വാഷിംഗ്ടണ്‍: അന്തരിച്ച കുപ്രസിദ്ധ യുഎസ് സാമ്പത്തിക ഇടപാടുകാരനും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്‌സ്‌റ്റൈനുമായി തനിക്ക് യാതൊരുവിധ വ്യക്തിപരമായ സൗഹൃദവും ഉണ്ടായിരുന്നില്ലെന്ന് ശതകോടീശ്വരനും മൈക്രോസോഫ്റ്റ് സ്ഥാപകനുമായ ബില്‍ ഗേറ്റ്‌സ്. യുഎസ് ജനപ്രതിനിധി സഭയുടെ ഹൗസ് ഓവര്‍സൈറ്റ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് സമാഹരിക്കാന്‍ എപ്‌സ്റ്റീന് സാധിക്കില്ലെന്ന് ഉറപ്പായതോടെയാണ് അദ്ദേഹവുമായുള്ള ബന്ധം പൂര്‍ണ്ണമായും ഉപേക്ഷിച്ചതെന്നും ബില്‍ ഗേറ്റ്‌സ് സമിതിയെ അറിയിച്ചു. എപ്‌സ്റ്റീന്റെ സാമ്പത്തിക-ലൈംഗിക കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ സ്വമേധയാ ആണ് ബില്‍ ഗേറ്റ്‌സ് ഹാജരായത്. രഹസ്യമായി നടന്ന ഹിയറിംഗില്‍, എപ്‌സ്റ്റീന്‍ ഫണ്ട് സമാഹരണത്തിനായി സമീപിച്ച മറ്റ് പ്രമുഖ വ്യക്തികളുടെ പേരുകളും ഗേറ്റ്‌സ് വെളിപ്പെടുത്തിയതായാണ് സൂചന. മാത്രമല്ല, തന്റെ വ്യക്തി ജീവിതത്തിലെ വീഴ്ചകളും വിവാഹേതര ബന്ധങ്ങളും ഉപയോഗിച്ച് എപ്‌സ്റ്റീന്‍ തന്നെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിച്ചിരുന്നതായി ബില്‍ ഗേറ്റ്‌സ് സമിതിക്ക് മുന്നില്‍ സമ്മതിച്ചു.
'എന്റെ വ്യക്തിജീവിതത്തിലെ ചില വീഴ്ചകളും അതിനോടൊപ്പം ഒട്ടനവധി നുണകളും ചേര്‍ത്തുവെച്ച്, വീണ്ടും താനുമായി സഹകരിക്കാന്‍ എപ്‌സ്‌റ്റൈന്‍ എന്നെ നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ ആ ശ്രമം വിജയിച്ചില്ല.' - ബില്‍ ഗേറ്റ്‌സ് തുറന്നുപറഞ്ഞു.
എപ്‌സ്റ്റീന്റെ കുറ്റകൃത്യങ്ങളെക്കുറിച്ച് തനിക്ക് യാതൊരു അറിവും ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കിയ ഗേറ്റ്‌സ്, താന്‍ ഒരിക്കലും എപ്‌സ്റ്റീന്റെ വിവാദ ദ്വീപിലോ റാഞ്ചിലോ ഫ്‌ലോറിഡയിലെ വീട്ടിലോ പോയിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു. എപ്‌സ്റ്റീനുമായി ഒരു വ്യക്തിബന്ധം സ്ഥാപിക്കാന്‍ തനിക്ക് താല്പര്യമില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ വര്‍ഷം ജനുവരിയില്‍ യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് പുറത്തുവിട്ട ലക്ഷക്കണക്കിന് രേഖകളില്‍ ബില്‍ ഗേറ്റ്‌സിന്റെ പേര് പരാമര്‍ശിക്കപ്പെട്ടിരുന്നു. റഷ്യന്‍ യുവതികളുമായുള്ള ഗേറ്റ്‌സിന്റെ അവിഹിത ബന്ധങ്ങളെക്കുറിച്ചും ഇതിലൂടെ പടര്‍ന്ന ലൈംഗിക രോഗത്തിനുള്ള മരുന്നുകള്‍ എപ്‌സ്റ്റീന്‍ എത്തിച്ചു നല്‍കിയെന്നുമുള്ള ചില ഇമെയില്‍ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ പൂര്‍ണ്ണമായും അടിസ്ഥാനരഹിതമാണെന്ന് ഗേറ്റ്‌സ് തള്ളിപ്പറഞ്ഞു. രണ്ട് റഷ്യന്‍ യുവതികളുമായി മുന്‍പ് ബന്ധമുണ്ടായിരുന്നു എന്നത് മാത്രമാണ് അദ്ദേഹം സമ്മതിച്ചത്.
കമ്മിറ്റിയിലെ അംഗങ്ങളുടെ വിലയിരുത്തല്‍ അനുസരിച്ച്, എപ്‌സ്റ്റീന്‍ ഒരു 'ഫ്രണ്ട് കളക്ടര്‍' (പ്രമുഖരെ കൂടെ നിര്‍ത്താന്‍ ഇഷ്ടപ്പെടുന്നയാള്‍) ആയിരുന്നു. ബില്‍ ഗേറ്റ്‌സിനെപ്പോലുള്ള അതിസമ്പന്നരായ പ്രമുഖരുമായി ബന്ധം സ്ഥാപിച്ച് സ്വന്തം അധികാരവും സ്വാധീനവും സമൂഹത്തില്‍ പ്രദര്‍ശിപ്പിക്കാനാണ് എപ്‌സ്‌റ്റൈന്‍ ശ്രമിച്ചതെന്ന് കമ്മിറ്റി അംഗമായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രതിനിധി ടിം ബര്‍ച്ചെറ്റ് പറഞ്ഞു.
ആഗോള ആരോഗ്യ സംരക്ഷണ പദ്ധതികള്‍ക്കായി വലിയ ഫണ്ട് വാഗ്ദാനം ചെയ്താണ് 2011 ല്‍ എപ്‌സ്‌റ്റൈന്‍ ബില്‍ ഗേറ്റ്‌സിനെ സമീപിക്കുന്നത്. എന്നാല്‍ 2014 ഓടെ ഈ ചര്‍ച്ചകള്‍ വെറും 'dead-end' (തുടര്‍ച്ചയില്ലാത്തത്) ആണെന്ന് മനസ്സിലാക്കി ബന്ധം അവസാനിപ്പിക്കുകയായിരുന്നുവെന്ന് ഗേറ്റ്‌സ് വ്യക്തമാക്കി.
എപ്‌സ്റ്റീന്‍ കേസുമായി ബന്ധപ്പെട്ട് മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍, മുന്‍ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണ്‍ തുടങ്ങിയ നിരവധി പ്രമുഖരെ കമ്മിറ്റി ഇതിനോടകം ചോദ്യം ചെയ്തിട്ടുണ്ട്. 2019 ല്‍ ജയിലില്‍ കഴിയവെയാണ് എപ്‌സ്റ്റീന്‍ ആത്മഹത്യ ചെയ്തത്. എപ്‌സ്റ്റീന്റെ പങ്കാളിയായ ഗിസ്ലെയിന്‍ മാക്‌സ്വെല്‍ നിലവില്‍ 20 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
