ഒട്ടാവ: കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കിയതോടെ കാനഡയിലെ ജനസംഖ്യയില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി. 2026 ന്റെ ആദ്യ മൂന്ന് മാസങ്ങളില്‍ രാജ്യത്തെ ജനസംഖ്യയില്‍ നേരിയ ഇടിവുണ്ടായതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ പുറത്തുവിട്ട പ്രാഥമിക കണക്കുകള്‍ വ്യക്തമാക്കുന്നു. തുടര്‍ച്ചയായ മൂന്നാം പാദത്തിലാണ് കാനഡയില്‍ ജനസംഖ്യ താഴോട്ട് പോകുന്നത്.
ഏപ്രില്‍ ഒന്ന് വരെയുള്ള കണക്കനുസരിച്ച് കാനഡയിലെ ജനസംഖ്യ ഏകദേശം 4.14 കോടിയാണ് (41.4 മില്യണ്‍). മുന്‍ പാദത്തെ അപേക്ഷിച്ച് 0.1 ശതമാനത്തിന്റെ കുറവാണ് ജനസംഖ്യയില്‍ ഉണ്ടായിരിക്കുന്നത്. എന്നാല്‍ ഇത് പ്രാഥമിക കണക്കാണെന്നും സെപ്റ്റംബറോടെ അന്തിമ വിവരങ്ങള്‍ പുറത്തുവിടുമെന്നും അധികൃതര്‍ അറിയിച്ചു.
കുടിയേറ്റക്കാരുടെ എണ്ണത്തില്‍ വന്‍ കുറവ്
ഈ വര്‍ഷത്തെ ആദ്യ പാദത്തില്‍ 83,149 പേര്‍ക്കാണ് കാനഡ സ്ഥിരതാമസത്തിനുള്ള അനുമതി നല്‍കിയത്. തൊട്ടു മുന്‍പത്തെ പാദത്തിന് സമാനമാണിതെങ്കിലും കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 20.2 ശതമാനത്തിന്റെ വന്‍ കുറവാണ് ഉണ്ടായിരിക്കുന്നത്. വിദേശ വിദ്യാര്‍ത്ഥികള്‍, താല്‍ക്കാലിക തൊഴിലാളികള്‍, അഭയാര്‍ത്ഥികള്‍ എന്നിവരടങ്ങുന്ന താല്‍ക്കാലിക താമസക്കാരുടെ എണ്ണത്തിലും 4.4 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ 2.55 മില്യണ്‍ താല്‍ക്കാലിക താമസക്കാരാണ് കാനഡയിലുള്ളത്.
കോവിഡിന് ശേഷം തൊഴിലവസരങ്ങള്‍ നികത്തുന്നതിനായി 2022, 2023 വര്‍ഷങ്ങളില്‍ കാനഡ വന്‍തോതില്‍ കുടിയേറ്റക്കാരെ ആകര്‍ഷിച്ചിരുന്നു. എന്നാല്‍ നിലവില്‍ താല്‍ക്കാലിക താമസക്കാര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുകയും സ്ഥിരതാമസത്തിനുള്ള ലക്ഷ്യങ്ങള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്തതാണ് ജനസംഖ്യ കുറയാന്‍ കാരണം. ജനസംഖ്യയിലുണ്ടായ ഈ കുറവ് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ മന്ദഗതിയിലാക്കിയതായി കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി അടുത്തിടെ ചൂണ്ടിക്കാണിച്ചിരുന്നു.
ജനന-മരണ നിരക്കുകളിലെ മാറ്റം
കുടിയേറ്റം മാത്രമല്ല, രാജ്യത്തെ സ്വാഭാവിക ജനസംഖ്യാ വളര്‍ച്ചയിലും കുറവുണ്ടായിട്ടുണ്ട്. ആദ്യ പാദത്തില്‍ ജനന നിരക്കിനേക്കാള്‍ മരണ നിരക്ക് 155 എണ്ണം കൂടുതലായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ജനസംഖ്യയില്‍ 983 പേരുടെ സ്വാഭാവിക വര്‍ദ്ധനവ് ഉണ്ടായ സ്ഥാനത്താണിത്.
പുതിയ ഭവനപഠന റിപ്പോര്‍ട്ട്
ഇതോടൊപ്പം സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ പുറത്തുവിട്ട മറ്റൊരു പഠന റിപ്പോര്‍ട്ടും ശ്രദ്ധേയമാവുകയാണ്. കാനഡയില്‍ അടുത്തിടെയെത്തിയ കുടിയേറ്റക്കാര്‍ക്ക് മറ്റ് കനേഡിയന്‍ പൗരന്മാരേക്കാള്‍ വരുമാനം കുറവാണെങ്കിലും, അവര്‍ കൂടുതല്‍ വിലകൂടിയ വീടുകളാണ് വാങ്ങുന്നതെന്ന് പഠനം പറയുന്നു. കൂടുതല്‍ ഭവന വായ്പകള്‍ എടുക്കാന്‍ തയ്യാറാകുന്നതും, വിരമിക്കല്‍ കാലത്തേക്കുള്ള സമ്പാദ്യം കുറയ്ക്കുന്നതും, വിദേശത്തുനിന്നുള്ള ഫണ്ടുകള്‍ ഉപയോഗിക്കുന്നതുമാണ് ഇതിന് കാരണം.
2018 നും 2021 നും ഇടയില്‍ കാനഡയില്‍ ജനിച്ചവരുടെ ഭവന ഉടമസ്ഥത നിരക്ക് കുറഞ്ഞപ്പോള്‍, പുതിയ കുടിയേറ്റക്കാരുടേത് വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. ഉദാഹരണത്തിന്, ഒന്റാറിയോയില്‍ കാനഡയില്‍ ജനിച്ചവരുടെ വീട് വാങ്ങല്‍ നിരക്ക് 50.7 ശതമാനത്തില്‍ നിന്ന് 47.8 ആയി കുറഞ്ഞപ്പോള്‍, കുടിയേറ്റക്കാരുടേത് 35.7 ശതമാനത്തില്‍ നിന്ന് 40.2 ശതമാനമായി ഉയര്‍ന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
