ഡെട്രോയിറ്റ്: മിഷിഗണിലെ ഗ്രാമീണ മേഖലയില്‍ പരിശീലന പറക്കലിനിടെ വ്യോമസേനയുടെ എഫ്-16 ഫൈറ്റര്‍ ജെറ്റ് തകര്‍ന്നു വീണു. അപകടത്തിന് തൊട്ടുമുമ്പ് പൈലറ്റ് വിമാനത്തില്‍ നിന്ന് സുരക്ഷിതമായി പുറത്തുകടന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന പൈലറ്റ് പൂര്‍ണ്ണ ബോധവാനാണെന്നും സംസാരിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു. സൈനിക നയം മുന്‍നിര്‍ത്തി പൈലറ്റിന്റെ വ്യക്തിവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
വിമാനത്തിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് വിഷാംശമുള്ള അപായകരമായ രാസവസ്തുക്കള്‍ ചോര്‍ന്നതിനെ തുടര്‍ന്ന് അപകടസ്ഥലത്തിന് ഒരു മൈല്‍ ചുറ്റളവിലുള്ള പ്രദേശവാസികളെ പോലീസ് അടിയന്തരമായി ഒഴിപ്പിച്ചു. എഫ്-16 ജെറ്റുകളിലെ എമര്‍ജന്‍സി പവര്‍ യൂണിറ്റില്‍ ഉപയോഗിക്കുന്ന ഹൈഡ്രസിന്‍ എന്ന രാസവസ്തുവാകാം ചോര്‍ന്നതെന്നാണ് കരുതുന്നത്.
പറക്കലിനിടെ വിമാനത്തില്‍ പക്ഷി ഇടിച്ചതാകാം അപകടത്തിന് കാരണമെന്ന് കൂടെയുണ്ടായിരുന്ന മറ്റൊരു പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളിന് സന്ദേശം നല്‍കിയിരുന്നു. എന്നാല്‍ അപകടകാരണത്തെക്കുറിച്ച് വ്യോമസേന ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അതിനുശേഷമേ കൃത്യമായ വിവരങ്ങള്‍ ലഭ്യമാകൂ എന്നും അധികൃതര്‍ വ്യക്തമാക്കി.
വിമാനം വളരെ താഴ്ന്നും വേഗത കുറഞ്ഞും പറന്നതിന് പിന്നാലെ വലിയ സ്‌ഫോടന ശബ്ദത്തോടെ പാടത്തേക്ക് പതിക്കുകയായിരുന്നെന്ന് പ്രദേശവാസികള്‍ പറഞ്ഞു. സ്‌ഫോടനത്തെ തുടര്‍ന്ന് പ്രദേശത്ത് കറുത്ത പുക ഉയരുകയും തീപിടുത്തമുണ്ടാകുകയും ചെയ്തു. ടെക്‌സസിലെ ജോയിന്റ് ബേസ് സാന്‍ അന്റോണിയോ-ലാക്ക്ലാന്‍ഡില്‍ നിന്നുള്ള സൈനിക പരിശീലന സംഘത്തിന്റെ ഭാഗമായിരുന്നു ഈ വിമാനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
