വാഷിംഗ്ടണ്‍: കാനഡയുമായുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാര തര്‍ക്കം രൂക്ഷമാകുന്നതോടെ അമേരിക്കയിലെ നിര്‍ണ്ണായക പോരാട്ട ഭൂമിയായ മിഷിഗണ്‍ സംസ്ഥാനം കനത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. രാജ്യത്തെ ഏറ്റവും ശ്രദ്ധേയമായ മിഡ്ടേം സെനറ്റ് തിരഞ്ഞെടുപ്പ് നടക്കുന്ന മിഷിഗണില്‍, കാനഡയുമായുള്ള അതിര്‍ത്തി കടന്നുള്ള വിതരണ ശൃംഖലയെ ആശ്രയിച്ചു കഴിയുന്ന ഓട്ടോമൊബൈല്‍ വ്യവസായത്തിന് ഈ തര്‍ക്കം വന്‍ പ്രഹരമാണ് ഏല്‍പ്പിക്കുന്നത്.
മിഷിഗണ്‍ ഗതാഗത വകുപ്പിന്റെ കണക്കനുസരിച്ച്, 2025 ല്‍ സംസ്ഥാനത്തിന്റെ ആകെ കയറ്റുമതിയുടെ 36 ശതമാനവും (ഏകദേശം 21.2 ബില്യണ്‍ ഡോളര്‍) കാനഡയിലേക്കായിരുന്നു. ഇതില്‍ സിംഹഭാഗവും വാഹനങ്ങളും അവയുടെ ഭാഗങ്ങളുമാണ്. ട്രംപും കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയും തമ്മിലുള്ള ചര്‍ച്ചകള്‍ പരാജയപ്പെടുകയും പരസ്പരം ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ പുതിയ താരിഫുകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുകയും ചെയ്തതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായി. ചില കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം അധിക തീരുവ ചുമത്തിയതിന് പുറമെ സെപ്റ്റംബര്‍ 29 മുതല്‍ ചില ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തടയുകയും ചെയ്തിട്ടുണ്ട്.
വാഹന നിര്‍മ്മാണ മേഖലയില്‍ കാനഡയും മിഷിഗണും തമ്മിലുള്ള ശക്തമായ ബന്ധമാണ് ഈ മേഖലയെ കൂടുതല്‍ ദുര്‍ബലമാക്കുന്നത്. യു.എസില്‍ നിര്‍മ്മിക്കുന്ന ഒരു വാഹനത്തിന്റെ ഒരു ഭാഗം മാത്രം പൂര്‍ണ്ണമായി നിര്‍മ്മിച്ച് തീരുന്നതിന് മുമ്പ് എട്ട് തവണയോളം അതിര്‍ത്തി കടക്കാറുണ്ട്. അതിര്‍ത്തി കടന്നുപോകുന്ന ഓട്ടോമോട്ടീവ് ഭാഗങ്ങള്‍ക്ക് തീരുവ ചുമത്തുന്നത് വാഹനങ്ങളുടെ നിര്‍മ്മാണച്ചെലവ് ക്രമാതീതമായി ഉയര്‍ത്തും. ഇത് ഷോറൂമുകളില്‍ വാഹനങ്ങള്‍ക്ക് ഉയര്‍ന്ന വിലയാകാനും ഒടുവില്‍ സാധാരണക്കാരായ ഡ്രൈവര്‍മാരുടെ കീശ ചോര്‍ത്താനും ഇടയാക്കുമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
സ്ഥാനമൊഴിയുന്ന ഡെമോക്രാറ്റിക് സെനറ്റര്‍ ഗാരി പീറ്റേഴ്‌സിന്റെ ഒഴിവിലേക്ക് ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി അബ്ദുള്‍ എല്‍-സയീദും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി മൈക്ക് റോജേഴ്‌സും തമ്മില്‍ വന്‍ മത്സരം നടക്കുന്ന സമയത്താണ് ഈ സാമ്പത്തിക പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. അമേരിക്കന്‍ വ്യവസായങ്ങളെയും തൊഴിലാളികളെയും സംരക്ഷിക്കാനാണ് ഈ നടപടികളെന്ന് ട്രംപ് ഭരണകൂടം അവകാശപ്പെടുമ്പോഴും, വോട്ടെടുപ്പ് അടുത്തിരിക്കെ വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവും ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റവും മിഡ്ടേം തിരഞ്ഞെടുപ്പില്‍ ട്രംപിനും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും വലിയ രാഷ്ട്രീയ തിരിച്ചടിയായേക്കാമെന്നാണ് വിലയിരുത്തല്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
