രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ തുടക്കം: വെസ്റ്റ് നൈല്‍ വൈറസ് വ്യാപനം തീവ്രമാകുന്നു; യു.എസില്‍ ജാഗ്രതാ നിര്‍ദ്ദേശം

JULY 1, 2026, 8:07 PM

വാഷിംഗ്ടണ്‍: കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും ശക്തവും നേരത്തെയുള്ളതുമായ വെസ്റ്റ് നൈല്‍ വൈറസ് വ്യാപനത്തിനാണ് അമേരിക്ക ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. രോഗ വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ കൊതുക് നശീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്നും പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ജൂണ്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 48 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഇതില്‍ 38 കേസുകളും അതീവ ഗുരുതരമാണെന്നും സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സി.ഡി.സി) വ്യക്തമാക്കി. 2004 ന് ശേഷം ജൂണ്‍ മാസ അവസാനത്തോടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ശരാശരി കേസുകളുടെ എണ്ണം പത്തോളം മാത്രമായിരുന്ന സ്ഥാനത്താണ് ഈ വര്‍ഷം ഇത്രയും വലിയ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്.

നിലവില്‍ രാജ്യത്തെ 23 സംസ്ഥാനങ്ങളില്‍ വെസ്റ്റ് നൈല്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇത് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണെന്ന് ഫെഡറല്‍ ആരോഗ്യ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. കൊതുക് ശല്യം വളരെ നേരത്തെ തന്നെ രൂക്ഷമായ സാഹചര്യത്തില്‍, സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്കായി ഒത്തുചേരുന്ന കുടുംബങ്ങള്‍ ഔട്ട്ഡോര്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ കൊതുക് കടിയില്‍ നിന്ന് സ്വയം പരിരക്ഷിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്ന് സി.ഡി.സിയിലെ പകര്‍ച്ചവ്യാധി വിദഗ്ദ്ധ ഡോ. എറിന്‍ സ്റ്റേപ്പിള്‍സ് ഓര്‍മ്മിപ്പിച്ചു.

ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം

രോഗബാധിതരില്‍ ഭൂരിഭാഗവും അരിസോണ സംസ്ഥാനത്താണ് ഉള്ളത്. ഇവിടെ റിപ്പോര്‍ട്ട് ചെയ്ത 32 കേസുകളില്‍ 29 എണ്ണവും ഫീനിക്‌സ് ഉള്‍പ്പെടുന്ന മാരികോപ്പ കൗണ്ടിയിലാണ്. ഈ വര്‍ഷം മാത്രം കൗണ്ടിയില്‍ വൈറസ് ബാധയെത്തുടര്‍ന്ന് നാല് മരണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഡി.ഇ.ഇ.ടി അടങ്ങിയ കൊതുക് നിവാരണ ലേപനങ്ങള്‍ ഉപയോഗിക്കുക, ജനാലകളിലെ തകരാറിലായ നെറ്റുകള്‍ നന്നാക്കുക, കൊതുകുകള്‍ മുട്ടയിട്ട് പെരുകാന്‍ സാധ്യതയുള്ള കെട്ടിക്കിടക്കുന്ന വെള്ളം പൂര്‍ണ്ണമായും ഒഴിവാക്കുക എന്നിവയാണ് കൗണ്ടി ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുന്നത്.

ചെടികള്‍ നനയ്ക്കുമ്പോഴോ മഴ പെയ്യുമ്പോഴോ വീണു കിടക്കുന്ന ഒരു ചെറിയ കുപ്പി അടപ്പില്‍ പോലും കൊതുകുകള്‍ക്ക് വളരാന്‍ ആവശ്യമായ വെള്ളം ഉണ്ടാകാമെന്ന് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു. പുറത്തിറങ്ങുമ്പോള്‍ കൊതുക് കടിയേല്‍ക്കാത്ത വിധം ശരീരം മുഴുവന്‍ മൂടുന്ന അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കാനും, കൊതുകുകള്‍ ഏറ്റവും കൂടുതല്‍ സജീവമാകുന്ന സന്ധ്യാസമയത്തും പുലര്‍ച്ചെയും പുറം ജോലികള്‍ പരമാവധി ഒഴിവാക്കാനും സി.ഡി.സി നിര്‍ദ്ദേശിക്കുന്നുണ്ട്.

1999 ല്‍ ന്യൂയോര്‍ക്കിലാണ് ആദ്യമായി വെസ്റ്റ് നൈല്‍ വൈറസ് റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് ഇത് രാജ്യ വ്യാപകമായി പടരുകയും 2003 ല്‍ പതിനായിരത്തോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് കൊടുമുടിയിലെത്തുകയും ചെയ്തു. കഴിഞ്ഞ ഒരു പതിറ്റാണ്ടായി പ്രതിവര്‍ഷം ശരാശരി 2,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടാറുള്ളത്. ഇതില്‍ 1200 ഓളം കേസുകള്‍ നാഡീ വ്യൂഹത്തെ ബാധിക്കുന്ന അതീവ ഗുരുതരമായ അവസ്ഥയിലേക്ക് മാറാറുണ്ട്. ഏകദേശം 100 ഓളം മരണങ്ങളും ഇതിലൂടെ സംഭവിക്കാറുണ്ട്.

പലര്‍ക്കും ഈ വൈറസ് ബാധിച്ചാലും രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാറില്ലാത്തതിനാല്‍ ലക്ഷക്കണക്കിന് ആളുകള്‍ തങ്ങള്‍ക്ക് രോഗം ബാധിച്ച വിവരം അറിയാറില്ല എന്നതാണ് യാഥാര്‍ത്ഥ്യം. സാധാരണയായി തലവേദന, ശരീര വേദന, സന്ധി വേദന, ഛര്‍ദ്ദി, വയറിളക്കം, ചര്‍മ്മത്തിലെ തിണര്‍പ്പുകള്‍ എന്നിവയാണ് ഇതിന്റെ നേരിയ ലക്ഷണങ്ങള്‍. എന്നാല്‍ ഗുരുതരമായ കേസുകളില്‍ ഇത് കേന്ദ്ര നാഡീ വ്യൂഹത്തെ ബാധിക്കുകയും മസ്തിഷ്‌കത്തിലോ സുഷുമ്‌നാ നാഡിയിലോ മാരകമായ വീക്കത്തിന് കാരണമാകുകയും ചെയ്യും. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും മറ്റ് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളോ രോഗ പ്രതിരോധ ശേഷി കുറഞ്ഞവരോ ആയ ആളുകള്‍ക്കുമാണ് രോഗബാധയിലൂടെ കൂടുതല്‍ സങ്കീര്‍ണ്ണതകള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളത്.

English Summary

An unprecedented surge in West Nile virus cases has prompted health officials to issue urgent warnings as the United States faces its earliest and most severe outbreak in over two decades. The Centers for Disease Control and Prevention (CDC) has confirmed at least 48 cases—nearly four times the historic June average—across 23 states, with the majority of severe infections and four deaths concentrated in Maricopa County, Arizona. To combat the spread, authorities are urging the public to eliminate standing water sources, use DEET-based insect repellents, and wear protective clothing during peak mosquito activity at dawn and dusk. While most infected individuals experience mild symptoms or remain asymptomatic, the virus poses a fatal risk of central nervous system inflammation, particularly for adults over 60 and those with weakened immune systems.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam