വാഷിംഗ്ടണ്‍: ചൈനീസ് കമ്പനികള്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ്, അത് മുന്‍കൂട്ടി അറിഞ്ഞ് ചില അജ്ഞാത വ്യാപാരികള്‍ നടത്തിയ വന്‍കിട ഓപ്ഷന്‍സ് ട്രേഡിങ്ങിനെക്കുറിച്ച് അമേരിക്കന്‍ വിപണി നിയന്ത്രണ ഏജന്‍സിയായ എസ്.ഇ.സി അന്വേഷണം ആരംഭിച്ചു. ആഗോള വിപണിയിലെ പ്രമുഖ ഹെഡ്ജ് ഫണ്ടായ സസ്‌ക്വെഹന്ന ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് രഹസ്യ അന്വേഷണം.
മെയ് 22 ന് ചൈനീസ് സര്‍ക്കാര്‍ അവിടുത്തെ പ്രമുഖ ഓണ്‍ലൈന്‍ ബ്രോക്കറേജ് കമ്പനികളായ ഫൂട്ടൂ, അപ് ഫിന്‍ടെക് എന്നിവര്‍ക്കെതിരെ അനധികൃതമായി വിദേശ നിക്ഷേപം പ്രോത്സാഹിപ്പിച്ചു എന്ന കുറ്റത്തിന് കടുത്ത ശിക്ഷാനടപടികള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ പ്രഖ്യാപനം പുറത്തുവരുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ ചില അജ്ഞാത ട്രേഡര്‍മാര്‍ ഈ രണ്ട് ചൈനീസ് കമ്പനികളുടെയും ഓഹരി വില ഇടിയുമെന്ന് പ്രവചിക്കുന്ന തരത്തിലുള്ള പുട്ട് ഓപ്ഷനുകള്‍ വന്‍തോതില്‍ വാങ്ങി കൂട്ടുകയായിരുന്നു.
വെറും 12 മില്യണ്‍ ഡോളര്‍ മാത്രം മുടക്കിയാണ് ഇവര്‍ ഓപ്ഷനുകള്‍ വാങ്ങിയത്. തുടര്‍ന്ന് മെയ് 22 ന് ചൈനയുടെ പ്രഖ്യാപനം വന്നതോടെ ഈ രണ്ട് കമ്പനികളുടെയും ഓഹരി വില വിപണിയില്‍ വന്‍തോതില്‍ ഇടിഞ്ഞു. ഫൂട്ടൂ കമ്പനിയുടെ സ്ഥാപകനായ ലീഫ് ലിക്ക് ഒരൊറ്റ ദിവസം കൊണ്ട് 1.7 ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് ഉണ്ടായത്. കൂടാതെ കമ്പനിക്ക് 1.85 ബില്യണ്‍ യുവാന്‍ പിഴയും ലഭിച്ചു. ഓഹരി വില തകര്‍ന്നതോടെ മുന്‍കൂട്ടി ബെറ്റ് വെച്ച അജ്ഞാത വ്യാപാരികള്‍ക്ക് 100 മില്യണ്‍ ഡോളറിലധികം (ഏകദേശം 830 കോടിയിലധികം രൂപ) ലാഭമുണ്ടായി. ഈ ട്രേഡിങ്ങില്‍ മറുഭാഗത്ത് നിന്നിരുന്ന സസ്‌ക്വെഹന്ന ഗ്രൂപ്പിന് ഒരൊറ്റ ദിവസം കൊണ്ട് 70 മില്യണ്‍ ഡോളറിലധികം നഷ്ടം സംഭവിച്ചു.
സാധാരണ ഗതിയില്‍ ഇത്തരം ഉയര്‍ന്ന റിസ്‌ക് ഉള്ള ട്രേഡിങ് കൃത്യമായ ആസൂത്രണത്തോടെ ചെയ്യാന്‍ വിപണിയിലെ രഹസ്യ വിവരങ്ങള്‍ ചോര്‍ന്നതുകൊണ്ട് മാത്രമേ സാധിക്കൂ എന്ന് സസ്‌ക്വെഹന്ന ആരോപിക്കുന്നു. ചൈനീസ് റഗുലേറ്ററി ബോര്‍ഡിലെ ഉദ്യോഗസ്ഥരോ ഫൂട്ടൂ, അപ് ഫിന്‍ടെക് കമ്പനികളിലെ ജീവനക്കാരോ ആയിരിക്കാം ഈ രഹസ്യ വിവരം ചോര്‍ത്തി നല്‍കിയതെന്നാണ് സസ്‌ക്വെഹന്ന സംശയിക്കുന്നത്. തുടര്‍ന്ന് കമ്പനി മാന്‍ഹട്ടന്‍ ഫെഡറല്‍ കോടതിയില്‍ 100 അജ്ഞാത വ്യക്തികള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തു.
കോടതി ഉത്തരവിനെ തുടര്‍ന്ന് പ്രതികള്‍ വ്യാപാരത്തിനായി ഉപയോഗിച്ച ഇന്ററാക്ടീവ് ബ്രോക്കേഴ്‌സ്, ഫൂട്ടൂ, അപ് ഫിന്‍ടെക് എന്നീ പ്ലാറ്റ്ഫോമുകളിലെ അക്കൗണ്ടുകള്‍ നിലവില്‍ മരവിപ്പിച്ചിരിക്കുകയാണ്. കൂടാതെ ഈ അക്കൗണ്ടുകളുടെ ഉടമസ്ഥരുടെ യഥാര്‍ത്ഥ വിവരങ്ങള്‍ വിട്ടുനല്‍കാന്‍ കോടതി ബ്രോക്കറേജ് സ്ഥാപനങ്ങള്‍ക്ക് സബ്പോണ ഉത്തരവ് അയക്കുകയും ചെയ്തു.
ആഗോളതലത്തില്‍ ഓഹരി, ബോണ്ട്, ഫോറെക്‌സ് വിപണികളിലായി 893 ബില്യണ്‍ ഡോളറിലധികം നിക്ഷേപമുള്ള ഭീമന്‍ കമ്പനിയാണ് സസ്‌ക്വെഹന്ന. ഇതിന്റെ സഹസ്ഥാപകനായ ജെഫ് യാസ് ലോകത്തിലെ തന്നെ ഏറ്റവും വലിയ കോടീശ്വരന്മാരില്‍ ഒരാളാണ്. നിലവില്‍ യു.എസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ ഈ വ്യാപാരങ്ങളുടെ രേഖകള്‍ വിശദമായി പരിശോധിച്ച് വരികയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
