ധാക്ക: ഭരണകക്ഷിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ (ബിഎന്‍പി) മുതിര്‍ന്ന നേതാവും മുന്‍ ഗ്രാമവികസന, സഹകരണ വകുപ്പ് മന്ത്രിയുമായ മിര്‍സ ഫക്രുല്‍ ഇസ്ലാം ആലംഗീര്‍ (78) ബംഗ്ലാദേശിന്റെ 23-ാമത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ജമാഅത്തെ ഇസ്ലാമി നയിക്കുന്ന പ്രതിപക്ഷ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായ റിട്ടയേര്‍ഡ് കേണല്‍ ഒലി അഹ്മദിനെ പരാജയപ്പെടുത്തിയാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്.
പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ ആലംഗീറിന് 255 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എതിര്‍സ്ഥാനാര്‍ത്ഥി ഒലി അഹ്മദിന് 88 വോട്ടുകളാണ് ലഭിച്ചത്. കഴിഞ്ഞ 35 വര്‍ഷത്തിനിടെ (1991 ന് ശേഷം) ബംഗ്ലാദേശില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ഒന്നില്‍ക്കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച ആദ്യ തിരഞ്ഞെടുപ്പാണിത്. വെള്ളിയാഴ്ച വൈകുന്നേരം അദ്ദേഹം ബംഗ്ലാദേശിന്റെ രാഷ്ട്രത്തലവനായും സായുധ സേനയുടെ സര്‍വ്വസൈന്യാധിപനായും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. മുന്‍ പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് കഴിഞ്ഞ മാസം രാജിവച്ചതിനെ തുടര്‍ന്നാണ് പുതിയ പ്രസിഡന്റിനെ കണ്ടെത്താന്‍ തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. പാര്‍ലമെന്റ് അംഗങ്ങളാണ് ബംഗ്ലാദേശില്‍ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്.
1960 കളില്‍ ഈസ്റ്റ് പാക്കിസ്ഥാന്‍ സ്റ്റുഡന്റ്‌സ് യൂണിയനിലൂടെ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളില്‍ സജീവമായ മിര്‍സ ആലംഗീര്‍, 1966 ലെ സര്‍ക്കാരവിരുദ്ധ സമരകാലത്ത് ധാക്ക യൂണിവേഴ്‌സിറ്റി പ്രസിഡന്റായിരുന്നു. 1971 ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിലും പങ്കെടുത്ത അദ്ദേഹം സ്വാതന്ത്ര്യത്തിന് ശേഷം അധ്യാപകനായി ജോലി ചെയ്തു. 1986 ല്‍ ജോലി രാജിവച്ചാണ് സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തിയത്. തുടര്‍ന്ന് സ്വന്തം നാടായ താക്കൂര്‍ഗാവില്‍ മുന്‍സിപ്പല്‍ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു.
1990 കളില്‍ ഹുസൈന്‍ മുഹമ്മദ് ഇര്‍ഷാദിനെതിരായ പ്രക്ഷോഭ കാലത്താണ് ഖാലിദ സിയയുടെ നേതൃത്വത്തിലുള്ള ബിഎന്‍പിയില്‍ ചേരുന്നത്. 2001 ല്‍ എംപിയായ അദ്ദേഹം, 2011 മുതല്‍ പാര്‍ട്ടിയുടെ ആക്ടിംഗ് സെക്രട്ടറി ജനറലായും 2016 മുതല്‍ സ്ഥിരം സെക്രട്ടറി ജനറലായും പ്രവര്‍ത്തിച്ചു. ദീര്‍ഘകാലം പ്രതിപക്ഷ ശബ്ദമായി നിലകൊണ്ട സൗമ്യനും മിതവാദിയുമായ ആലംഗീര്‍, താരിഖ് റഹ്മാന്‍ സര്‍ക്കാരിലെ മന്ത്രിസ്ഥാനം രാജിവച്ചാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
