്നത്.

വീഡിയോ പുറത്തുവന്നതോടെ കടുത്ത ഭാഷയിലാണ് സോഷ്യല്‍ മീഡിയ ഈ വിഷയത്തില്‍ പ്രതികരിച്ചത്. ഇത് വെറുമൊരു തമാശയല്ലെന്നും, പരസ്യമായ ലൈംഗികാതിക്രമത്തിന്റെ തുറന്നുപറച്ചിലാണെന്നും ലക്ഷക്കണക്കിന് ആളുകള്‍ ചൂണ്ടിക്കാട്ടി. 'പണം ചെലവാക്കുന്നത് സ്ത്രീകളുടെ മേല്‍ അതിക്രമം നടത്താനുള്ള അധികാരമാണോ?' എന്ന ചോദ്യമുയര്‍ത്തി വലിയ ചര്‍ച്ചകളാണ് ഡിജിറ്റല്‍ ഇടങ്ങളില്‍ നടന്നത്. ഇതോടെ #BiryaniIsNotConsent# എന്ന ഹാഷ്ടാഗ് എക്സ്, ഇന്‍സ്റ്റാഗ്രാം പ്ലാറ്റ്ഫോമുകളില്‍ വന്‍തോതില്‍ ട്രെന്‍ഡിങ് ആയി മാറി.

സംഭവം നിയമനടപടികളിലേക്ക് നീങ്ങുമെന്ന ഘട്ടമെത്തിയതോടെ കൊമേഡിയന്‍ പ്രണിത് മോറും, പ്രതിക്കൂട്ടിലായ ഹിമാന്‍ഷു ജാംഗ്രയും പരസ്യമായി ക്ഷമാപണം നടത്തി. ഹിമാന്‍ഷുവിന്റെ വാക്കുകള്‍ കേട്ട് വേദിയിലിരുന്ന് ചിരിച്ചതിന് പ്രണിത് മോറെ വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. തന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നും, ചിരിച്ചുതള്ളുന്നതിന് പകരം ആ പരാമര്‍ശത്തെ തത്സമയം ചോദ്യം ചെയ്യണമായിരുന്നുവെന്നും പ്രണീത് വ്യക്തമാക്കി. സൈബര്‍ ആക്രമണം ശക്തമായതോടെ ഹിമാന്‍ഷു തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്തു രക്ഷപെട്ടു.

ഹിമാന്‍ഷുവിന്റെ പെരുമാറ്റം കമ്പനിയുടെ മൂല്യങ്ങള്‍ക്ക് നിരക്കാത്തതാണെന്ന് ചൂണ്ടിക്കാണിച്ചാണ് സ്റ്റാര്‍വിക് ഡിസൈന്‍ ഇയാളെ ഉടനടി പുറത്താക്കിയത്. കമ്പനി സ്ഥാപകന്‍ വിവേക് വിശ്വകര്‍മ്മ സംഭവത്തില്‍ വ്യക്തത വരുത്തി രംഗത്തെത്തി. ഓഫീസിനുള്ളില്‍ ഹിമാന്‍ഷു തികച്ചും പ്രൊഫഷണലായാണ് പെരുമാറിയിരുന്നത്. എന്നാല്‍ ഓഫീസിന് പുറത്തുള്ള അയാളുടെ ഇത്തരം പെരുമാറ്റം സ്ഥാപനത്തിന്റെ പ്രതിച്ഛായയെയും സ്ത്രീ സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷത്തെയും ബാധിക്കും. തെറ്റുകള്‍ക്ക് എപ്പോഴും പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. ഇതൊരു തിരുത്തല്‍ അവസരമായി മാറുമെന്ന് പ്രത്യാശിക്കുന്നുവെന്ന് വിവേക് വിശ്വകര്‍മ്മ പറഞ്ഞു.

വ്യക്തികളുടെ പൊതുബോധവും സ്ത്രീകളോടുള്ള സമീപനവും സോഷ്യല്‍ മീഡിയയിലൂടെ ചോദ്യം ചെയ്യപ്പെടുന്ന കാലത്ത്, കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ ഇത്തരം വിഷയങ്ങളില്‍ എത്രത്തോളം കര്‍ശനമായ നിലപാടാണ് സ്വീകരിക്കുന്നത് എന്നതിന്റെ ശക്തമായ ഉദാഹരണമായി മാറിയിരിക്കുകയാണ് ഈ സംഭവം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam