വാഷിംഗ്ടണ്‍: ഗര്‍ഭച്ഛിദ്ര മരുന്നായ മിഫെപ്രിസ്റ്റോണിന്റെ സുരക്ഷ സംബന്ധിച്ച സമഗ്ര പഠനത്തിന് കൃത്യമായ സമയപരിധിയും മാനദണ്ഡങ്ങളും നിശ്ചയിക്കാന്‍ മുന്‍ എഫ്ഡിഎ കമ്മീഷണര്‍ നോമിനി ഡോ. ഹെയ്ഡി ഓവര്‍ട്ടണ്‍ ഉറപ്പുനല്‍കിയിരുന്നതായി റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജോഷ് ഹോളിയുടെ ഓഫീസ് വ്യക്തമാക്കി. സെനറ്റ് ഹെല്‍ത്ത് കമ്മിറ്റി അംഗമായ ഹോളി മാസങ്ങളായി ഇക്കാര്യത്തില്‍ ഫെഡറല്‍ ആരോഗ്യ ഉദ്യോഗസ്ഥര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തി വരികയായിരുന്നു.
ബൈഡന്‍ ഭരണകൂടം നീക്കം ചെയ്ത കര്‍ശന നിയന്ത്രണങ്ങള്‍ പുനസ്ഥാപിക്കുന്നതിനും കൃത്യമായ സുരക്ഷാ പഠനം ഉറപ്പാക്കുന്നതിനും ഈ തീരുമാനം നിര്‍ണ്ണായകമാകുമെന്ന് ജോഷ് ഹോളി പ്രതികരിച്ചു. എഫ്ഡിഎ ഈ വാഗ്ദാനങ്ങള്‍ പാലിക്കണമെന്നും, ഭാവിയില്‍ കമ്മീഷണര്‍ സ്ഥാനത്തേക്ക് വരുന്ന ഏതൊരാളും ഈ പഠനം പൂര്‍ത്തിയാക്കാന്‍ പ്രതിജ്ഞാബദ്ധരായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2027 മാര്‍ച്ചോടെ മിഫെപ്രിസ്റ്റോണ്‍ സുരക്ഷാ പഠനം പൂര്‍ത്തിയാക്കാനും, കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ 2027 സെപ്റ്റംബറിന് മുമ്പായി പുതിയ നിയന്ത്രണങ്ങള്‍ നടപ്പിലാക്കാനുമായിരുന്നു ട്രംപ് ഭരണകൂടത്തിന്റെയും എഫ്ഡിഎയുടെയും ധാരണ. ബ്രാന്‍ഡഡ് മരുന്നുകള്‍ക്കും ജനറിക് മരുന്നുകള്‍ക്കും ഒരുപോലെ ഈ സുരക്ഷാ മാനദണ്ഡങ്ങള്‍ ബാധകമാകുമായിരുന്നു. എന്നാല്‍, സെനറ്റ് കമ്മിറ്റി വോട്ടെടുപ്പിന് തൊട്ടുമുമ്പ് വൈറ്റ് ഹൗസ് ഡോ. ഹെയ്ഡി ഓവര്‍ട്ടണിന്റെ നാമനിര്‍ദ്ദേശം അപ്രതീക്ഷിതമായി പിന്‍വലിച്ചിരുന്നു.
2023-ല്‍ ബൈഡന്‍ ഭരണകൂടം നേരിട്ടുള്ള ഡോക്ടര്‍ പരിശോധനയും മരുന്ന് വിതരണവും ഒഴിവാക്കിയത് മുതല്‍ മിഫെപ്രിസ്റ്റോണിന്റെ സുരക്ഷ വലിയ രാഷ്ട്രീയ-നിയമ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ബൈഡന്‍ ഭരണകൂടം നിയന്ത്രണങ്ങള്‍ നീക്കുന്നതിന് മുമ്പും ശേഷവുമുള്ള ആരോഗ്യ ഡാറ്റകള്‍ താരതമ്യം ചെയ്തായിരിക്കും പുതിയ പഠനം നടത്തുക. മരുന്ന് സ്ത്രീകള്‍ക്കും ഗര്‍ഭസ്ഥ ശിശുവിനും അപകടകരമാണെന്ന് ആരോപിച്ച് മിഫെപ്രിസ്റ്റോണ്‍ പൂര്‍ണ്ണമായും നിരോധിക്കണമെന്ന ആവശ്യവും സെനറ്റര്‍ ജോഷ് ഹോളി നേരത്തെ ഉന്നയിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
