ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും പ്രായമേറിയ കരജീവിയായ ജോനാഥന്‍ എന്ന ഭീമന്‍ ആമയുടെ ജീനോം വിശകലനം ചെയ്ത ശാസ്ത്രജ്ഞര്‍, വാര്‍ദ്ധക്യത്തെ ചെറുത്തുതോല്‍പ്പിക്കുന്ന ചില അപൂര്‍വ്വ ജനിതക രഹസ്യങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. സയന്‍സ് അഡ്വാന്‍സസ് മാസികയില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനം അനുസരിച്ച്, കോശങ്ങളുടെ നാശവും കാന്‍സര്‍ പോലുള്ള രോഗങ്ങളും തടയാന്‍ സഹായിക്കുന്ന 287 ജീന്‍ വ്യതിയാനങ്ങള്‍ ജോനാഥന്റെ ശരീരത്തില്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍. വാര്‍ദ്ധക്യത്തിലേക്ക് കടക്കുമ്പോള്‍ മനുഷ്യരിലും മറ്റ് ജീവികളിലും ജീന്‍ നിയന്ത്രണങ്ങള്‍ തകരാറിലാകാറുണ്ടെങ്കിലും, രണ്ട് നൂറ്റാണ്ടുകളോട് അടുക്കുന്ന ജോനാഥന്റെ ശരീരത്തില്‍ ഇന്നും ഒരു യുവ ജീവിയുടെ ജനിതക പ്രതിരോധ സംവിധാനമാണ് പ്രവര്‍ത്തിക്കുന്നത്.
ഇന്ത്യന്‍ മഹാസമുദ്രത്തിലെ സെഷെല്‍സ് ദ്വീപുകളില്‍ നിന്നുള്ള ആല്‍ഡാബ്ര ഇനത്തില്‍പ്പെട്ട ഈ ഭീമന്‍ ആമ, ജീവിതത്തിന്റെ ഭൂരിഭാഗവും തെക്കന്‍ അറ്റ്‌ലാന്റിക് സമുദ്രത്തിലെ സെന്റ് ഹെലീന ദ്വീപിലാണ് ചെലവഴിച്ചത്. 1882 ല്‍ എടുത്ത ഒരു ചിത്രത്തില്‍ ഇതിനകം പൂര്‍ണ്ണ വളര്‍ച്ചയെത്തിയ അവസ്ഥയില്‍ കാണപ്പെട്ടതിനെ അടിസ്ഥാനമാക്കിയാണ് ശാസ്ത്രജ്ഞര്‍ ജോനാഥന് ഇപ്പോള്‍ 194 വയസ്സ് പ്രായം കണക്കാക്കുന്നത്. കാഴ്ചശക്തി നഷ്ടപ്പെട്ടെങ്കിലും, 180 കിലോഗ്രാം ഭാരമുള്ള ഈ ആമ ഇന്നും അനായാസമായി നടന്നുനീങ്ങുന്നു.
ഡി.എന്‍.എ പുനരുദ്ധാരണത്തിനും കോശങ്ങളിലെ വീക്കം കുറയ്ക്കുന്നതിനും ആവശ്യമായ പ്രോട്ടീനുകള്‍ ജോനാഥന്റെ ശരീരം കൃത്യമായി ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. കൂടാതെ കോശങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുന്ന മൈറ്റോകോണ്‍ഡ്രിയകള്‍ ഇപ്പോഴും മികച്ച ആരോഗ്യത്തോടെ നിലനില്‍ക്കുന്നതായും ഗവേഷകര്‍ കണ്ടെത്തി. 110 വയസ്സിന് മുകളില്‍ ജീവിക്കുന്ന മനുഷ്യരിലും സമാനമായ മൈറ്റോകോണ്‍ഡ്രിയല്‍ ആരോഗ്യം കാണപ്പെടാറുണ്ട്.
ഈ ജനിതക മാതൃക ഭാവിയില്‍ മനുഷ്യരിലെ വാര്‍ദ്ധക്യസഹജമായ രോഗങ്ങള്‍ തടയുന്നതിനും കോശക്ഷയം കുറയ്ക്കുന്നതിനുമുള്ള പുതിയ ചികിത്സാ രീതികള്‍ വികസിപ്പിക്കാന്‍ സഹായിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ. കൂടുതല്‍ ഭീമന്‍ ആമകളില്‍ ഇതേ രീതിയിലുള്ള ഗവേഷണങ്ങള്‍ തുടരാനാണ് ശാസ്ത്രജ്ഞര്‍ തീരുമാനിച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
