വിമാന ടിക്കറ്റ് ബുക്കിംഗില്‍ മാറ്റങ്ങളുമായി അമേരിക്കന്‍ എയര്‍ലൈന്‍സ്: യാത്രക്കാര്‍ക്ക് ഇനി പണവും റിവാര്‍ഡ് മൈലുകളും ഒരുമിച്ച് ഉപയോഗിക്കാം

OCTOBER 2, 2026, 8:46 PM

വാഷിംഗ്ടണ്‍: വിമാന ടിക്കറ്റ് നിരക്കുകള്‍ റോക്കറ്റ് പോലെ കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ യാത്രക്കാര്‍ക്ക് വലിയ ആശ്വാസമേകുന്ന പുതിയ പേയ്മെന്റ് രീതിയുമായി പ്രമുഖ വിമാനക്കമ്പനിയായ അമേരിക്കന്‍ എയര്‍ലൈന്‍സ്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ പണവും എയര്‍ലൈന്‍ മൈലുകളും (Cash and Miles) ഒന്നിച്ച് ചേര്‍ത്ത് നല്‍കാനുള്ള സൗകര്യമാണ് കമ്പനി പുതുതായി അവതരിപ്പിക്കുന്നത്. എയര്‍ലൈന്‍സിന്റെ 'Advantage' ലോയല്‍റ്റി പ്രോഗ്രാമിലുള്ള യു.എസ് അംഗങ്ങള്‍ക്ക് ആഭ്യന്തര സര്‍വീസുകളില്‍ ഈ സേവനം പ്രയോജനപ്പെടുത്താം.

എന്നാല്‍ അലാസ്‌ക, ഹവായ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളെ നിലവില്‍ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും വരും ദിവസങ്ങളില്‍ കൂടുതല്‍ റൂട്ടുകളിലേക്ക് ഈ സൗകര്യം വ്യാപിപ്പിക്കാന്‍ കമ്പനി ലക്ഷ്യമിടുന്നുണ്ട്. യാത്രക്കാര്‍ക്ക് തങ്ങളുടെ അംഗത്വത്തില്‍ നിന്ന് പരമാവധി പ്രയോജനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി ഈ മാറ്റം കൊണ്ടുവരുന്നത്. അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ വെബ്സൈറ്റോ മൊബൈല്‍ ആപ്പോ വഴി വളരെ എളുപ്പത്തില്‍ ഇത്തരത്തില്‍ ബുക്കിംഗ് നടത്താം.

ഉപയോക്താക്കള്‍ തങ്ങളുടെ ലോയല്‍റ്റി അക്കൗണ്ടില്‍ ലോഗിന്‍ ചെയ്ത ശേഷം വിമാനം തിരഞ്ഞെടുക്കുമ്പോള്‍ ചെക്ക്ഔട്ട് സ്‌ക്രീനില്‍ ഒരു ഇന്ററാക്ടീവ് സ്ലൈഡര്‍ ദൃശ്യമാകും. ഇത് ഉപയോഗിച്ച് ആവശ്യാനുസരണം എത്ര പണവും എത്ര മൈലുകളും വേണമെന്ന് യാത്രക്കാര്‍ക്ക് തന്നെ നിശ്ചയിക്കാന്‍ സാധിക്കും. എതിരാളികളായ ഡെല്‍റ്റ എയര്‍ ലൈന്‍സും യുണൈറ്റഡ് എയര്‍ലൈന്‍സും നിലവില്‍ ഇത്തരത്തിലുള്ള ഫ്‌ളെക്‌സിബിള്‍ പേയ്മെന്റ് ഓപ്ഷനുകള്‍ നല്‍കുന്നുണ്ട്. വരും ആഴ്ചകളില്‍ തന്നെ പുതിയ ഫീച്ചര്‍ പൂര്‍ണമായും ലഭ്യമായി തുടങ്ങും.

ഇതിനുപുറമെ, വിപണിയിലെ സാന്നിധ്യം ശക്തമാക്കാന്‍ ലക്ഷ്യമിട്ട് മറ്റൊരു പ്രൊമോഷണല്‍ ഓഫറും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് എയര്‍ലൈനുകളില്‍ ഉയര്‍ന്ന പദവിയുള്ള യാത്രക്കാര്‍ക്ക് തങ്ങളുടെ വിമാനങ്ങളിലും അതിന് തുല്യമായ പദവി നല്‍കുന്നതാണ് ഈ പദ്ധതി. ഡെല്‍റ്റ സ്‌കൈമൈല്‍സ്, ജെറ്റ്ബ്ലൂ ട്രൂബ്ലൂ തുടങ്ങിയ റിവാര്‍ഡ് പ്രോഗ്രാമുകളിലെ തങ്ങളുടെ സ്റ്റാറ്റസിന്റെ തെളിവ് സമര്‍പ്പിക്കുന്ന യാത്രക്കാര്‍ക്ക് നാല് മാസത്തേക്ക് സാധുതയുള്ള ഇന്‍സ്റ്റന്റ് സ്റ്റാറ്റസ് പാസ് അമേരിക്കന്‍ എയര്‍ലൈന്‍സ് നല്‍കും.

ഇറാന്‍ യുദ്ധത്തെത്തുടര്‍ന്ന് ആഗോളതലത്തില്‍ എണ്ണ വിതരണം തടസ്സപ്പെടുകയും വിമാന ഇന്ധന വില കുത്തനെ ഉയരുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഈ പുതിയ നയങ്ങള്‍ വരുന്നത്. വിമാനക്കമ്പനികളുടെ മൊത്തം പ്രവര്‍ത്തനച്ചെലവിന്റെ 30 ശതമാനത്തോളം ഇന്ധനത്തിനായി ചെലവാകുന്നതിനാല്‍ ടിക്കറ്റ് നിരക്കുകളില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. വരാനിരിക്കുന്ന അവധിക്കാലത്ത് വിമാന നിരക്കുകള്‍ കഴിഞ്ഞ 10 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തുമെന്നാണ് പ്രവചനങ്ങള്‍.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് താങ്ക്‌സ്ഗിവിംഗ് സമയത്തെ റൗണ്ട് ട്രിപ്പ് വിമാന നിരക്കുകളില്‍ ഇപ്പോള്‍ തന്നെ 31 ശതമാനത്തിന്റെ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പ്രതിസന്ധി ഘട്ടത്തില്‍ പുതിയ പേയ്മെന്റ് രീതി യാത്രക്കാര്‍ക്ക് സാമ്പത്തികമായി ഏറെ ആശ്വാസം നല്‍കുമെന്നാണ് കരുതപ്പെടുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam