വാഷിംഗ്ടണ്‍: അമേരിക്കയില്‍ കോടീശ്വരന്മാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. പ്രമുഖ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ കാപ്‌ജെമിനിയുടെ ഏറ്റവും പുതിയ വേള്‍ഡ് വെല്‍ത്ത് റിപ്പോര്‍ട്ട് 2026 ലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം 7,36,000 പുതിയ മില്യണയര്‍മാരാണ് യുഎസില്‍ ഉണ്ടായത്. ഇതോടെ രാജ്യത്തെ ആകെ കോടീശ്വരന്മാരുടെ എണ്ണം റെക്കോര്‍ഡ് നിരക്കായ 87 ലക്ഷത്തില്‍ എത്തി. കാപ്‌ജെമിനി കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി സമ്പത്ത് ഘടന നിരീക്ഷിക്കാന്‍ തുടങ്ങിയ ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
ഒരു വ്യക്തിയുടെ വീട്, ശേഖരങ്ങള്‍, ഉപഭോഗവസ്തുക്കള്‍ എന്നിവ ഒഴിവാക്കി, നിക്ഷേപിക്കാന്‍ സാധിക്കുന്ന ആസ്തികള്‍ മാത്രം കണക്കാക്കിയാണ് ഈ റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. അമേരിക്കന്‍ വിപണിയിലെ ഓഹരികളുടെ കുതിപ്പാണ് പുതിയ കോടീശ്വരന്മാരെ സൃഷ്ടിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത്. കഴിഞ്ഞ വര്‍ഷം എസ് ആന്‍ഡ് പി 500 ഇന്‍ഡക്‌സ് 18 ശതമാനവും, സാങ്കേതിക കമ്പനികള്‍ക്ക് മുന്‍തൂക്കമുള്ള നാസ്ഡാക് ഇന്‍ഡക്‌സ് 21 ശതമാനവും വളര്‍ച്ച കൈവരിച്ചു. ഇതോടൊപ്പം ധനികരായ അമേരിക്കക്കാര്‍ തങ്ങളുടെ നിക്ഷേപ പോര്‍ട്ട്ഫോളിയോയിലെ ഓഹരി പങ്കാളിത്തം 22 ശതമാനത്തില്‍ നിന്ന് 27 ശതമാനമായി ഉയര്‍ത്തിയതും അവരുടെ സമ്പത്ത് വര്‍ദ്ധിക്കാന്‍ കാരണമായി.
ആരാണ് ഈ അമേരിക്കന്‍ മില്യണയര്‍മാര്‍?
സാമ്പത്തിക സേവന ഗ്രൂപ്പായ എംപവര്‍ നടത്തിയ പഠനങ്ങള്‍ അനുസരിച്ച്, പുതുതായി കോടീശ്വരന്മാരാകുന്നവരില്‍ ഭൂരിഭാഗവും 50 ഉം 60 വയസുള്ള ജെന്‍ എക്‌സ്, ബേബി ബൂമര്‍ തലമുറകളില്‍ പെട്ടവരാണ്. ഇവരുടെ സമ്പത്തിന്റെ വലിയൊരു പങ്ക് വിരമിക്കല്‍ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. 60 വയസ് പിന്നിട്ടവരുടെ ശരാശരി വിരമിക്കല്‍ ആസ്തി 1.2 മില്യണ്‍ ഡോളറാണ്. കൂടാതെ ഇവരില്‍ 95 ശതമാനം ആളുകളും സ്വന്തമായി വീടുള്ളവരാണ്. ഫെഡറല്‍ റിസര്‍വ് സര്‍വേ ഓഫ് കണ്‍സ്യൂമര്‍ ഫിനാന്‍സസ് നല്‍കുന്ന വിവരങ്ങള്‍ പ്രകാരം യുഎസില്‍ വീടുള്ളവരുടെ ശരാശരി ആസ്തി 15 ലക്ഷം ഡോളര്‍ ആയിരിക്കുമ്പോള്‍, വാടകയ്ക്ക് താമസിക്കുന്നവരുടേത് വെറും 1,54,000 ഡോളര്‍ മാത്രമാണ്.
വര്‍ധിച്ചുവരുന്ന സാമ്പത്തിക അസമത്വം
രാജ്യത്ത് മില്യണയര്‍മാരുടെ എണ്ണം കൂടുമ്പോഴും, സാധാരണക്കാരായ ജനങ്ങള്‍ ദൈനംദിന ജീവിതച്ചെലവുകള്‍ കണ്ടെത്താന്‍ പാടുപെടുകയാണെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഉയര്‍ന്ന വരുമാനമുള്ളവര്‍ ഓഹരി വിപണിയിലെ നേട്ടങ്ങളില്‍ സന്തോഷിക്കുമ്പോള്‍, കുറഞ്ഞ വരുമാനമുള്ള (പ്രതിവര്‍ഷം 50,000 ഡോളറില്‍ താഴെ വരുമാനമുള്ള) കുടുംബങ്ങള്‍ ഇന്ധനവില വര്‍ദ്ധനവിലും പണപ്പെരുപ്പത്തിലും ആശങ്കാകുലരാണ്. അമേരിക്കയിലെ പകുതിയോളം ജനങ്ങള്‍ക്ക് വിരമിക്കല്‍ കാലത്തേക്കുള്ള സാമ്പത്തിക പദ്ധതികളുടെ സുരക്ഷ ലഭ്യമല്ല. അതിനാല്‍ തന്നെ ഇന്‍വെസ്റ്റ്‌മെന്റ് മാര്‍ക്കറ്റിലെ ലാഭം ഇവരെ ഒട്ടും ബാധിക്കുന്നതുമില്ല.
പഴയ കാലങ്ങളില്‍ ഒരു മില്യണ്‍ (പത്തു ലക്ഷം) ഡോളര്‍ ആസ്തി എന്നത് വലിയൊരു സമ്പന്നതയുടെ അടയാളമായിരുന്നെങ്കില്‍ ഇന്ന് കാലം മാറി. തങ്ങള്‍ സാമ്പത്തികമായി വിജയിച്ചു എന്ന് സ്വയം കരുതണമെങ്കില്‍ ഇന്ന് ഒരാള്‍ക്ക് ശരാശരി 5.3 മില്യണ്‍ ഡോളറെങ്കിലും സമ്പാദ്യം ഉണ്ടായിരിക്കണം എന്നാണ് ഭൂരിഭാഗം അമേരിക്കക്കാരും വിശ്വസിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
